തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് സാക്ഷ്യം വഹിച്ച ആ അപൂർവ്വ വിവാഹത്തിന് ഇന്ന് രണ്ട് വയസു പൂർത്തിയാകുകയാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും പി എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനാണ് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നത്. വിവാഹം രണ്ട് വർഷം പൂർത്തിയാകുമ്പോൾ സ്വപ്‌ന സുരേഷ് പുറത്തുവിട്ട വിവാദങ്ങൾക്ക് നടുവിലാണ് മുഖ്യമന്ത്രിയും കുടുംബവും.

വീണ വിജയനെതിരെ വരെ സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. വീണയുടെ ഉടമസ്ഥതയിലുള്ള ഐ ടി സ്ഥാപനവും കുറച്ചുകാലമായി വിവാദത്തിന്റെ കേന്ദ്രമാണ്. ഇത്തരം വിവാദങ്ങൾക്ക് നടുക്കാണ് ഇരുവരും വിവാഹവാർഷികം ആഘോഷിക്കുന്നത്. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ഇപ്പോഴത്തെ വിവാദങ്ങൾ പരോക്ഷമായി പരാമർശിച്ചു കൊണ്ടാണ് മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

ഇന്ന് വിവാഹ വാർഷികം...നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ.

ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. മന്ത്രിമാർ അടക്കമുള്ളവരാണ് ദമ്പതികൾക്ക് ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനും ഒരുമിച്ചു ക്ലഫ്ഹൗസിൽ ഇരുന്ന് സംസാരിച്ചു ചില കാര്യങ്ങൾ തീർപ്പാക്കിയെന്ന് ഇന്നലെ സ്വപ്‌ന പറഞ്ഞിരുന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരിക്കവേയാണ് മുഹമ്മദ് റിയാസ് വീണയെ വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ തുടർഭരണം കിട്ടിയപ്പോൾ റിയാസ് മന്ത്രിയുമായി. സീനിയർനേതാക്കളെ അടക്കം മറികടന്നാണ് മുഹമ്മദ് റിയാസ് മന്ത്രിയായതും. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമായിരുന്നു. പിണറായിയുടെയും കമലയുടെയും മകളാണു വീണ. ഐടി ബിരുദധാരിയായ വീണ ആറു വർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്‌സോഫ്റ്റ് ഇന്റർനാഷനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. 2014 മുതൽ ബെംഗളൂരുവിൽ എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനറെ എംഡിയാണ്. അബുദാബിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന വിവേക് കിരൺ സഹോദരൻ.

മുൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പി.എം. അബ്ദുൽ ഖാദറിന്റെയും അയിഷാബിയുടെയും മകനായ റിയാസ് കോഴിക്കോട് കോട്ടൂളി സ്വദേശിയാണ്. എസ്എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും വളർന്നു സിപിഎം യുവനേതൃനിരയിൽ ശ്രദ്ധേയനായി മാറിയ റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2017ൽ അഖിലേന്ത്യാ അധ്യക്ഷനായി. 2009ൽ കോഴിക്കോട് ലോക്‌സഭാ സീറ്റിൽ മത്സരിച്ച് എം.കെ.രാഘവനോട് 838 വോട്ടിനു പരാജയപ്പെട്ടു. കഴിഞ്ഞതവണ ബേപ്പൂർ മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചു കയറിയത്.