- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ത്യയുടെ തൊപ്പിയണിയുന്നവന്റെ മനസിൽ ഇന്ത്യ എന്ന ഒരു ചിന്ത മാത്രം; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി വിരേന്ദർ സെവാഗ്; ഷമി ജേതാവാണെന്നും താരം; ഒരു തോൽവി കാരണം പാക്കിസ്ഥാനിലേക്ക് പോകാൻ പറയുന്നത് ശരിയല്ലെന്നു ഇർഫാൻ പത്താൻ
ദുബായ്: പാക്കിസ്ഥാനെതിരെയുള്ള ട്വന്റി 20 ലോകകപ്പ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി നിരവധിപ്പേർ രംഗത്ത്. ഷമ്മിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾ ഞെട്ടിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് ട്വിറ്ററിൽ കുറിച്ചു. വ്യക്തിത്വമില്ലാത്തവരാണ് ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നതെന്നായിരുന്നു മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.
ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഷമിക്കെതിരെയുണ്ടായത്. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിരേന്ദർ സെവാഗും ആകാശ് ചോപ്രയും രംഗത്തുവന്നത്. 'ഷമ്മിക്കെതിരായ സൈബർ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ തൊപ്പിയണിയുന്നവൻ ആരായാലും അവരുടെ മനസിൽ ഇന്ത്യ എന്നൊരു ചിന്ത മാത്രമേ ഉണ്ടാവൂ. ഇത് സൈബറിടത്തെ ആക്രമണവാസനയുള്ള ജനക്കൂട്ടത്തേക്കാൾ മുകളിലാണ്. അദ്ദേഹം ഒരു ജേതാവാണ്. ഷമ്മിയുടെ ഒപ്പം' - വിരേന്ദർ സെവാഗിന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ.
'മുൻപ് കോലം കത്തിച്ചവരും കളിക്കാരുടെ വീടുകളിലേക്ക് കല്ലെറിഞ്ഞവരുമാണ് പുതിയ രൂപത്തിൽ. മുഖമില്ലാത്ത ഓൺലൈൻ പ്രൊഫൈലിൽ നിന്നാണ് സൈബർ ആക്രമണം. പ്രൊഫൽ ചിത്രം ഇടാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇതിന് മുതിരുന്നതെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
നേരത്തെ ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തുവന്നിരുന്നു.ഷമിക്ക് പിന്തുണ നൽകേണ്ടത് ഇന്ത്യൻ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'പാക്കിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിലെ ഒരു താരമാണ് ഷമി. അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളിൽ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നിൽക്കേണ്ടതുണ്ട്.' ഒമർ അബ്ദുള്ള കുറിച്ചിട്ടു.
ഇർഫാൻ പത്താനും ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി.ഒരു തോൽവി കാരണം രാജ്യം തന്നെ വിടാൻ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനെതിരെ 3.5 ഓവർ എറിഞ്ഞ ഷമി 43 റൺസാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറിൽ 26 മാത്രമാണ് ഷമി നൽകിയിരുന്നത്. എന്നാൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങി. പാക്കിസ്ഥാൻ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയിൽ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
സ്പോർട്സ് ഡെസ്ക്