- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്ച്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി നാട്ടുകാർ; തിരോധാനത്തിൽ ദൂരൂഹത ഉറപ്പിച്ച് പൊലീസ്; അന്വേഷണം പുരോഗമിക്കുന്നത് വീടിന് സമീപം കണ്ട വാഹനത്തിൽ കേന്ദ്രീകരിച്ച്
മലപ്പുറം: ഊർങ്ങാട്ടിരി വെറ്റിലപ്പാറയിൽ നിന്നും കാണാതായ മുഹമ്മദ് സൗഹാന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി നാട്ടുകാർ. തിരോധാനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ തിരച്ചിൽ ഉപേക്ഷിച്ചത്. അതേസമയം പൊലീസ് തിരോധാനത്തിൽ ദൂരൂഹത ഉറപ്പിച്ചു.
കുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.കുട്ടിയെ കാണാതായ ദിവസം വീടിന് പരിസരത്ത് നിർത്തിയിടുകയും രാത്രിയിൽ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുൻപോട്ട് പോവുന്നത്.ഡോഗ് സ്ക്വാഡും തിരച്ചിലിനെത്തി, എന്നാൽ ഫലമുണ്ടായില്ല. നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി ഒരാഴ്ച തിരച്ചിൽ നടത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ ഏഴ് ദിവസം സൗഹാന് വേണ്ടി വീടിന്റെ പരിസരത്തും വീടിനോട് ചേർന്ന വനപ്രദേശത്തും നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് ഏവരും ആദ്യം കരുതിയത്. എന്നാൽ വനത്തിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തിൽ ദുരൂഹത ഉറപ്പിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേർന്ന വനത്തിന് സമീപത്ത് വെച്ച് കുട്ടിയെ നാട്ടുകാരിലൊരാൾ കണ്ടിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ