ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ എത്രയുംവേഗം ജയിൽ മോചിതനാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കുന്നതിന് ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും കോടതി പിരിച്ചു വിട്ടു.

സുബൈറിനെതിരായ ഉത്തർപ്രദേശിലെ ആറ് കേസുകൾ ഉൾപ്പെടെ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ സീതാപുർ, ഡൽഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളായതിനാലാണ് ഇപ്പോൾ അഞ്ച് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള കേസുകളിൽ ദീർഘകാലം കസ്റ്റഡിയിൽ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും കോടതി ചോദ്യംചെയ്തു.

യുപിയിൽ ആറ് കേസുകളിൽ എഫ്ഐആർ ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്ഐആർ ഇട്ട ശേഷം ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇനി ട്വീറ്റുകൾ ചെയ്യരുതെന്ന നിർദ്ദേശം സുബൈറിന് നൽകണമെന്ന് യുപി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാനും കോടതി തയ്യാറായില്ല.

ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്. മുഹമ്മദ് സുബൈറിന് എതിരെ കൂടുതൽ നടപടി എടുക്കുന്നതിൽനിന്ന് ഉത്തർപ്രദേശ് പൊലീസിനെ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതൽ നടപടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

ട്വീറ്റുകൾ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരു കേസിൽ ജാമ്യം ലഭിക്കുമ്പോൾ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്യുകയാണ്. ഈ ദുഷിച്ച പ്രവണത തുടരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മുൻപ് കേസ് പരിഗണിച്ചപ്പോൾ അഭിപ്രായപ്പെട്ടിരുന്നു.

2018ലെ ട്വീറ്റിന്റെ പേരിലാണ് സുബൈറിനെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വർഷം മുൻപുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂൺ 27ന് അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു.