ന്യൂഡൽഹി : ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരെ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഐടി പ്രൊഫഷണലുകളായിരുന്ന മുഹമദ് സുബൈറും പ്രതീക് സിൻഹയുമാണ് 2017ൽ ആൾട്ട്ന്യൂസിന് തുടക്കമിട്ടത്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൾട്ട്ന്യൂസിന് ട്വിറ്ററിൽ അരക്കോടിയോളം ഫോളോവേഴ്സുണ്ട്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ഗുജറാത്തി ട്വിറ്റർ അക്കൗണ്ടുകളും ആൾട്ട്ന്യൂസിനുണ്ട്. ആൾട്ട്ന്യൂസ് സ്ഥാപകരായ സുബൈറിനും പ്രതീകിനും ഇസ്ലാമിസ്റ്റ്, ജിഹാദി, മാവോയിസ്റ്റ്, കമ്യൂണിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ ചാർത്തിയിട്ടുള്ളത്. സംഘപരിവാറിന്റെ തുടർച്ചയായ സൈബർ ആക്രമണങ്ങൾക്ക് വിധേയരാണ് ഇരുവരും.

ടൈംസ്നൗ ചാനലിലൂടെ ബിജെപി ദേശീയവക്താവ് നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നതും ആൾട്ട്ന്യൂസാണ്. നൂപുർ ശർമയുടെ പരാമർശങ്ങൾ സുബൈർ ട്വിറ്ററിൽ പങ്കുവച്ചു. ഇതോടെ അന്തർദേശീയതലത്തിൽത്തന്നെ വിഷയം വിവാദമായി. നൂപുർ ശർമയെ ബിജെപിക്ക് താൽക്കാലികമായെങ്കിലും തള്ളിപ്പറയേണ്ടി വന്നു. ഇത് സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകരെ വല്ലാതെ ചൊടിപ്പിച്ചു. ഇതോടെ സുബൈറിന്റെ രക്തത്തിനായുള്ള മുറവിളിയായി. സുബൈറിന്റെ 2018ലെ ഒരു ട്വീറ്റ് 'ഹനുമാൻഭക്ത്' എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.

ഡൽഹി പൊലീസിനെയും മറ്റും ടാഗ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. 1983ൽ പുറത്തിറങ്ങിയ 'കിസി സെ നാ കഹ്നെ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗമായിരുന്നു സുബൈർ ട്വിറ്ററിൽ പങ്കുവച്ചത്. ഒരു ഹോട്ടലിന്റെ 'ഹണിമൂൺ' എന്ന പേര് 'ഹനുമാൻ' എന്ന് തിരുത്തിയതാണ് ചിത്രത്തിലുള്ളത്. 2014നുശേഷം സംഭവിച്ചതെന്ന അടിക്കുറിപ്പോടെയായിരുന്നു സുബൈറിന്റെ ട്വിറ്റർ പോസ്റ്റ്.

'ഹനുമാൻഭക്തി'ന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് വളരെ വേഗത്തിൽ ട്രെൻഡായി മാറി. 'അറസ്റ്റ് മുഹമദ്സുബൈ' എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പ്രചരിക്കപ്പെട്ടത്. ഷെഫാലി വൈദ്യ, സ്വരാജ്യ കോളമിസ്റ്റ് അഭിജിത്ത് അയ്യർ മിത്ര, അരുൺ പുദൂർ തുടങ്ങി സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകർ കൂട്ടത്തോടെ സുബൈറിന്റെ അറസ്റ്റിനായി മുറവിളി ഉയർത്തി. അമിത് ഷായെയും ആഭ്യന്തര മന്ത്രാലയത്തെയും ഡൽഹി പൊലീസിനെയുമെല്ലാം ടാഗ് ചെയ്തായിരുന്നു ഇവരുടെ ട്വീറ്റുകളും റീട്വീറ്റുകളും. സ്വരാജ്യ, ഓപ്ഇന്ത്യ തുടങ്ങിയ പരിവാർ ഓൺലൈൻ മാധ്യമങ്ങളും സുബൈറിനെതിരായി രംഗത്തുവന്നു.

ജൂൺ 19നായിരുന്നു സുബൈറിനെതിരായ 'ഹനുമാൻഭക്തി'ന്റെ ട്വിറ്റർ പോസ്റ്റ്. ജൂൺ 20നുതന്നെ ഡൽഹി പൊലീസ് സുബൈറിനെ കസ്റ്റഡിയിലെടുത്തു. മതവികാരം വ്രണപ്പെടുത്തി, കലാപത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആദ്യം ചുമത്തിയത്. പിന്നീട് ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി വിദേശഫണ്ട് സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുകയുണ്ടായി.