ദുബായ്: സൗദി അറേബ്യയെ വെല്ലുവിളിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചുട്ടമറുപടിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. യു.എസിന്റെ സഹായമില്ലെങ്കിൽ സൗദി രാജാവ് രണ്ടാഴ്ചയിൽ കൂടുതൽ ഭരണത്തിലുണ്ടാവില്ലെന്ന് പറഞ്ഞ ട്രംപിനോട് അമേരിക്കയ്ക്കും മുമ്പുണ്ടായതാണ് സൗദി അറേബ്യ എന്നാണ് സൽമാൻ രാജകുമാരൻ പ്രതികരിച്ചത്. മധ്യപൂർവ്വേഷ്യയിൽ തങ്ങളുടെ രാജ്യത്തിന്റെ താൽപര്യം സംരക്ഷിക്കാൻ അമേരിക്കയുടെ പിൻബലം ആവശ്യമില്ലെന്നും സൗദി രാജകുമാരൻ പറഞ്ഞു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് ട്രംപിനെതിരെ ആഞ്ഞടിച്ചത്.

യു.എസ്. ഉണ്ടാവുന്നതിനും 30 വർഷങ്ങൾക്ക് മുന്നേ ഉണ്ടായ രാജ്യമാണ് സൗദി അറേബ്യ. 1744-ലാണ് സൗദി അറേബ്യ രൂപവത്കരിക്കപ്പെട്ടത്. ഇന്നും ആ രാജ്യം നിലവിലുണ്ടെന്ന് ഓർക്കണം. ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് തന്നെ മധ്യപൂർവ്വേഷ്യയിൽ യുഎസ് സൗദി താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒബാമ പ്രസിന്റായിരുന്ന എട്ടുവർഷം സൗദിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ധ്യപൂർവേഷ്യയിൽ യു.എസ്. ചില നയങ്ങൾ നടപ്പിലാക്കി എങ്കിലും സൗദിയെ സംരക്ഷിക്കാൻ ഞങ്ങൾക്കായി.

അതിന്റെ ഫലങ്ങളാണ് ഞങ്ങൾ ഇപ്പോഴും പിന്തുടരുന്നത്. ഒബാമയുടെ കീഴിൽ യു.എസിന്റെ പല നീക്കങ്ങളും പരാജയപ്പെട്ടു. ഈജിപ്ത് അതിന് ഉദാഹരണമാണ് -മുഹമ്മദ് ബിൻ സൽമാൻ ഓർമിപ്പിച്ചു. സൗദിയുടെ താത്പര്യങ്ങൾക്ക് എതിരായി അമേരിക്ക പ്രവർത്തിച്ചാലും ഞങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്ക് കഴിയും. പണം കൊടുത്താണ് യുഎസിന്റെ സൈനിക സഹായം ഞങ്ങൾ സ്വീകരിക്കുന്നത്. അല്ലാതെ അമേരിക്കയുടെ ഔദാര്യമല്ലെന്നും സൽമാൻ രാജകുമാരൻ പറഞ്ഞു.

അമേരിക്ക തങ്ങൾക്ക് നൽകുന്ന സൈനിക സഹായങ്ങളൊന്നും സൗജന്യമല്ല. അതിനെല്ലാം ഞങ്ങൾ അവർക്ക് പണം നൽകുന്നുണ്ട്. യു.എസുമായുള്ള സൗഹൃദം തുടങ്ങിയ കാലം മുതൽ അതിന് കൃത്യമായി സൗദി പണം നൽകുന്നുമുണ്ട്. രണ്ടുവർഷം മുമ്പ് സൈനിക സഹകരണം മറ്റു രാജ്യങ്ങളുമായി ഉണ്ടാക്കാൻ സൗദി ആലോചിച്ചിരുന്നു. എന്നാൽ, ട്രംപ് വന്നതോടെ ആ നീക്കം മാറ്റി. പത്ത് വർഷത്തേക്കുകൂടി യു.എസുമായുള്ള സൈനികസഹകരണം തുടരാൻ ധാരണയായി.

ഇപ്പോഴത്തെ സൈനിക സഹകരണത്തിന്റെ അറുപത് ശതമാനവും യു.എസുമായാണെന്നും അദ്ദേഹം പറഞ്ഞു. 40,000 കോടി ഡോളറിന്റെ(ഏകദേശം 26.42 ലക്ഷം കോടി രൂപ) ഇടപാടാണിത്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആയുധനിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സൗദിയിലും യു.എസിലുമായി നടത്താമെന്നതും കരാറിലുണ്ട്. ഇത് രണ്ട് രാജ്യങ്ങൾക്കും ഗുണകരമാണ്.

ഏത് സുഹൃത്തും നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും പറയും. ആ കാര്യം നമ്മൾ അംഗീകരിക്കണം. നൂറു ശതമാനവും നല്ല കാര്യങ്ങൾ മാത്രമേ സുഹൃത്ത് പറയൂ എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റില്ല. ചില തെറ്റിദ്ധാരണകൾ ഉണ്ടായിരിക്കാം. അത് അങ്ങനെ സംഭവിച്ചതാകാമെന്നാണ് ഞങ്ങളുടെ വിശ്വാസം -താങ്കളുടെ പിതാവിനെ കുറിച്ച് ട്രംപ് പറഞ്ഞതിനെ താങ്കൾ കണക്കിലെടുക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയായി സൽമാൻ രാജകുമാരൻ പറഞ്ഞു.

എന്നാൽ, ഈ വിവാദത്തിന് അർഥം സൗദിയും യു.എസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു എന്നല്ല. ആ ബന്ധത്തിൽ 99 ശതമാനം നല്ലതും ഒരു ശതമാനം മോശം കാര്യങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് ട്രംപുമായി സഹകരിക്കുന്നതിൽ വലിയ സന്തോഷമേയുള്ളൂ. കൂട്ടായ ശ്രമത്തിലൂടെ ഗൾഫ് മേഖലയിൽ വലിയ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഭീകരവാദത്തിന് എതിരായ പ്രവർത്തനം ഇതിന് വലിയ തെളിവാണ്. -സൽമാൻ രാജകുമാരൻ പറഞ്ഞു.