ബ്യൂണസ് അയേഴ്‌സ്: ജി20 സമ്മിറ്റ് ബ്യൂണസ് അയേഴ്‌സിൽ നടക്കാനിരിക്കെ ലോകം ഉറ്റുനോക്കുന്നത് സൗദി രാജകുമാരനെതിരേ അർജന്റീനിയൻ പൊലീസ് എടുക്കുന്ന നടപടികളാണ്. ഉച്ചകോടിക്ക് എത്തുന്ന സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെതിരേ യുദ്ധക്കുറ്റം ചുമത്തി തടവിലാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യൂ) എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ്. ജി20 ഉച്ചകോടിക്ക് ഈയാഴ്ച ബ്യൂണസ് അയേഴ്‌സിലെത്തുന്ന എംബിഎസിനെ അർജന്റീനിയൻ പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.

യെമനിൽ അടുത്തകാലത്തുണ്ടായ കൂട്ടക്കുരുതിയുടേയും കഴിഞ്ഞ മാസം ഇസ്താംബൂളിൽ സൗദി വിമത മാധ്യമപ്രവർത്തകർ ജമാൽ ഖഷോഗിയും കൊല്ലപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ എംബിഎസിനെതിരേ യുദ്ധക്കുറ്റം ചുമത്തണമെന്നാണ് എച്ച്ആർഡബ്ല്യൂ ഫെഡറൽ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഹർജി സ്വീകരിച്ച ഫെഡറൽ പ്രോസിക്യൂട്ടർ റമിറോ ഗോൾസാൽസ് ഇക്കാര്യത്തിന്റെ നിയമവശങ്ങൾ പഠിക്കുകയാണ്. സൗദി രാജകുമാരനായ എംബിഎസ് രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തരത്തിൽ നിയമപരിധിയിൽ വരുമോയെന്ന കാര്യമാണ് പ്രധാനമായും ഫെഡറൽ പ്രോസിക്യൂട്ടർ അന്വേഷിക്കുന്നത്.

അർജന്റീനയുടെ നിയമസംവിധാനത്തിൽ നിന്നു കൊണ്ട് സൗദി രാജകുമാരനെതിരേ ഒരു കേസ് ചാർജ് ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഈ മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. രാജകുമാരന് യെമനിലെ യുദ്ധത്തിലും ഖഷോഗി വധത്തിലുമുള്ള പങ്ക് വ്യക്തമായാലേ ഏതെങ്കിലും തരത്തിൽ നടപടികൾക്ക് വിധേയമാകുകയുള്ളൂ. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടികൾ ഒന്നും സ്വീകരിക്കാനാവില്ലെന്നും വിലയിരുത്തുന്നു.

2015 മാർച്ച് മുതൽ യെമനിൽ സൗദിയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, മുസ്ലിം ആരാധനാലയങ്ങൾ എല്ലാം ആക്രമണത്തിൽ തകർക്കപ്പെട്ടു. ഇതെല്ലാം സൗദിയുടെ മേൽ യുദ്ധക്കുറ്റം ചുമത്തപ്പെടാവുന്നതാണെന്ന് എച്ച്ആർഡബ്ല്യൂ വ്യക്തമാക്കി. കൂടാതെ ആഹാരപദാർഥങ്ങൾക്കും ഇന്ധനത്തിനും മരുന്നുകൾക്കും ഇതുമൂലം ക്ഷാമം നേരിടുകയും ലക്ഷക്കണക്കിന് ആളുകൾ വിശന്നും അസുഖത്താലും മരിക്കാൻ ഇടയായെന്നും എച്ച്ആർഡബ്ല്യൂ ആരോപിച്ചു.

എന്നാൽ ആക്ടിവിസ്റ്റ് സംഘടനയുടെ ആവശ്യത്തി•േൽ അഭിപ്രായം പറയാൻ അർജന്റീനിയൻ പ്രസിഡന്റ് മൗറീഷ്യോ മേക്രി തയാറായില്ല. എംബിഎസ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിവാദപരമായ വസ്തുതകളൊന്നും ഇതിൽ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.