തിരുവനന്തപുരം: സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗങ്ങൾ ഇസ്ലാമിക പ്രഭാഷകരുടെ സ്ഥിരം ഹോബിയാണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. അത്രയ്ക്ക് സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ അടങ്ങിയ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നതാണ്. വർഗീയതയും സ്ത്രീവിരുദ്ദതയും സമന്വയിക്കുന്ന ഈ പ്രസംഗങ്ങൾക്ക് കേൾവിക്കാർ കുറവില്ലെന്നതും ഒരു വസ്തുതയാണ്. എന്നാൽ, സൈബർ ലോകത്ത് ഇടക്കിടെ കടുത്ത വിമർശനം ഇത്തരം മതപ്രഭാഷകർക്കെതിരെ ഉയരാറുണ്ട്. അത്തരത്തിൽ അടിമുടി സ്ത്രീകളെ അപമാനിക്കുന്ന ഒരു പ്രസംഗം സൈബർ ലോകം കുത്തിപ്പൊക്കി. മുജാഹിദ് ബാലുശ്ശേരിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

സ്ത്രീകൾ എന്നാൽ അടക്കവും ഒതുക്കവുമായി വീട്ടിൽ ഭർത്താവിനൊപ്പം കഴിയേണ്ടവർ മാത്രമാണ് എന്നു സമർത്ഥിക്കുന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം പ്രധാനമായും ലക്ഷ്യമിടുന്നത് ജോലി ചെയ്യുന്ന സ്ത്രീകളെയാണ്. ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന സമർത്ഥിച്ചു കൊണ്ടാണ് ബാലുശ്ശേരിയുടെ പ്രസംഗം. സ്ത്രീ സ്വാതന്ത്ര്യ വാദികളെയും അദ്ദേഹം തള്ളിപ്പറയുന്നു. സ്ത്രീക്ക് സ്വാതന്ത്ര്യം ആവശ്യമില്ലെന്ന വിധത്തിലാണ് മുജാഹിദ് ബാലുശ്ശേരി പ്രസംഗിക്കുന്നത്. പ്രസംഗത്തൽ മുജാഹിദ് ബാലുശ്ശേരി പറയുന്നത് ഇങ്ങനെ:

''സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരൽ മുതൽ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും. ടെക്നോപാർക്കും ഐടി പാർക്കും നോക്ക്. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേൽ കൈകാര്യ കർതൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ മലയാള വേഷം ധരിച്ച് നിൽക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.''

മുമ്പും വിവാദ പ്രസംഗങ്ങൾക്ക് കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മുജാഹിദ് ബാലുശ്ശേരി. ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാർ നരകത്തിൽ എത്തുച്ചേരുമെന്നും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുന്നു പ്രസംഗമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. 'നരകം എത്ര ഭയാനകം' എന്ന പേരിൽ മുജാഹിദ് ബാലുശ്ശേരി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്.

പ്രസംഗത്തിന്റെ വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണഅ രംഗത്തെത്തിയത്.