കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഓരോ ദിവസവും വാർത്തയിൽ ഇടം പിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ ഇസ്ലാമിക സമൂഹവും മുസ്ലിം സംഘടനകളുമെല്ലാം തീവ്രവാദത്തെയും ഭീകരവാദ പ്രവർത്തനത്തെയും കണിശമായി എതിർത്ത് രംഗത്തുവന്നു കൊണ്ടിരിക്കുന്നത്. ഈയിടെയായി ഐസിസിനെതിരെയുള്ള വ്യത്യസ്തമായ പരിപാടികളുമായിട്ടായിരുന്നു കേരളത്തിലെ മുസ്ലിം സംഘടനകൾ രംഗത്തുവന്നത്.

എന്നാൽ വൈകിയാണെങ്കിലും സാക്ഷാൽ ജമാഅത്തേ ഇസ്ലാമി തന്നെ ഐസിസ് വിരുദ്ധ സെമിനാറുമായി രംഗത്തെത്തിയപ്പോൾ, തീവ്രവാദ വിരുദ്ധതയുടെ അപ്പോസ്തലന്മാരാവാൻ മറ്റു സംഘടനകളൊന്നും അനുവദിച്ചില്ല. മതരാഷ്ട്ര സങ്കൽപ്പവാദമുയർത്തുന്ന ജമാഅത്തേ ഇസ്ലാമിക്കു എങ്ങനെയാണ്, ഭീകരവാദത്തിലൂടെ മതരാഷ്ട്ര ഭരണകൂടം പിടിച്ചടക്കുന്ന ഐസിസിനെ എതിർക്കാൻ സാധിക്കുക എന്നതാണ് മറ്റു സംഘടനകളുടെയെല്ലാം ചോദ്യം.

ഐസിസിനെതിരെ സംഘടിക്കാനൊരുങ്ങിയ മുസ്ലിം സംഘടനകൾ തന്നെ ഇതിന്റെ പേരിൽ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുകയാണ്. ദിവസങ്ങളുടെ പ്രയത്‌നത്തിനൊടുവിൽ ജമാഅത്തേ ഇസ്ലാമി സംഘടിപ്പിച്ച ഐസിസ് വിരുദ്ധ സെമിനാർ മറ്റു സംഘടനാ പ്രതിനിധികൾ ബഹിഷ്‌കരിച്ചതോടെയാണ് ജമാഅത്തേ ഇസ്ലാമിക്കാർക്കും സംഭവം പിടികിട്ടിയത്. ഐസിസിനെതിരെയുള്ള പ്രതിഷേധ സെമിനാർ മറ്റു സംഘടനകളിൽ നിന്നും ജമാഅത്തുകാർക്കെതിരെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു. 'ഇന്ത്യൻ മുസ്ലിങ്ങൾ ഐസിസിനെതിരെ' എന്ന പ്രമേയത്തിൽ കേരളാ ജമാഅത്തേ ഇസ്ലാമി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ ഇന്നലെ സംഭവിച്ചതെന്തെന്ന് നോക്കാം:

നേരത്തെ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ചായിരുന്നു കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്ത് കേശവ മേനോൻ ഹാളിൽ ഇന്നലെ ജമാഅത്തെ ഇസ്ലാമിക്കാർ ഐസിസ് വിരുദ്ധ സെമിനാർ സംഘടിപ്പിച്ചത്. കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന എല്ലാ പ്രധാന മുസ്ലിം സംഘടനകളുടെ പ്രതിനിധികളെയും സെമിനാറിൽ സംസാരിക്കുന്നതിനു വേണ്ടി ക്ഷണിച്ചിരുന്നു. എന്നാൽ സംഘാടകർ ജമാഅത്തേ ഇസ്ലാമിക്കാരായതിനാൽ എല്ലാവരും കൂട്ടമായി പരിപാടി ബഹിഷ്‌കരിക്കുന്ന കാഴ്ചയായിരുന്നു. അവസാനം സംഘാടകരും മറ്റു ഏതാനും പേരും ചേർന്ന് പരിപാടി പൂർത്തീകരിക്കേണ്ടി വന്നപ്പോൾ തടിച്ചു കൂടിയ പ്രവർത്തകരിൽ നിന്നും സംഘാടകർ മാനം കാക്കേണ്ട അവസ്ഥയായി.

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുതൽ പാണക്കാട് സാദിഖലി തങ്ങൾ വരെ പരിപാടി ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തിലുണ്ട്. മുജാഹിദ് കെ.എൻ.എം വിഭാഗത്തിൽ നിന്നും ടി.പി അബ്ദുൽ ഹമീദ്, മടവൂർ വിഭാഗം മുജാഹിദിൽ നിന്നും മുജീബു റഹ്മാൻ കിനാലൂർ, കാന്തപുരം സുന്നികളിൽ നിന്നും എ.കെ അബ്ദുൽ ഹമീദ് തുടങ്ങിയ സംഘടനാ പ്രതിനിധികളായ പ്രമുഖ നേതാക്കളെല്ലാം പരിപാടി ബഹിഷ്‌കരിക്കുകയുണ്ടായി. അതേസമയം വയനാട് എംപി എം.ഐ ഷാനവാസ് പരിപാടിയിൽ എത്തിച്ചേർന്നു. എം.ഇ.എസ് പ്രതിനിധി സക്കീർ ഹുസൈൻ മാത്രമായിരുന്നു സംഘടനാ പ്രതിനിധിയായി എത്തിച്ചർന്നത്. മറ്റൊരു പരിപാടിയിലായതിനാൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതായി സംഘാടകർ കുറിപ്പ് വായിക്കുകയാണുണ്ടായത്. എല്ലാ സംഘടനകളും പരിപാടിയിൽ നിന്നും വിട്ടു നിന്നെങ്കിലും വ്യത്യസ്തങ്ങളായ രാഷ്ട്രീയ സാമുദായിക കാരണങ്ങൾ ഇവരെല്ലാം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് ജമാഅത്തേ ഇസ്ലാമിക്കു പൊതു സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണെന്നായിരുന്നു മുസ്ലിം ലീഗിന്റെ വാദം. മൻകാലങ്ങളിൽ നിന്നും വിഭിന്നമായി ജമാഅത്തേ ഇസ്ലാമി സ്വന്തമായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായാണ് തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്നത്. ഇത് പ്രധാനമായും ഭീഷണിയാകുന്നത് ലീഗിനു തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വേണ്ടെന്ന് മുമ്പ് ചില ലീഗ് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇ.കെ വിഭാഗം സുന്നികളും സമാനമായ സമീപനം തന്നെയാണ് ജമാഅത്തിനോടുള്ളത്. മാത്രമല്ല ഐസിസ് പോലുള്ള സംഘടനകൾക്കെതിരെ നിലകൊള്ളാനും ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാനും പാണക്കാട് ഹൈദരലി തങ്ങൾ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ ഐസിസിനെതിരെ ആദ്യമായി ഫത്‌വ ഇറക്കിയ കാന്തപുരത്തിന്റെ നിലപാട് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. തൊട്ടു പിന്നാലെ മലേഷ്യൻ മുഫ്തിയും സൗദ്യേ അറേബ്യ മുഫ്തിയും ഫത്‌വ ഇറക്കുകയുണ്ടായി. ഐസിസ് എന്നത് മുസ്ലിങ്ങളുടെ ഇസ്ലാമല്ലെന്നും, മതരാഷ്ട്ര വാദികളുടെ ഇസ്ലാമാണെന്നുമുള്ള കാമ്പയിനിഗ് വരെ കാന്തപുരം വിഭാഗം നടത്തുകയുണ്ടായി. ഐസിസ് വിരുദ്ധ പരിപാടികൾ കേരളത്തിൽ ആദ്യം സംഘടിപ്പിച്ചിരുന്നത് കേരള നദ്‌വത്തുൽ മുജാഹിദീനായിരുന്നു. ഇവരെ കവച്ചു വെയ്ക്കുന്ന ഭീകരവിരുദ്ധരായി ചമയാൻ ജമാഅത്തുകാർ ശ്രമിക്കേണ്ടതില്ലെന്നായിരുന്നു മുജാഹിദുകാരുടെ പക്ഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുസ്ലിം സംഘടനകളെ ഇവരുടെ പ്ലാറ്റ്‌ഫോമിലേക്ക് അടുപ്പിക്കുന്നത്.

മതരാഷ്ട്ര സങ്കൽപ (ഹുകൂമത്തെ ഇലാഹി)വാദ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന അബുൽ അഅ്‌ലാ മൗദൂദിയെ ഇന്നും ആത്മീയാചാര്യനായി കാണുന്ന ജാഅത്തെ ഇസ്ലാമി ഐസിസിനെതിരേ ശബ്ദിക്കുന്ന വൈരുധ്യാത്മക നിലപാടാണ് മറ്റു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. ഈ ആദർശം ഉപേക്ഷിക്കാത്തിടത്തോളം അവരെ പിന്തുണക്കില്ലെന്നാണ് മറ്റുള്ളവരുടെ തീരുമാനം. ഐസിസ് വച്ചു പുലർത്തുന്ന ആശയം സലഫിസമാണ്. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനങ്ങളാണ് ഈ ആശയം പിൻതുടരുന്നത്.

എന്നാൽ ഇവർക്ക് തീവ്രമായ നിലപാടുകളില്ലെന്നതാണ് വസ്തത. അതേസമയം, ഈജിപ്ത് ആസ്ഥാനമായി വിവിധ രാഷ്ട്രങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇഖ്‌വാനുൽ മുസ്ലിമൂൻ( ഇസ്ലാമിക്ക് ബ്രദർഹൂഡ്) എന്ന സംഘടന ഈജിപ്തിലടക്കം നിരോധിക്കുകയുണ്ടായി. ഇസ്ലാമിന്റെ പേരിൽ ഭീകരവാദം നടത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ബ്രദർഹൂഡും തീവ്രസലഫിസ്റ്റുകളുമാണ്. ഇവ രണ്ടും ഓരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇന്ത്യൻ ജമാഅത്തേ ഇസ്ലാമിയുടെ ആശയാദർശങ്ങൾ വച്ചു പുലർത്തിയവരായിരുന്നു ഈജിപ്തിലെ ബ്രദർഹൂഡും.

പുതിയകാലത്ത് പുതിയ വേഷവുമായി സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ നിരവധി വെല്ലുവിളികളാണ് ജമാഅത്തേ ഇസ്ലാമിക്ക് സ്വന്തം സമുദായത്തിൽനിന്നു തന്നെ നേരിടുക. ജമാഅത്തേ ഇസ്ലാമി തീവ്രവാദത്തെ തള്ളിപ്പറയുമ്പോൾ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മൗദൂദിയെയും അദ്ദേഹത്തിന്റെ തീവ്രമായ ചിന്തകളിലൂടെ ഉരുത്തിരിഞ്ഞ പുസ്തകങ്ങളെയും തള്ളിപ്പറയേണ്ടി വരുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.