മലപ്പുറം: തുണിക്കടയുടെ ഗോഡൗണിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ തട്ടി കൊണ്ടു വന്ന് ക്രൂരമായി മർദ്ദിക്കാൻ നേതൃത്വം നൽകിയ കേസിലെ രണ്ടാം പ്രതി പിടിയിൽ. കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ(29) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന മഞ്ചേരി മാലാംകുളം സ്വദേശി മധുരക്കറിയൻ ഷാഹുലിനെ(26)യാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഷാഹുൽ ഈ കേസ്സിലെ ഒന്നാം പ്രതി ഷഹദിന്റെ സുഹൃത്തും മുജീബിനെ തട്ടി കൊണ്ടു വന്ന് ക്രൂരമായി മർദ്ദിക്കാൻ നേതൃത്വം നൽകിയ ആളുമാണ്. മുജീബ് മരണപ്പെട്ടതറിഞ്ഞ ഷാഹുൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത്, സുഹൃത്തുക്കളായ മഞ്ചേരി സ്വദേശികളായ മുഹ്സിൻ, അൻവർ ഷാഹിദ്, ജാഫർ ഖാൻ, എന്നിവരുടെ സഹായത്തോടെ കാറിൽ ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.

ഇവരിൽ മൂന്നു പേരേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഷാഹുലിന്റെ ബാംഗ്ലൂരിലെ ഒളിത്താവളം മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി ഷാഹുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി നിലമ്പൂർ കോടതിയിൽ ഹാജരാക്കി. ഇതോടെ സംഭവം നടന്ന് 6 ദിവസത്തിനകം കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 13 പേർ ഉൾപ്പെടെ 16 പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായി. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് തുടരന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ മേൽ നോട്ടത്തിൽ ഡി.വൈ.എസ്‌പിമാരായ സാജു.കെ.അബ്രഹാം, കെ.എം.ബിജു, എസ്‌ഐ നവീൻഷാജ്, എഎസ്ഐ മാരായ വി.കെ.പ്രദീപ്, റെനി ഫിലിപ്പ്, സതീഷ് കുമാർ, അനിൽ കുമാർ.കെ, ജാഫർ.എ, പ്രത്യേക അന്വേഷണ സംഘത്തിലെ ടക എം.അസ്സൈനാർ സുനിൽ.എൻ.പി, ആഷിഫ് അലി.കെ.ടി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

ഈ മാസം 17 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇൻഡസ്ട്രിയൽ വർക്ക് കരാർ അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാൻ. രണ്ടുമാസം മുൻപ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി 32 ലുള്ള ഹാർഡ് വേഴ്സിൽ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങൾ വാങ്ങിയിരുന്നു. പണം പിന്നീട് നൽകാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു. തുടർന്ന് ഷഹദ് കൂട്ടുകാരുമായി ചേർന്ന് മുജീബിനെ തട്ടി കൊണ്ടു വരാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുൻപ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവർമാരായ അബ്ദുൾ അലിയുടേയും, ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവർക്ക് 10000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. അബ്ദുൾ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു. ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുൾ അലി, ജാഫറിനേയും കൂട്ടി, 17 ന് ഉച്ച കഴിഞ്ഞ് 03.30 മണിയോടെ മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ച് വാക്കു തർക്കം ഉണ്ടാകുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

തുടർന്ന് സ്ഥലത്തു നിന്നും മടങ്ങി പോയ അബ്ദുൾ അലിയും ജാഫറും മഞ്ചേരിയിൽ എത്തി ഷഹദിനേയും, മഞ്ചേരിയിൽ വാടക സ്റ്റോർ നടത്തുന്ന കുഞ്ഞഹമ്മദിനേയും, മകൻ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി. ഇവരുടെ കടയിൽ നിന്നും വാടകക്കെടുത്ത സാധനങ്ങൾ തിരിച്ചു കൊടുക്കാത്തതിനാൽ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറിൽ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി വൈകുന്നേരം 07.00 മണിയോടെ ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികൾ മുജീബിനെ ബലമായി കാറിൽ കയറ്റി തട്ടി കൊണ്ടു പോരുകയായിരുന്നു. തുടർന്ന് കാരക്കുന്ന് ഹാജ്യാർ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൌണ്ടിലെത്തിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികൾ മർദ്ദനം തുടരുകയും നിലവിളിക്കാൻ ശ്രമിച്ച മുജീബിന്റെ വായിൽ തുണി തിരുകിയും പ്രതികൾ മർദ്ദനം തുടർന്നു. മർദ്ദനത്തിന്റെ ഫോട്ടോ പ്രതികൾ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

പണം കിട്ടാതെ വന്നപ്പോൾ പണം കിട്ടിയിട്ടേ നീ പുറം ലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികൾ മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേർന്നുള്ള ഗോഡൗണിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. പുലർച്ചെ 04.30 മണിയോടെ കാറിൽ മുജീബിനെ കയറ്റി ഗോഡൗണിൽ എത്തിക്കുകയും കസേരയിൽ ഇരുത്തി കൈകാലുകൾ ബന്ധിച്ച് വീണ്ടും മർദ്ദനം ആരംഭിക്കുകയായിരുന്നു. തുടർന്ന് നേരം വെളുത്ത് ടൗണിൽ ആളുകൾ എത്താൻ തുടങ്ങിയപ്പോൾ പ്രതികൾ മർദ്ദനം അവസാനിപ്പിച്ച് മുജീബിനെ റൂമിൽ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിന്റെ സ്ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്.

തുടർന്ന് വീട്ടിൽ പോയ പ്രതികൾ രാവിലെ 10.00 മണിയോടെ തിരിച്ചെത്തിയ ഗോഡൗൺ തുറന്നുനോക്കിയപ്പോൾ മുജീബ് തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാൻ മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാൻ നിവൃത്തിയില്ലാതെ ഗോഡൗണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാം പ്രതി ഷഹദിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.