മുംബൈ: സൗജന്യമായി ഡാറ്റ നൽകുന്ന ജിയോയുടെ ഉടമസ്ഥൻ മുകേഷ് അംബാനി യുവാക്കളുടെ പ്രിയങ്കരനായ വ്യവസായി ആണ്. അതിവേഗം വളർച്ച കൈവരിച്ച സ്റ്റാർട്ട് അപ്പ് സംരംഭമായി ജിയോ മാറിയതോടെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വലിയ കുതിപ്പാണ് അംബാനി നടത്തിയത്. ജിയോ തരംഗമാണ് ഈ മൂന്നേറ്റത്തിന് ഗുണകരമായി മാറിയത്.

ജിയോ തരംഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില കുതിച്ച് വിപണിമൂല്യം വർധിച്ചതോടെ കമ്പനി ചെയർമാൻ മുകേഷ് അംബാനി സമ്പത്തിന്റെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാംസ്ഥാനത്തെത്തി. സാമ്പത്തിക മാധ്യമസ്ഥാപനമായ ബ്ലൂംബെർഗിന്റെ കോടീശ്വര സൂചികയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്.

പട്ടികയനുസരിച്ച് ചൈനയിലെ സംരംഭകനും ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ സ്ഥാപകനുമായ ജാക് മായാണ് ഏഷ്യയിലെ ഏറ്റവുംവലിയ സമ്പന്നൻ. ഹോങ്കോങ്ങിലെ ലി കാ ഷിങ്ങിനെ പിന്തള്ളിയാണ് മുകേഷ് അംബാനി രണ്ടാംസ്ഥാനത്തെത്തിയത്. തുറമുഖ വികസനരംഗത്തെ ആഗോളസംരംഭകനാണ് ലി കാ ഷിങ്.

പുതിയ പട്ടികപ്രകാരം ജാക് മാ യുടെ മൊത്തം ആസ്തി 4370 കോടി ഡോളർ (2.79 ലക്ഷം കോടിരൂപ) ആണ്. മുകേഷ് അംബാനിയുടെ ആസ്തി 3480 കോടി ഡോളറും (2.2 ലക്ഷം കോടി രൂപ). ഈവർഷം 1210 കോടി ഡോളറിന്റെ (77,000 കോടി രൂപ) വർധനയാണ് മുകേഷിന്റെ സ്ഥാപനങ്ങളുടെ വിപണിമൂല്യത്തിലുണ്ടായത്.

ഇന്ത്യയുടെ ടെലികോം രംഗത്തെ ഇളക്കിമറിച്ച ജിയോ സ്വന്തമായി 4 ജി ഫോണുകളും നൽകുന്നുവെന്ന് വാർത്ത വന്നതോടെ റിലയൻസിന്റെ ഓഹരിവിലയിൽ വൻ കുതിപ്പുണ്ടായിരുന്നു. എന്നാൽ, ടെലികോംമേഖലയിൽനിന്ന് അവർക്ക് ലാഭമൊന്നും കിട്ടിത്തുടങ്ങിയിട്ടില്ല. എണ്ണ, പെട്രോകെമിക്കൽസ്, റീട്ടെയിൽ, മാധ്യമമേഖലകളിൽനിന്നാണ് റിലയൻസിന്റെ വരുമാനം.

രാജ്യത്തെ എല്ലാവർക്കും സൗജന്യമായി ഫീച്ചർ ഫോൺ നൽകുമെന്ന് അറിയിച്ച് ലോകത്തെ ഞെട്ടിച്ചിരുന്നു അബാനി. എന്നാൽ 1500 രൂപ തിരിച്ചുലഭിക്കുന്ന തുകയായി നൽകേണ്ടിവരും. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ നാൽപതാമത് എജിഎം മീറ്റിങ്ങിലാണ് മുകേഷ് അംബാനി രാജ്യത്തെ മൊബൈൽ വിപണിയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

ഇത് ആദ്യമായാണ് ഒരു മൊബൈൽ കമ്പനി ഫീച്ചർ ഫോൺ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നത്. ജിയോ ഫോൺ ഉപഭോക്താക്കൾക്ക് 153 രൂപ മാസം റീചാർജ് ചെയാതൽ അൺലിമിറ്റഡ് ഡേറ്റ, വോയ്‌സ് കോളുകൾ ലഭിക്കും. ഓഗസ്റ്റ് 24 മുതൽ ജിയോ ഫോൺ പ്രീ-ബുക്കിങ് ആരംഭിക്കും. ആദ്യം ബുക്കുചെയ്യുന്നവർക്ക് ആദ്യമെന്ന തരത്തിലാകും ഫോൺ ലഭ്യമാകുക. ഈ വർഷം സെപ്റ്റംബർ മുതൽ ഫോൺ ഉപഭോക്താക്കൾക്ക് ലഭിക്കും. പത്ത് മാസത്തിനിടെ റിലയൻസ് ജിയോ റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ഓരോ സെക്കൻഡിലും ഏഴു പുതിയ വരിക്കാർ ജിയോയുടെ ഭാഗമാകുന്നുണ്ട്. ഫേസ്‌ബുക്ക്, വാട്‌സാപ്പ്, സ്‌കൈപ്പ് എന്നീ സേവനങ്ങളെ മറികടക്കുന്നതാണ് ജിയോയുടെ പുതിയ നേട്ടം.

നിലവിൽ ജിയോ വരിക്കാർ 12.5 കോടിയാണ്. ഓരോ ദിവസവും 250 കോടി മിനുറ്റ്‌സ് വോയ്‌സ്, വിഡിയോ കോളുകൾ ജിയോ വഴി നടക്കുന്നുണ്ട്. ആറു മാസം രാജ്യത്തെ ഡേറ്റാ ഉപയോഗം കേവലം 20 കോടി ജിബിയായിരുന്നു. ഇപ്പോൾ ഇത് 120 കോടി ജിബി ആയി ഉയർന്നു. മൊബൈൽ ഡേറ്റാ ഉപയോഗത്തിൽ ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചത് ജിയോയാണ്.

രാജ്യത്ത് ആകെ 78 കോടി ഫോൺ ഉപയോക്താക്കൾ ഉണ്ട്. ഇതിൽ 50 കോടി പേരും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് ജിയോഫോൺ അവതരിപ്പിക്കുന്നത്. വോയ്‌സ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ജിയോഫോൺ. 4ജി സേവനം ലഭ്യമായ ഹാൻഡ്‌സെറ്റിൽ ജിയോയുടെ എല്ലാ സേവനങ്ങളും ഫ്രീയായി ഉപയോഗിക്കാം.