കൊല്ലം: രാഷ്ട്രീയമായി എതിർചേരിയിലാണെങ്കിലും ഹരിഹർ നഗറിലെ മഹാദേവനും അപ്പുക്കുട്ടനും ഒരു മാറ്റവുമില്ല. ഹരിഹർ നഗറിലെ നാലുപേരയെും ഈ തെരഞ്ഞെടുപ്പിന് പ്രതീക്ഷിച്ച കേരളത്തിന് കിട്ടിയത് പക്ഷേ രണ്ട് പേരെയാണ്. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷും പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീഷും ഒരേ വേദിയിലെത്തിയപ്പോൾ ഓർമ്മകളിൽ നിറഞ്ഞത് സൂപ്പർ ഹിറ്റ് സിനിമയാണ്. ഇരുവരും കൊല്ലം പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് ഒരുമിച്ച് എത്തി. ഇപ്പോഴും ആ പഴയ മഹാദേവനും അപ്പുക്കുട്ടനും തന്നെയെന്ന് പ്രഖ്യാപിച്ചു. എല്ലാത്തിനും അവർക്ക് മറുപടിയുണ്ടായിരുന്നു. കൊല്ലത്ത് തന്റേത് പേമെന്റ് സീറ്റാണെന്ന ആരോപണം കേട്ട പരിചയക്കാർ ഇപ്പോഴും ചിരി നിർത്തിയിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. പത്തനാപുരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പലരും പേമെന്റ് ഓഫർ ചെയ്‌തെന്ന് ജഗദീഷും. കൊല്ലം പ്രസ്‌ക്‌ളബ്ബിന്റെ ജനസഭ 2016 ഉദ്ഘാടന ചടങ്ങായിരുന്നു തെരഞ്ഞെടുപ്പിലെ സിനിമാക്കാരുടെ സംഗമം.

മുമ്പ് പലതവണ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ച് കപ്പിനും ചുണ്ടിനുമിടയിൽ സ്ഥാനാർത്ഥിത്വം നഷ്ടമായതിന്റെ കഥകൾ ഇരുവരും മറച്ച് വച്ചില്ല. കൊല്ലത്ത് മുകേഷിനെ ഇടത് മുന്നണി പരിഗണിക്കുന്നുവെന്ന വാർത്ത മുൻ തിരഞ്ഞെടുപ്പുകളിൽ പലപ്പോഴും വന്നിട്ടുണ്ട്. സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെകുറിച്ച് പുറത്തുള്ള പരിചയക്കാർ ചോദിക്കുമ്പോൾ സാധ്യതാ ലിസ്റ്റ് മുകേഷെന്നാണ് താൻ കൊല്ലത്ത് അറിയപ്പെടുന്നതെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. കൊല്ലത്തോടും ഇടതുപക്ഷത്തോടും അടുത്തബന്ധമാണ്. അച്ഛനും തന്റെ നാടകസംഘവും എല്ലാം ഇടത് പക്ഷമാണ്. കേരള സംഗീത നാടക അക്കാദമി ചെയർമാനായതും എൽ.ഡി.എഫ് ഭരണകാലത്താണ്. മത്സരിക്കാനുള്ള സന്നദ്ധത ചോദിച്ചപ്പോൾ ജന്മനാടിനോടുള്ള താൽപ്പര്യം പ്രകടിപ്പിച്ചു. മുകേഷ് പറഞ്ഞു.

മനുഷ്യത്വമില്ലാത്ത ക്രൂരനായ വ്യക്തിയെ ആണ് പത്തനാപുരത്ത് നേരിടേണ്ടി വരുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജഗദീഷ് പറഞ്ഞു. യാഥാർത്ഥ്യങ്ങൾ എല്ലാം അറിയാമായിരുന്നിട്ടും അച്ഛന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന തന്റെ സാഹചര്യത്തെകുറിച്ച് വേദനിപ്പിക്കുന്ന തരത്തിൽ എതിരാളി ആക്ഷേപിച്ച് പ്രസംഗിക്കുകയാണ്. കാനഡയിൽ സ്റ്റേജ് ഷോ നടക്കുന്ന സമയത്താണ് അച്ഛൻ മരിക്കുന്നത്. വിവരങ്ങൾ കൈമാറാനുള്ള സൗകര്യങ്ങൾ വേണ്ടത്ര ഇല്ലാതിരുന്ന കാലത്ത് അച്ഛന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ തനിക്ക് നാട്ടിലെത്താനായില്ല. മുകേഷും ശ്രീനിവാസനും എല്ലാം അന്ന് തനിക്കൊപ്പമുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ അവർക്കും അറിയാവുന്നതാണ്. യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ പത്തനാപുരത്ത് വിജയിക്കാനുമെന്ന ഉറച്ച വിശ്വാസമുണ്ട്. പത്തനാപുരത്തെ യു.ഡി.എഫ് നേതാക്കൾ തന്നെ വന്ന് കണ്ട് സ്ഥാനാർത്ഥി ആകണമെന്ന് ആവശ്യപ്പെട്ടതാണ്. അവരുടെ ആവശ്യം അംഗീകരിച്ച് പത്തനാപുരത്ത് സ്ഥാനാർത്ഥിയായി. ഞാനെന്ന ഭാവം ഉള്ളവരെ ജനം തിരിച്ചറിയും. ഇത് ഏതെങ്കിലും വ്യക്തിയെ പ്രത്യേകമായി ലക്ഷ്യമിട്ട് പറയുന്നതല്ലെന്നും ജഗദീഷ് പറഞ്ഞു.

തിരുവനന്തപുരം ആർട്‌സ് കോളേജിന്റെ ആർട്‌സ് ക്ലബ്ബ് സെക്രട്ടറിയും മാർ ഇവാനിയോസ് കോളേജിന്റെ ചെയർമാനും ആയിരുന്ന കലാകാരനായ വിദ്യാർത്ഥി നേതാവിൽ നിന്നാണ് തുടക്കമെന്ന് ജഗദീഷ് പറഞ്ഞു. സിനിമാ മോഹവുമായി റിസ്‌ക് എടുത്ത് മദിരാശിക്ക് വണ്ടി കയറാൻ കഴിയാത്തതിനാൽ തൊഴിൽ ഉറപ്പിച്ചശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയത്. ജന്മനാട്ടിൽ മത്സരിക്കാതെ പത്തനാപുരത്ത് മത്സരിക്കുന്നതിനെകുറിച്ച് ചോദിച്ചപ്പോൾ എവിടെയും വിജയിക്കാൻ കഴിയുന്നവരെ ആണല്ലോ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതെന്നായിരുന്നു തമാശ നിറഞ്ഞ മറുപടി.

കൊല്ലത്തോട് അടുത്ത ആത്മബന്ധമുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് തന്റെ പേര് പരിഗണിച്ചിരുന്നുവെന്ന് കേട്ടതാണ്. അന്ന് സ്ഥാനാർത്ഥിത്വം ആഗ്രഹിച്ചെങ്കിലും ഇത്തവണ ആഗ്രഹിക്കാതെ സ്ഥാനാർത്ഥിത്വം വന്നു. ചലച്ചിത്ര അഭിനയം തൊഴിലും കലാപ്രവർത്തനവുമാണ്. ഇതിനൊപ്പം രാഷ്ട്രീയ പ്രവർത്തനവും കൊണ്ടുപോകും.ജയിച്ചാലും തോറ്റാലും മണ്ഡലങ്ങളിൽ തന്നെ ഉണ്ടാകുമെന്നായിരുന്നു ഇരുവരുടെയും നിലപാട്.എന്ത് ചെയ്യുമെന്ന വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മടുപ്പായിട്ടുണ്ട്. വിജയിച്ചാൽ ജനങ്ങളുടെ ആവശ്യത്തിന് വേണ്ടതെല്ലാം ചെയ്യും. എ ബെറ്റർ ടുമാറോ, എ ബെറ്റർ പത്തനാപുരം എന്ന ആശയം ജഗദീഷ് വിശദീകരിക്കുകയും ചെയ്തു.

11 മണി കഴിഞ്ഞ് ഫോൺ വിളിച്ചാൽ എടുക്കുമോ എന്നറിയാനുള്ള ചോദ്യത്തിന് മുകേഷ് മറുപടി നൽകിയത് ഇങ്ങനെ-... രാത്രി ഒരു മണിക്കും വിളിച്ചോളൂ.. ഞാൻ സംസാരിക്കും..ഒടുവിൽ ഉറക്കം വരുന്നു ഫോൺ വച്ചോട്ടെ എന്ന് മാത്രം പറയരുത്!