കൊല്ലം: നടൻ മുകേഷിനെ കാണാനില്ലെന്ന പരാതി ഏറെ വിവാദമായിരുന്നു. പരാതി വാങ്ങി രസീതുകൊടുത്ത എസ്‌ഐയുടെ പണി പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ. എന്നാൽ വിവാദമുണ്ടാക്കിയ കോൺഗ്രസ് ലക്ഷ്യം കണ്ട അവസ്ഥയിലാണ്. കൊല്ലത്തേക്ക് എംഎൽഎ ആയ മുകേഷ് വരുന്നത് പോലുമില്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുകയാണ് അവർ. ഇതോടെ ഏഷ്യാനെറ്റിലെ ബെഡായി ബംഗ്ലാവിൽ മാത്രമേ മുകേഷിനെ കാണാൻ പറ്റുന്നുള്ളൂവെന്ന ചർച്ച സജീവമാകുന്നു. ഇത് സിപിഎമ്മിനും തലവേദനയാകും. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളിൽ സജീവമാകാൻ മുകേഷിനോട് പാർട്ടി ഉടൻ ആവശ്യപ്പെട്ടേക്കും.

കൃതി ക്ഷോഭം വിലയിരുത്താനും പിഡബ്ല്യൂ.ഡി. റോഡ് സുരക്ഷയെക്കുറിച്ചു ചർച്ചചെയ്യാനും കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേർത്ത യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഈ വിവാദം കത്തിനിൽക്കെ ഇന്നലെ കലക്ടറേറ്റിൽ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. കേരള സർക്കാർ കൊല്ലം ബീച്ചിൽ നടത്തിയ യോഗ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായിയോടൊപ്പം സ്ഥലം എംഎ‍ൽഎ. പങ്കെടുക്കാതിരുന്നതും വിവാദമാവുകയാണ്. ഈ വിഷയങ്ങളിൽ സിപിഎമ്മും അതൃപ്തരാണ്. കൊല്ലത്ത് സജീവമായില്ലെങ്കിൽ ജില്ലയിലാകെ അത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് സിപിഐ(എം) കരുതുന്നു.

അതിനിടെ ജനകീയപ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ മിമിക്രികാട്ടി രക്ഷപെടാമെന്നു മുകേഷ് കരുതേണ്ടെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഉന്നയിച്ചതു ജനകീയ പ്രശ്‌നങ്ങളാണ്. കൊല്ലത്തെ തീരദേശ നിവാസികൾ കടലാക്രമണംമൂലം കനത്തനഷ്ടം നേരിട്ടിട്ടും ഭരണസിരാകേന്ദ്രത്തിൽ ചരിത്രത്തിലാദ്യമായി ബോംബ് സ്‌ഫോടനം നടന്നിട്ടും ജില്ലാ ആശുപത്രിയിൽ സാധാരണക്കാർ പനികൊണ്ട് വിറച്ചപ്പോഴും എംഎൽഎയുടെ സാന്നിധ്യം കൊല്ലത്തില്ലായിരുന്നു. ബഡായി ബംഗ്ലാവിലിരുന്ന് പൊതുപ്രവർത്തനം നടത്താമെന്നതു മുകേഷിന്റെ വ്യാമോഹം മാത്രമാണെന്നും യൂത്ത് കോൺഗ്രസ് പറയുന്നു.

സെലിബ്രിറ്റി എന്ന നിലയിൽമാത്രം തന്നെക്കണ്ടാൽ മതിയെന്ന മറുപടിയാണു മുകേഷ് തന്നെ പരിപാടിക്ക് ക്ഷണിക്കുന്നവരോട് പറയുന്നത്. ജനകീയ പ്രശ്‌നങ്ങളോടുള്ള എംഎ‍ൽഎയുടെ കോമഡി ഷോ കരച്ചിലിന്റെ പ്രതീതിയാണു കൊല്ലം നിവാസികൾക്ക്. സാമ്പത്തികലാഭം മാത്രമാണു മുകേഷിന്റെ ലക്ഷ്യം. നിലയ്ക്കുനിർത്താതെ മുകേഷിനെ ചുമന്നാൽ ചുമക്കുന്ന പാർട്ടിയും നാറുമെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. രാഹുൽ ക്ലബിൽ അംഗമാകണമെങ്കിൽ മുകേഷ് ഏഴു ജന്മംകൂടി കഴിഞ്ഞു പുനർജനിക്കണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കളായ എസ്.ജെ. പ്രേംരാജ് അറിയിച്ചു. ഇതോടെ വിവാദം വിട്ടുകളയാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്ന് കൂടി വ്യക്തമാവുകയാണ്.

കൊല്ലം നിയോജകമണ്ഡലത്തിലെ എംഎ‍ൽഎയും നടനുമായ എം. മുകേഷിനെ കാണാനില്ലെന്ന യൂത്ത് കോൺഗ്രസിന്റെ പരാതി സ്വീകരിച്ച എസ്.ഐക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ. സിറ്റി പൊലീസ് കമ്മിഷണർ സതീഷ് ബിനോയുടെ നിർദ്ദേശാനുസരണം സംഭവം അന്വേഷിച്ച സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റെക്‌സ് ബോബി അർവിനാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഇന്നലെയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സ്‌പെഷ്യൽ ബ്രാഞ്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് സമർപ്പിച്ചത്. അനന്തര നടപടി ഇന്നു സ്വീകരിക്കുമെന്ന് സതീഷ് ബിനോ പറഞ്ഞു. ഇതിനിടെയാണ് വിഷയം സജീവമാക്കി യൂത്ത് കോൺഗ്രസും നിർത്തുന്നതും.

കൊല്ലം വെസ്റ്റ് എസ്.ഐ എൻ. ഗിരീഷിനെ അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റണമെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. എംഎ‍ൽഎയെ കാണാനില്ലെന്ന പരാതി രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് മനസിലാക്കണമായിരുന്നുവെന്നും അല്ലാതെ പരാതി സ്വീകരിച്ച് രസീത് നൽകിയതു ശരിയായില്ലെന്നാണ് വിലയിരുത്തൽ. പരാതി എസ്.ഐ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇക്കാര്യത്തിൽ പ്രാഥമികമായ ഒരന്വേഷണം നടത്തിയില്ലെന്നും മുകേഷിനെ ഫോണിൽ വിളിച്ചു ചോദിക്കാതെയും പരാതി സ്വീകരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എംഎ‍ൽഎയായ മുകേഷിനെ വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ര്ടീയ നീക്കമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നു കാണിച്ച് സിപിഐ(എം) ജില്ലാ നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സിറ്റിപൊലീസ് കമ്മിഷണർ നേരിട്ട് ഇടപെടുകയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ചിന് നിർദ്ദേശം നൽകുകയായിരുന്നു. തന്നെ കാണാനില്ലെന്ന പരാതി വെറും തമാശ മാത്രമാണെന്ന് നടനും എംഎ‍ൽഎയുമായ എം. മുകേഷ് പ്രതികരിച്ചിരുന്നു. എന്നാൽ വിവാദത്തിന് ശേഷവും മണ്ഡലത്തിൽ മുകേഷ് ഇല്ലെന്നത് സിപിഎമ്മിന് വലിയ തലവേദനയാണ്.