മുംബൈ: സെക്‌സിനെ കുറിച്ചു പറഞ്ഞു ശക്തിമാൻ മുകേഷ് ഖന്ന വിവാദത്തിൽ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണമാണ് മുകേഷ് ഖന്നക്കെതിരെ ഉയർന്നിരിക്കുന്നത്. സെക്‌സിൽ താത്പര്യം ഉണ്ടെന്ന് പറയുന്ന പെണ്ണ് സെക്‌സ് റാക്കറ്റ് നടത്തുന്നവളാവാമെന്നാണ് മുകേഷ് ഖന്ന പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഈ ആഴ്ച ആദ്യം തന്റെ ഭീഷ്ം ഇന്റർനാഷണൽ ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു മുകേഷ് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയത്,

'തനിക്ക് സെക്‌സ് ചെയ്യണമെന്ന് ഒരു പെൺകുട്ടി ഒരു ആൺകുട്ടിയോട് പറയുകയാണെങ്കിൽ അവളൊരു പെണ്ണല്ല. അവൾ സെക്‌സ് റാക്കറ്റ് നടത്തുകയാണ്. കാരണം, പരിഷ്‌കൃത സമൂഹത്തിലെ ഒരു മാന്യതയുള്ള പെൺകുട്ടി ഇങ്ങനെയുള്ള കാര്യങ്ങൾ പറയില്ല.'ഇന്റർനെറ്റിൽ സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ പുരുഷന്മാർ ജാഗ്രത പാലിക്കണം''. റാക്കറ്റുകൾ പ്രവർത്തിപ്പിക്കാനും 'നിരപരാധികളായ പുരുഷന്മാരെ' ബ്ലാക്ക് മെയിൽ ചെയ്യാനും സ്ത്രീകൾ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും നടൻ പറയുന്നു.

മാത്രമല്ല, സ്ത്രീകൾ 'പരിധിക്കുള്ളിൽ' നിൽക്കാനും പാരമ്പര്യങ്ങളെ മാനിക്കാനും മുകേഷ് ആവശ്യപ്പെട്ടു. മുൻപ് സ്ത്രീകളാണ് 'നോ' പറഞ്ഞിരുന്നതെങ്കിൽ ഇന്ന് പുരുഷന്മാരാണ് 'നോ' പറയേണ്ടതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വീഡിയോ ക്ലിപ്പ് വൈറലായതോടെ കമന്റുകളിൽ പ്രതിഷേധം നിറഞ്ഞു. ''ക്ഷമിക്കണം ശക്തിമാൻ, ഇത്തവണ നിങ്ങൾക്കാണ് ഇവിടെ തെറ്റ് പറ്റിയത്'' എന്നായിരുന്നു ഒരാളുടെ കമന്റ്.

മുൻപും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. ലൈംഗികാതിക്രമം പോലുള്ള സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്നും വീട് പരിപാലിക്കുകയാണ് അവരുടെ ജോലിയെന്നും മുകേഷ് ഖന്ന പറയുന്നു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്നയുടെ പരാമർശം. നിരവധി പേർ മുകേഷ് ഖന്നയ്ക്കെതിരെ രംഗത്തെത്തി. സ്ത്രീകൾ ജോലിക്ക് പോയി തുടങ്ങിയതോടെയാണ് 'മീടൂ' പ്രശ്നങ്ങൾ തുടങ്ങിയത്. സ്ത്രീകളുടെ ജോലി വീട് പരിപാലിക്കുക എന്നതാണ്. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്ത് തുടങ്ങിയതോടെ പ്രശ്നങ്ങൾ തുടങ്ങി. നിലവിൽ പുരുഷനൊപ്പം നടക്കുന്നതിനെക്കുറിച്ചാണ് സ്ത്രീകൾ സംസാരിക്കുന്നതെന്നും മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും മോചനത്തിനും വേണ്ടിയാണ് പലരും സംസാരിക്കുന്നത്. പക്ഷേ യഥാർത്ഥ പ്രശ്നത്തിന്റെ തുടക്കം എവിടെയാണ്? കുട്ടിയായിരിക്കുമ്പോൾ തന്നെ ഒരാൾ സഹിച്ചു തുടങ്ങും. അതിന് കാരണം അയാൾക്ക് അമ്മയുടെ കരുതൽ ലഭിക്കുന്നില്ല എന്നതാണ്. കുട്ടികൾ മുത്തശ്ശിക്കൊപ്പമായിരിക്കും എല്ലാ ദിവസവും ടിവി കാണുക. ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കെയാണ് പുരുഷന്മാർക്ക് ഒപ്പത്തിനൊപ്പം ജോലി ചെയ്യണമെന്ന് സ്ത്രീകൾ ആവശ്യപ്പെടുന്നത്. അത് ശരിയല്ല, പുരുഷൻ പുരുഷനും സ്ത്രീ സ്ത്രീയുമാണെന്നും മുകേഷ് ഖന്ന പറയുന്നു.

ശക്തിമാൻ എന്ന എക്കാലത്തെയും ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യയാകെ ആരാധകരുടെ വ്യക്തിയാണ് മുകേഷ് ഖന്ന. നേരത്തെ ബോളിവുഡ് താരം സോനാക്ഷി സിൻഹയ്ക്കെതിരെ ഖന്ന നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഹിന്ദുപുരാണമായ രാമായണത്തെ കുറിച്ച് സോനാക്ഷി സിൻഹയ്ക്ക് ഒന്നും അറിയില്ലെന്നായിരുന്നു മുകേഷ് ഖന്നയുടെ പ്രസ്താവന.