കൊല്ലം: മീ ടൂ കാമ്പൈനിൽ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കൊല്ലം എംഎൽഎയും നടനുമായ മുകേഷ്. തനിക്ക് ടെസ് ജോസിനെ അറിയില്ലെന്നും ഫോണിലൂടെ ടെസ് ജോസുമായി സംസാരിച്ചിട്ടുണ്ടെന്നും മുകേഷ് പ്രതികരിച്ചു. 19 കൊല്ലം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഓർമ്മയില്ല. പെൺകുട്ടി തെറ്റിധരിച്ചതാകാമെന്നും മുകേഷ് പറയുന്നു. താനാണ് ഫോണിലൂടെ സംസാരിച്ചതെന്ന് പെൺകുട്ടി എങ്ങനെ അറിയുമെന്ന വിചിത്ര ചോദ്യവും മുകേഷ് ഉയർത്തുന്നു. ടെസ് ജോസിനെ കണ്ടതായി പോലും ഓർമ്മയില്ല. ദുരനുഭവം ഉണ്ടായാൽ പെൺകുട്ടികൾ അപ്പോൾ തന്നെ പുറത്ത് പറയണമെന്നും മുകേഷ് കൂട്ടിച്ചേർത്തു. മീ ടു കാമ്പൈനിനെ അനുകൂലിക്കുന്നുണ്ടെന്നും മുകേഷ് അറിയിച്ചു.

മീ ടൂ കാമ്പൈനിന്റെ ഭാഗമായി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നിയമപരമായി നേരിടുന്നത് ആലോചിക്കുമെന്നും മുകേഷ് കൂട്ടിച്ചേർത്തു. 19 വർഷങ്ങൾക്കു മുൻപ് ഒരു ടെലിവിഷൻ പരിപാടിക്കിടെ മുകേഷ് തന്നെ ശല്യം ചെയ്തെന്ന് ടെസ് ജോസഫ് എന്ന യുവതിയുടെയാണ് ആരോപണം.തന്നെ പലതവണ മുറിയിലേക്ക് ക്ഷണിച്ചെന്നും തന്റെ അടുത്തമുറിയിലേക്കു മാറാൻ ആവശ്യപ്പെട്ടെന്നും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ വിവാദം പുതിയ തലത്തിലെത്തി. ടെലിഫോണിലൂടെ ശല്യം ചെയ്തതെങ്കിൽ ഞാനാണ് വിളിച്ചതെന്ന് എങ്ങനെ പറയുമെന്ന ചോദ്യമാണ് വിവാദങ്ങളോട് മുകേഷ് ഉയർത്തുന്നത്. ഇതിനിടെയിലും മുകേഷിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധം ശക്തമാക്കി. കൊല്ലത്താണ് പ്രതിഷേധങ്ങൾ എല്ലാം.

നടി തനുശ്രീ ദത്ത പ്രമുഖ ബോളിവുഡ് നടൻ നാനാ പടേക്കർക്കെതിരെ മി ടൂ ക്യാമ്പയിനിൽ ലൈംഗികാരോപണം ഉന്നയിച്ച് വൻ വിവാദമായതിന്റെ തൊട്ടടുത്ത ദിവസമാണ് മലയാള സിനിമയേയും വേട്ടയാടുന്ന ലൈംഗിക ആരോപണം ഉണ്ടായിരിക്കുന്നത്. ജോലി സ്ഥലത്തെ ലൈംഗിക അതിക്രമത്തിനെതിരെ തുറന്നു പറയുകയും ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യത്തിൽ അമേരിക്കൻ സാമൂഹ്യപ്രവർത്തകയായ തരാന ബർക്കാണ് മി ടൂ ക്യാമ്പയിൻ തുടങ്ങിയത്. ഇതു പ്രചോദനമാക്കിക്കൊണ്ട് ഹോളിവുഡ് നടി അലിസ മിലാനോവാണ് പ്രമുഖ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റെറയ്നെതിരെ ലൈംഗികാരോപണം ആദ്യം ഉയർത്തിയത്. പിന്നീട് നിരവധി സ്ത്രീകൾ ഇത്തരം ആരോപണം ഹാർവിക്കെതിരെ ുയർത്തുകയായിരുന്നു. മലയാളത്തിൽ മുകേഷിന്റേയും ഗോപി സുന്ദറിന്റേയും പേരാണ് പുറത്തുവന്നിരിക്കുന്നത്.

ചെന്നൈയിൽ കോടീശ്വരൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ മുകേഷ് മോശമായി പെരുമാറിയെന്ന് ബോളിവുഡ് സിനിമാപ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തിയത്. ബോളിവുഡിനേയും മാധ്യമരംഗത്തേയും പിടിച്ചുലച്ച 'മീ ടൂ' ക്യാംപയിനിൽ കുടുങ്ങുന്ന ആദ്യമലയാള സിനിമാപ്രവർത്തകനാണ് മുകേഷ്. കോടീശ്വരൻ പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന കമ്പനിയുടമയും പാർലമെന്റംഗവുമായ ഡെറക് ഒബ്രയാൻ ഇടപെട്ടാണ് തന്നെ ചെന്നൈയിൽ നിന്ന് തിരിച്ചയക്കുകയായിരുന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

തന്റെ വെളിപ്പെടുത്തൽ ചിലർ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ അവരുടെ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും ടെസ് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. സ്ത്രീകൾക്കെതിരായ ചൂഷണങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാൻ ചെയ്തത്. മുകേഷിൽ നിന്നുണ്ടായ അനുഭവം വീട്ടുകാർക്കും താനുമായി അടുപ്പമുള്ളവർക്കും അറിയാവുന്നതാണ്. തുറന്നു പറയാൻ ഒരു സാഹചര്യം ഇല്ലാത്തതിനാലാണ് ഇതുവരെ മൗനം പാലിച്ചതെന്നും ടെസ് പറഞ്ഞു.

സിനിമാ മേഖലയിലെ ചൂഷണങ്ങൾ തടയാൻ ഒരു സെൽ രൂപീകരിക്കാൻ വേണ്ടിയും തൊഴിലിടം കൂടുതൽ സുരക്ഷിതമാക്കാനുമാണ് ഞാൻ കഴിഞ്ഞ ദിവസം ഇത്തരത്തിൽ ട്വീറ്റ് ചെയ്തതെന്നും ടെസ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുകേഷും എത്തിയത്.