- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
2008ൽ 43 ബില്യൺ ഡോളറുമായി മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ; അനിയൻ അനിൽ 42 ബില്യൺ ഡോളറുമായി ആറാമൻ; 2022ൽ 96 ബില്യൺ ഡോളറുമായി മുകേഷ് ലോകസമ്പന്നരിൽ പത്താമൻ; അനിൽ പാപ്പരായി വട്ടപ്പൂജ്യവും ഒപ്പം വൻ കട ബാധ്യതയും; ധീരുഭായിയുടെ രണ്ടുമക്കൾ സമ്പത്തിന്റെ രണ്ട് അറ്റത്ത് എത്തിയതെങ്ങനെ? അംബാനിമാരുടെ വിചിത്രമായ ജീവിത കഥ
1950 കളിലാണ് ഈ കഥ നടക്കുന്നത്. യമനിലെ ഏദൻ എന്ന തുറമുഖ പട്ടണത്തിൽ, അവിടത്തെ നാണയമായ റിയാലിന് അസാധാരണമാംവിധം ക്ഷാമം അനുഭവപ്പെട്ടു. നാണയങ്ങൾ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച്, അധികാരികൾ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനിൽ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്ത്യൻ ചെറുപ്പക്കാരനിലാണ്. റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാൾ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരൻ, അവ കിട്ടാവുന്നിടത്തോളം ശേഖരിച്ചു. അതിൽനിന്ന് വെള്ളി ഉരുക്കിവിറ്റു. അങ്ങനെ പണം സമ്പാദിച്ചു! ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണമുണ്ടാക്കിയ, ആ ചെറുപ്പക്കാരന്റെ പേര് ധീരുഭായ് അംബാനി എന്നായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പോളിസിയും. പണം കിട്ടുന്ന എന്തിലും മുതലിറക്കുക. ടാറ്റയെപ്പോലെ രാഷ്ട്രപുനർ നിർമ്മാണത്തിന് ഒന്നുമല്ല, ലാഭത്തിന് മാത്രമാണ് അംബാനി പ്രാധാന്യം നൽകിയിത്.
പാരമ്പര്യമായ കച്ചവടക്കാരായ ഗുജറാത്തി മോധ്ബനിയ എന്ന വൈശ്യ വിഭാഗത്തിലെ അംഗമായ ധീരുഭായി കൈയൂക്കും, കൗശലവും, കഠിനാധ്വാനവും കൈമുതലാക്കി വളർന്ന കഥ നാം ഏറെ കേട്ടതാണ്. വെറും അഞ്ചൂറുരൂപയുമായി മുബൈയിലെത്തി, അവിടെനിന്ന് പിടിപടിയായ വളർന്ന് കോടികളുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത, ധീരജ് ലാൽ ഹിരാചന്ദ് അംബാനി എന്ന ധീരുഭായി അംബാനിയുടെ കഥ ഏതൊരു സംരഭകനും പ്രചോദനമാണ്. ഒരുപക്ഷേ ധീരുഭായിക്ക് പറ്റിയ ഏക അബദ്ധം, 2002 ജൂലൈ 6ന്, 69ാമത്തെ വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം വിൽപ്പത്രം എഴുതിയില്ല എന്നതായിരുന്നു. അല്ലെങ്കിൽ അത്രയും പെട്ടെന്ന് മരിക്കുമെന്ന് അദ്ദേഹം കരുതിയിട്ടും ഉണ്ടാവില്ല. പക്ഷേ ആദ്യകാലത്ത് അതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ധീരുഭായിയുടെ വ്യവസായ സാമ്രാജ്വം അതേപടി സംരക്ഷിക്കാനും വളർത്താനും, തങ്ങൾ ബാധ്യസ്ഥരാണെന്ന് ജ്യേഷ്ഠൻ മുകേഷ് അംബാനിയും, അനിയൻ അനിൽ അംബാനിയും സംയുത്കതമായി പ്രസ്താവനയിൽ പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങൾ അട്ടിമറിയാൻ അധികം സമയതെന്നും വേണ്ടി വന്നില്ല.
മുകേഷും അനിലും പിരിയുന്നു
ധീരുഭായുടെ മരണത്തെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസിൽ മുകേഷ് ചെയർമാനും അനിൽ എംഡിയുമാകുന്നു. പക്ഷേ ക്രമേണെ ഇവർ തമ്മിൽ തർക്കം മുറുകി. 2004 നവംബറിലാണ് കുടുംബത്തിലെയും കമ്പനിയിലെയും പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടുള്ള മുകേഷ് അംബാനിയുടെ ഒരു അഭിമുഖം സിഎൻബിസി ടെലിവിഷനിൽ വരുന്നത്. മുകേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിച്ചത് അംബാനി കുടുംബത്തെ മാത്രമല്ലാ, റിലയൻസ് ഷെയറുകളിൽ പണം നിക്ഷേപിച്ചിരിക്കുന്ന മൂന്ന് കോടി നിക്ഷേപകരെയും പിന്നെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 80,000 ലേറെ ജീവനക്കാരേയുമാണ്.
മുംബൈസ്റോക്ക് എക്സ്ചേഞ്ച് സൂചിക മുകേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് താഴോട്ട് നീങ്ങി. റിലയൻസിന്റെ അധീനതയിലുള്ള കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞതായിരുന്നു ഇതിന് കാരണം.തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും റിലയൻസ് ഒരു വ്യക്തിയല്ലാ, ഒരു വലിയ സ്ഥാപനമാണെന്നുമുള്ള മുകേഷിന്റെ അടുത്ത പ്രസ്താവന ഒരു പരിധി വരെ ഓഹരിവിപണിയെ സമാധാനിപ്പിച്ചു. പക്ഷേ പ്രശ്നം അവിടെ തീർന്നില്ല. അനിൽ അംബാനി നോക്കി നടത്തുന്ന റിലയൻസ് എനർജി ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ആറ് ഡയറക്ടർമാർ രാജിവച്ചത് റിലയൻസ് ഓഹരികളെ വീണ്ടും ബാധിച്ചു. രാജിക്കാരണം ഉടമസ്ഥാവകാശ തർക്കമാണെന്ന് വ്യക്തം.
ഇതോടെ 2005ൽ മാതാവ് കോകില ബെന്നിന്റെ നേതൃത്വത്തിൽ മധ്യസ്ഥത ശ്രമങ്ങൾ തുടങ്ങി. റിലയൻസ് സാമ്രാജ്യം വിഭജിക്കപ്പെട്ടു. അതോടെ മുകേഷിന് റിലയൻസ് ഇൻഡസ്ട്രീസും ഐപിസിഎല്ലും, അനിലിന് റിലയൻസ് ഇൻഫോകോം (പിന്നീട് കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ), എനർജി (പിന്നീട് ഇൻഫ്രാസ്ട്രക്ച്ചർ എന്ന പേരിൽ), ക്യാപിറ്റൽ എന്നിവയും സ്വന്തമായി. ഇന്ത്യ വൻസാമ്പത്തിക മുന്നേറ്റം കൈവരിച്ച കാലമായിരുന്നു 2005 ഏപ്രിൽ മുതൽ 2008 മാർച്ച് വരെയുള്ള മൂന്നു വർഷങ്ങൾ. ആ പശ്ചാത്തലത്തിലാണ് 2008ൽ രണ്ടു പേരും ലോക സമ്പന്ന പട്ടികയിൽ തൊട്ടടുത്ത് സ്ഥാനം പിടിച്ചത്.
2008ൽ ഫോർബ്സ് പട്ടികയിൽ 43 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് അംബാനി ലോകസമ്പന്നരിൽ അഞ്ചാമൻ. തൊട്ടുപുറകിൽ 42 ബില്യൺ ഡോളറുമായി അനിയൻ അനിൽ അംബാനി ആറാം സ്ഥാനത്ത്. 2022 ൽ 96 ബില്യൺ ഡോളർ സമ്പത്തുമായി മുകേഷ് ലോകസമ്പന്നരിൽ പത്താമൻ. അതേസമയം എല്ലാം നഷ്ടപ്പെട്ട് പാപ്പരത്ത നടപടികൾ നേരിടുകയാണ് അനിൽ.
2021 നവംബർ 29 ന് ആർബിഐ റിലയൻസ് ക്യാപിറ്റലിന്റെ ഡയറക്ടർ ബോർഡിനെ അസാധുവാക്കി, അഡ്‌മിനിസ്ട്രേറ്ററെ നിയമിച്ചതോടെ സ്വന്തം ഗ്രൂപ്പിലെ മൂന്നാമത്തെ കമ്പനിയും അനിലിന്റെ കൈയിൽ നിന്നും പോയി. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് നേവൽ എന്നിവയ്ക്ക് പിന്നാലെ റിലയൻസ് ക്യാപിറ്റലും പാപ്പരത്ത നടപടി നേരിടകയാണ്.
2019ലാണ് അനിൽ അവസാനം ആ പട്ടികയിലിടം നേടിയത്. ഫോർബ്സ് പട്ടികയിലിടം പിടിക്കാൻ കുറഞ്ഞത് 1 ബില്യൺ ഡോളറെങ്കിലും സമ്പത്തു വേണം, (ഡോളറിന് 75 രൂപ വെച്ച് 7500 കോടി രൂപ )യെങ്കിലും. അനിൽ ഇല്ലാത്ത 2021ലെ പട്ടികയിൽ ശ്രദ്ധേയമായ രണ്ടു പേരുകൾ കാണാം ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ് എന്നിവരുടെ. 2008ൽ അനിൽ ആറാമനായിരിക്കെ ഇവർ രണ്ടുപേരും ബൈജൂസ് എന്ന കമ്പനി തുടങ്ങിയിട്ടുപോലുമില്ല എന്നോർക്കം.
ഇവിടെയാണ് കാപറ്റിലസിത്തിൻെ അനന്ത സാധ്യതകൾ നാം കാണേണ്ടത്. കാപ്പിറ്റലിസം എന്നത് കമ്യൂണിസ്റ്റുകാർ പറയുന്നതുപോലെ, ചൂഷണത്തിൽ മാത്രം അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയല്ല. സമ്പന്നനെ കൂടുതൽ സമ്പന്നനാക്കാനുള്ള പദ്ധതയുമല്ല. ശതകോടീശ്വരന് പാപ്പരാവനും, ഒന്നുമില്ലാത്തവന് കോടീശ്വരനാവാനും കഴിയുന്ന ഒരിടാമാണ് ഇവിടം. അനിൽ അംബാനി എത്രപെട്ടെന്നാണ് പാപ്പർ ആയത് എന്നോർക്കണം. കാപ്പിറ്റലിസത്തിന്റെ മത്സരാധിഷ്ഠിത ലോകത്ത് ഇതെല്ലാം പതിവാണ്.
എന്താണ് മുകേഷിന്റെ അടിതെറ്റിച്ചത്. അത് മനസ്സിലാക്കുന്നതിന് മുമ്പ് അംബാനി സാമ്രാജ്യത്തിന്റെ തലതൊട്ടപ്പൻ ധീരുഭായിയെ അറിയണം.
കൗശലവും കൈയൂക്കം ചേർന്ന ധീരുഭായ്
1932ൽ ഗുജറാത്തിലെ ചോർവാഡാ എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാൽ ഹിരാചന്ദ് അംബാനി എന്ന ധീരുഭായി അംബാനി ജനിക്കുന്നത്. ഹുണ്ടികളും പലിശയുമായി കഴിയുന്നതുകൊണ്ടാവണം, ഈ പ്രദേശത്തിന് ചോർവാഡാ അഥാവാ കള്ളന്മ്മാരുടെ ഗ്രാമം എന്ന് പേര് വന്നത് എന്നാണ് കരുതുന്നത്. കാരണം പലിശക്കാർ എന്നും നാട്ടിൽ വെറുക്കപ്പെട്ടവർ ആണെല്ലോ.
അവിടെ ഒരു പ്രൈമറി സ്‌കൂൾ മാഷിന്റെ മകനായ, ധീരുഭായുടെ സ്‌കൂൾപഠനം 10ാം തരം വരെ മാത്രമെ നീണ്ടുള്ളൂ. അതിനു ശേഷം യെമനിലെ ഏദനിൽ, തന്റെ മൂത്തസഹോദരൻ രമണി ക്ലാലിന്റെ കൂടെ എ-ബെസ്സെ ആന്റ കമ്പനി എന്ന ഗ്യാസ് സ്ഥാപനത്തിൽ പ്യൂണായി ജോലി നോക്കിയ ധീരുഭായ് പിന്നീട് ഒരു വലിയ പെട്രോകെമിക്കൽ കമ്പനിയുടെ ഉടമയായത് ചരിത്രം.ഏദനിൽ നിന്നു കൊണ്ടുവന്ന 500 രൂപ കൊണ്ട് ഇന്ന് 80,000കോടി ആസ്തിയുള്ള ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. ടെലികോം, പെട്രോകെമിക്കൽസ്, തുണിവ്യവസായം... റിലയൻസ് സാമ്രാജ്യം വളരുകയായിരുന്നു
ഒരുപാടു വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട് ധീരുഭായ്ക്ക്. അദ്ദേഹത്തിനെതിരെ ഗോയങ്കെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ എക്സ്പ്രസ് പത്രം ആരോപണമഴിച്ചു വിട്ടു. ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങൾക്കനുകൂലമായ തീരുമാനങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു, ഒന്നുമില്ലായ്മയിൽ നിന്നു സഹസ്ര കോടികളിലേക്കു കുതിക്കുവാൻ ധീരുഭായിയെ പ്രാപ്തനാക്കിയത്. ഏതു രാഷ്ട്രീയ കക്ഷി അധികാരത്തിൽ വന്നാലും അതു റിലയൻസിന്റെ സ്വന്തം സർക്കാരായി മാറും. കോൺഗ്രസ്സ് ഭരിച്ചാലും ബിജെപി ഭരിച്ചാലും ഭരണത്തിൽ സ്വാധീനം ചെലുത്താൻ ആശ്രിതവത്സരരുടെ നീണ്ട നിരതന്നെ ഇരു പാർട്ടികളിലും അംബാനിക്കുണ്ടായിരുന്നു.
വ്യാവസായിക എതിരാളികളെ ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിൽ അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാനകാാര്യം. വസ്ത്രവ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തിൽ അന്നത്തെ പ്രധാന എതിരാളിയായ 'ബോംബെ ഡയിങ്ങി'ന്റെ മേധാവി നുസ്ലി വാഡിയയെയും ഇത്തരത്തിൽ തകർക്കാൻ ശ്രമിച്ചു. പക്ഷേ രാഷ്ട്രീയത്തിൽ ഒരുപാടു അഭ്യുദയകാംക്ഷികളുണ്ടായിരുന്ന, നുസ്ലി വാഡിയ എളുപ്പം ഒതുക്കാനായില്ല. (നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറുമകനാണ്) അവസാനം മുംബൈ അധോലോകത്തിലെ വാടകക്കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താൻ പോലും ശ്രമിച്ചു. ഈ ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകൾ സഹിതം റിലയൻസിന്റെ കീർത്തി അംബാനിയെ അന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതു പോലും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു.
ഒരു രാഷ്ട്രീയ - മാധ്യമ - കോർപ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും ആയുധം. ടൈംസ് ഓഫ് ഇന്ത്യയുടെ ഗിരിലാൽ ജെയിനും ഇന്ത്യൻ എക്സ്പ്രസിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നു. പിന്നീട് അംബാനിയുടെ പ്രവർത്തനങ്ങളിൽ വിയോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് ഗോയങ്ക റിലയൻസിന്റെ ശത്രുപക്ഷത്തേക്കു മാറി. ഇതിനു പിന്നിൽ 'ബോംബെ ഡയിങ്ങി'ന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു. ഈ വിയോജിപ്പാണ് പിന്നീടു ഇന്ത്യ കണ്ട ഏറ്റവും വലിയ കോർപറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണമായത്. രാംനാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകൾ പ്രകടമായിതന്നെ ഇന്ത്യൻ എക്സ്പ്രസ്സിലൂടെ വരാൻ തുടങ്ങി.
റിലയൻസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ചു നിരവധി ലേഖനങ്ങൾ കൃത്യമായ തെളിവുകളോടെ ഇന്ത്യൻ എക്സ്പ്രസ്സിൽ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റും സ്വദേശി സാമ്പത്തികവാദിയുമായ എസ്. ഗുരുമൂർത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നിൽ. ഗുരുമൂർത്തിയുടേത് ഒരു ഒറ്റയാൻ പോരാട്ടം തന്നെയായിരുന്നു. രാഷ്ട്രീയമായ ഭീഷണികൾ ഒരുപാടുണ്ടായി. ഒരിക്കൽ അദ്ദേഹത്തെ ഒരു വ്യാജ ആരോപണത്തിന്മേൽ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി. അദ്ദേഹം 1991ൽ മരിക്കുന്നതുവരെ ഈ പോരാട്ടം തുടർന്നെങ്കിലും അംബാനിയെ തളർത്താൻ ഗോയങ്കയ്ക്കായില്ല.
2005ൽ പുറത്തിറങ്ങിയ ഫ്രീ പ്രസ്സ് ജേണൽ എന്ന മാസികയുടെ ആദ്യ ലക്കംതന്നെ റിലയൻസിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങൾ റിലയൻസിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും, അതുവഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങളായിരുന്നു. അതായത് ടാറ്റയെപ്പോലെ റെസ്പോൺസിബിൾ ഇൻഡസ്ട്രിയിലടെ ആയിരുന്നില്ല അംബാനിയുടെ വളർച്ച.
ആ അർഥത്തിൽ നോക്കുമ്പോൾ ധീരുഭായിയുടെ യഥാർഥ പിൻഗാമിയായി കടുംബത്തുള്ളവർ പോലും കരുതിയത് ഇളയ മകൻ അനിലിയായിരുന്നു. ധീരുഭായിയെപ്പോലെ, റിസ്‌ക്ക് എടുക്കാൻ കഴിയുന്നവനായും, ധീരനായുമൊക്കെ സ്തുതി പാഠകർ വാഴ്‌ത്തിയിരുന്നത് ഇളയ മകൻ അനിലിനെയായിരുന്നു. ശാന്തനും മിതഭാഷിയുമായ മൂത്തമകൻ മുകേഷിനേക്കാൾ, അംബാനിക്കും പ്രതീക്ഷ, ഓവർ സ്മാർട്ട് ആയിരുന്നു അനിലിൽ ആയിരുന്നു. പക്ഷേ മുകേഷിനെ അവർ എല്ലാവും അണ്ടർ എസിറ്റിമോറ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു വസ്തുത.
2006ൽ മുകേഷിനെ വെട്ടിച്ച അനിൽ
ഇവർ പിരിഞ്ഞ 2005നുശേഷം ആദ്യം വളർന്നതും അനിൽ തന്നെയായിരുന്നു. 2006 മാർച്ചിൽ, 14.8 ബില്യൺ ഡോളർ ആസ്തിയോടെ അനിൽ ഫോബ്‌സ് ലിസ്റ്റ് പ്രകാരം രാജ്യത്തെ മൂന്നാമത്തെ അതിസമ്പന്നനായി. ഇതോടെ പല മുംബൈ ടാംബ്ലോയിഡുകളും ധീരുഭായിയുടെ തനി പകർപ്പായ ഇളയമകനെക്കുറിച്ച് എഴുതുവാൻ തുടങ്ങി. പക്ഷേ മുകേഷിന്റെ കളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മുകേഷിന്റെ റിലയൻസ് ഇൻഡസ്ട്രീസായിരുന്നു, കൃഷ്ണ ഗോദാവരി തടത്തിലെ പ്രകൃതിവാതകം കുഴിച്ചെടുത്തിരുന്നത്. മുഖ്യ ഉപഭോക്താവ് അനിലിന്റെ റിലയൻസ് നാച്ചുറൽ റിസോഴ്സ്സും. അവർ തമ്മിലുള്ള വിഭജന കരാറിൽ പറഞ്ഞത് പകുതി വിലക്ക് മുകേഷ് അനിലിന് പ്രകൃതി വാതകം കൊടുക്കണം എന്നാണ്. പിരിഞ്ഞതോടെ കേന്ദ്ര സർക്കാർ നിശ്ചയിച്ച ഉയർന്ന വിലക്കേ നൽകൂവെന്ന് വാതകം നൽകൂ എന്ന് മുകേഷ് നിലപാടെടുത്തു. അനിലിന് കിട്ടിയ ആദ്യ അടി. ഇത് ചതിയാണോ എന്ന് ചോദിച്ചാൽ ചതി തന്നെയാണ്. ഈ ചതിക്ക് മുകേഷിന് പറയാൻ ന്യായമുണ്ട്. കാരണം വിഭജനത്തിന് ഉത്തരവാദി അനിലാണ്. ഇന്ത്യ വിഭജിക്കപ്പെട്ടിട്ടും സ്റ്റെർലിങ്് മിച്ചം എന്ന കോടികളുടെ ധനം പാക്കിസ്ഥാന് കൊടുക്കാൻ നിരാഹാരം കിടന്ന ഗാന്ധിയുടെ മകനല്ല, എതിരാളികളെ ഏത് വിധേയനയും ഒതുക്കിയിരുന്ന, ധീരുഭായിയുടെ മകനാണ് മുകേഷ് എന്ന് അനിൽ മറന്നുപോയി.
2009 ഒക്‌റ്റോബറിൽ ഇതിന്റെ പേരിൽ അംബാനി സഹോദരന്മാർ സുപ്രീം കോടതിയിലേക്ക് നീങ്ങി. 2010 മെയിൽ മുകേഷ് അംബാനിക്ക് അനുകൂലമായി വിധികിട്ടി. ഇതിലും ജസ്റ്റിസ് കെജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ട്. ഇതോടെ കുറഞ്ഞ പ്രകൃതി വാതക വില മുന്നിൽക്കണ്ട് തുടങ്ങിയ റിലയൻസ് പവറിന്റെ (റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിന്റെ ഉപ കമ്പനി) വൈദ്യുത പദ്ധതികളും ഇതിനായെടുത്ത വായ്പകളുടെ തിരിച്ചടവും പ്രശ്നത്തിലായി. ഇതായിരുന്നു അനിലിനേറ്റ ആദ്യ തിരിച്ചടി.
തുടർന്ന് ഇരുവരും തമ്മിൽ മത്സരമൊഴിവാക്കുന്ന കരാർ രണ്ടു ഗ്രൂപ്പും റദ്ദുചെയ്തു. പരസ്പരം തകർക്കാൻ തന്നെയായിരുന്നു ഇരുവരുടെയും തീരുമാനം. അങ്ങനെ മുകേഷ് ഇൻഫോടെൽ ബ്രോഡ്ബാൻഡ് വാങ്ങി ടെലികോം രംഗത്തേക്ക് കടന്നു. ഇന്ത്യൻ ടെലികോം രംഗത്തെ് അതിശക്തമായ മൽസരം നടക്കുന്ന സമയം. 2 ജി കുംഭകോണം പുറത്തു വരികയും റിലയൻസ് കമ്മ്യൂണിക്കേഷൻസിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തിൽ സിബിഐ അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ അനിലിന്റെ സമ്പത്ത് 2008 ലെ 42 ബില്യണിൽ നിന്ന് 2011ൽ 8.8 ബില്യണിലേയ്ക്ക് കൂപ്പു കുത്തി. മൂന്നു വർഷം കൊണ്ട് 80 ശതമാനത്തിന്റെ ഇടിവ്!
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഉപയോഗിച്ചിരുന്ന സിഡിഎംഎ സാങ്കേതികവിദ്യ 4 ജിക്കു യോജിക്കാത്തതായിരുന്നു. അനിൽ ആ പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ 2016ൽ മുകേഷ് ജിയോയുമായി വന്നു. വളരെ കുറഞ്ഞ വിലയ്ക്ക് ഫോണും സേവനവും നൽകിയ മുകേഷിന്റെ തന്ത്രം എല്ലാ ടെലികോം കമ്പനികളേയും പ്രതിസന്ധിയിലാക്കി. സ്പെക്ട്രത്തിനും സേവന ശൃംഖല വിപുലമാക്കാനും വൻതോതിൽ കടമെടുത്തിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഇതോടെ തകർന്നടിഞ്ഞു. കടമെടുത്തു നഷ്ടം വന്നാൽ തിരിച്ചടക്കാൻ ആർക്കായാലും മൂല്യമുള്ള മറ്റ് ആസ്തികൾ വിൽക്കേണ്ടിവരും. എന്നാൽ ഒരാൾ ഇത്തരം പ്രതിസന്ധിയിലാണെന്നറിഞ്ഞാൽ അവരുടെ മൂല്യവത്തായ ആസ്തികൾക്കു പോലും വളരെ കുറഞ്ഞവിലയേ മറ്റുള്ളവർ നൽകൂ. ഏതാണ്ടിതാണ് അനിലിനും സംഭവിച്ചത്.
തൊട്ടതെല്ലാം പിഴക്കുന്ന പാപ്പർ ആവുന്നു
2014ൽ റിലയൻസ് എന്റർടൈന്മെന്റ് ബിഗ് സിനിമാസ് തിയേറ്റർ ശൃംഖല വിൽക്കുന്നു. 2018ൽ മുംബൈയിലെ വൈദ്യുതി വിതരണ ബിസിനസ് റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ, അദാനി ട്രാൻസ്മിഷന് 18800 കോടിക്ക് വിൽക്കുന്നു.ഭൂമി ഏറ്റെടുക്കൽ, ഇന്ധനലഭ്യത പ്രശ്നങ്ങൾ കാരണം 2014ൽ ദാദ്രി വൈദ്യുത പദ്ധതിയിൽനിന്നും റിലയൻസ് എനർജി പിൻവാങ്ങി. 2018ൽ റിലയൻസ് കമ്മ്യൂണിക്കേഷൻസ് അവരുടെ സ്പെക്ട്രം 18000 കോടിക്ക് ജിയോയ്ക്കു വിൽക്കാൻ ധാരണയായെങ്കിലും സ്പെക്ട്രം വാങ്ങുന്നയാൾ കുടിശ്ശിക കൂടി അടക്കണമെന്ന് ടെലികോം വകുപ്പ് നിബന്ധന മൂലം ഇതും മുടങ്ങി.
ഇങ്ങനെ ഒന്നിനുപിറകെ ഒന്നായി അനിൽ ഗ്രൂപ്പ് കമ്പനികൾ പ്രതിസന്ധി നേരിട്ടു. വായ്പാ തിരിച്ചടവ് മുടങ്ങി, പാപ്പരാത്തനടപടികളിലേയ്ക്ക് നീങ്ങി. ഇതിനിടയിലും റിലയൻസ് ക്യാപിറ്റൽ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. റിലയൻസ് മ്യുച്വൽ ഫണ്ട്, റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് ലൈഫ് ഇൻഷുറൻസ് എന്നീ മുൻനിര സ്ഥാപനങ്ങളും റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേർഷ്യൽ ഫിനാൻസ് എന്നിവയും റിലയൻസ് ക്യാപ്പിറ്റലിനു കീഴിലായിരുന്നു..
ഇതിൽ ഹോം, കൊമേഴ്ഷ്യൽ ഫിനാൻസ് ഭൂരിപക്ഷം വായ്പകളും റിയൽ എസ്റ്റേറ്റ് കമ്പനികൾക്കാണ് കൊടുത്തിരുന്നത്. പിന്നെ ഗ്രൂപ്പിലെ മറ്റു കമ്പനികൾക്കും. കമ്പനികൾക്ക് കടമെടുക്കാൻ മികച്ച വായ്പാ റേറ്റിങ് വേണം. ഗ്രൂപ്പ് കമ്പനികളുടെ റേറ്റിങ് മോശമായതോടെ അവർക്ക് വായ്പ ലഭിക്കാതായി. അതോടെ മെച്ചപ്പെട്ട റേറ്റിങ് ഉണ്ടായിരുന്ന റിലയൻസ് ക്യാപിറ്റൽ വായ്പയെടുത്തു ഗ്രൂപ്പിലെ മറ്റ് കമ്പനികൾക്ക് കൊടുത്തുതുടങ്ങി.
അങ്ങനെയിരിക്കേ 2018ൽ ഐഎൽ&എഫ്എസ് എന്ന ഭീമൻ ഇൻഫ്രാസ്ട്രക്ച്ചർ ഫിനാൻസ് കമ്പനിയുടെ തിരിച്ചടവ് മുടങ്ങുന്നു. ഇതോടെ എൻബിഎഫ്സികൾക്കു വായ്പ നൽകാനും അവരുടെ ബോണ്ടിൽ നിക്ഷേപിക്കാനും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും മടിച്ചു. ഇത് റിലയൻസ് ക്യാപിറ്റലിനെയും ബാധിച്ചുവെന്നു മാത്രമല്ല വായ്പാ റേറ്റിങ് കുറയുകയും ചെയ്തു. ഇതിനിടെ ഓഡിറ്റിനു വിവരങ്ങൾ ലഭ്യമാക്കാത്തതുകൊണ്ട് അവരുടെ ഓഡിറ്ററും രാജിവെച്ചു. ഇതോടെ ഗ്രൂപ്പ് കമ്പനികൾക്ക് പുനർവായ്പയായും മൂലധനമായും ലഭിച്ചിരുന്ന ഫണ്ടും നിലച്ചു. അനിലിന്റെ പ്രതിസന്ധി കനത്തു.
കടബാധ്യത തീർക്കാൻ ഇന്ത്യയിലെതന്നെ മികച്ച മ്യൂച്വൽ ഫണ്ടുകളിലൊന്നായ റിലയൻസ് മ്യുച്വൽ ഫണ്ടും വിൽക്കാൻ അനിൽ നിർന്ധിതനായി. പക്ഷേ സെബി നിയന്ത്രണത്തിലുള്ള മ്യുച്വൽ ഫണ്ടിലെ നിക്ഷേപവും ലാഭവും യൂണിറ്റ് ഉടമകൾക്കുള്ളതാണ്. അത് വക മാറ്റാൻ സാധ്യമല്ല. ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികളിലെ ആസ്തിയുടെ സിംഹഭാഗവും പോളിസി ഉടമകൾക്കുള്ളതാണ്, ഇവിടെയും വക മാറ്റം സാധ്യമായില്ല.
സ്വന്തം കമ്പനികളുടെ ഓഹരികൾ അനിൽ പണയം വെച്ച് കടമെടുത്തിരുന്നു. 2019ൽ കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞപ്പോൾ ഇവയുടെ ഈടിൽ വായ്പ കൊടുത്ത കമ്പനികൾ പണയപ്പെടുത്തിയ ഓഹരികൾ വിൽക്കാൻ തുടങ്ങി. ഇത് വിലത്തകർച്ച കൂട്ടി. മാത്രമല്ല ഇതോടെ പ്രൊമോട്ടറായ അനിലിന്റെ ഭൂരിപക്ഷ വിഹിതം വൻതോതിൽ കുറഞ്ഞു. ഇങ്ങനെയാണ് റിലയൻസ് ക്യാപിറ്റലിലെ ഏറ്റവും വലിയ ഓഹരിയുടമയായി എൽഐസി മാറിയത്. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലായ കമ്പനി ഇനി പാപ്പരത്തനടപടിയിലൂടെ കടന്നു പോകും.
മുടിയനായ അനിയനെ ചേട്ടൻ സ്വീകരിക്കുന്നു
ഇതിനിടെ ജയിൽവാസത്തിനുള്ള സാധ്യതയും അനിലിനെ തേടിയെത്തി. 2019ൽ എറിക്‌സൺ എന്ന ടെലികോം ഉപകരണ കമ്പനി കൊടുത്ത കേസിലാണ് സുപ്രീം കോടതി അനിലിനോട് 453 കോടി രൂപ നാലാഴ്ചക്കുള്ളിൽ കൊടുക്കാൻ നിർദേശിച്ചു, ഇല്ലെങ്കിൽ നാലുമാസം ജയിൽ ശിക്ഷയും. ഈ പണം കൊടുത്ത് അനുജനെ രക്ഷിച്ചത് മുകേഷായിരുന്നു.പണം നൽകിയില്ലെങ്കിൽ നാലുമാസം ജയിൽശിക്ഷയും വിധിച്ചിരുന്നു. അവസാന നിമിഷം മുകേഷ് രക്ഷകനായെത്തി പണം നൽകി അനിലിനെ ജയിൽ ശിക്ഷയിൽ നിന്ന് മോചിപ്പിക്കുന്നു.
ഇതിന് ജ്യേഷ്ഠന് നന്ദി പറഞ്ഞു അനിൽ പ്രസ്താവനയിറക്കിയിരുന്നു. ഈ പ്രസ്താവന പുറത്തിറങ്ങി എല്ലാവരും വായിച്ചതിനുശേഷമാണ് അതൊപ്പുവയ്ക്കാൻ അനിലിന്റെ അടുത്തെത്തിയതെന്നൊരു പിന്നാമ്പുറക്കഥയും ആ സമയത്ത് പ്രചരിച്ചിരുന്നു! ഇതിനുപിന്നിൽ പ്രവർത്തിച്ചത് സത്യത്തിൽ മകേഷ് അംബാനിയുടെ ഭാര്യ നിതാം അബാനി ആയിരുന്നുവെന്ന് പിന്നീട് വാർത്തകൾ പുറത്തുവന്നു. കടുംബത്തിൽ ഐക്യം കൊണ്ടുവരണമെന്നത് അവരുടെ നിരന്തര ശ്രമം ആയിരുന്നു. തന്റെ മക്കളുടെ വിവാഹങ്ങളിൽ മുകേഷിനെയും കുടുംബത്തെയും ക്ഷണിച്ചതും നിതയുടെ ശ്രമഫലമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി തർക്കങ്ങളില്ലാതെ മുന്നോട്ടുപോവാനാണ് ഇരുവരുടെയും തീരുമാനം.
അതിന് ഇനി തർക്കത്തിനെന്താണ് പ്രസക്തി. അനിൽ മുകേഷിന് മുന്നിൽ മുട്ടുകുത്തിയിരിക്കയാണ്. ഇനിയുള്ള അനിലിന്റെ സമയം ചേട്ടന്റെ തണലിൽ ഇരുന്നുകൊണ്ട് ഉള്ള കടം വീട്ടുന്നതിനും കേസുകളിൽ നിന്ന്, ഊരിപ്പോരുന്നതിലും ആയിരിക്കും. തൊട്ടതെല്ലാം പൊളിഞ്ഞതുകൊണ്ട് ഇനി ഒരു ബിസിനിസിന്റെ ഉത്തരവാദിത്തം മുകേഷ് നൽകാനും സാധ്യതയില്ല. പച്ചമലയാളത്തിൽ പറഞ്ഞാൽ, ചേട്ടന്റെ ചോറുതിന്ന്, ഒന്നും മിണ്ടാതെ ഒരു മൂലക്ക് ഒതുങ്ങിയിരിക്കുക എന്നത് മാത്രമാണ് ഇനി അനിലിന് മുന്നിലെ പോംവഴി. ധീരുഭായ് അംബാനിയുടെ യഥാർഥ പിൻഗാമിയാവാൻ വന്നിട്ട്, കോടികൾ തുലച്ച് ഭിക്ഷംദേഹിയാവാനായി അനിലിന്റെ ജീവിതം.
അനിലിന് പിഴച്ചത് എവിടെ?
15 വർഷങ്ങൾ കൊണ്ട് ജ്യേഷ്ഠന്റെ സമ്പത്ത് ഇരട്ടിയിലധികമാകുന്നു, അനുജന്റേതു പൂജ്യത്തോടടുക്കുന്നു. മൂന്നു ചൈനീസ് ബാങ്കുകൾ ലണ്ടനിൽ കൊടുത്ത വായ്പാകേസിലാണ് സമ്പത്ത് പൂജ്യമാണെന്നു അനിൽ അംബാനി പറഞ്ഞത്. എവിടെയാണ് അനിലിന് പിഴച്ചതെന്ന അന്വേഷണങ്ങളും, സാമ്പത്തിക വിദഗ്ദ്ധർ പഠിക്കുന്നുണ്ട്.
ബിസിസനസ് സ്്റ്റഡീസിൽ വിദഗ്ധനും, എഴുത്തുകാരനുമായ ഡി കോസലമൂർത്തി പറയുന്നത്, അനിലിലെ തകർത്തത് മകേഷ് അല്ല സ്വന്തം കഴിവുകേട് തനെയാണെന്നാണ്. '' ധീരുഭായി അംബാനിയുടെ ഡിറ്റോയാണ് താനെന്ന പ്രതിഛായയാണ് അനിലിന് സ്വയം ഉണ്ടായിരുന്നത്. പിതാവിനെപ്പോലെ താൻ എടുക്കുന്ന കാര്യങ്ങൾ ഒക്കെ ശരിയാവുമെന്ന് അയാൾ അന്ധമായി വിശ്വസിച്ചു. ഒരിക്കലും, വിദഗ്ധരുടെ സേവനവും സഹായവും തേടിയില്ല. എന്നാൽ പയ്യെതിന്നാൽ പനയും തിന്നാം നിലപാടായിരുന്നു മുകേഷിന്. മുകേഷ് പിഎംഎസ് പ്രസാദ്, മനോജ് മോദി തുടങ്ങിയവരെ താക്കോൽ സ്ഥാനങ്ങളേൽപിച്ചു. ഇത്തരത്തിൽ പ്രഗത്ഭരുടെ സഹായം അനിൽ തേടിയില്ല. ''- കോസലമൂർത്തി വ്യക്തമാക്കുന്നു.
റിലയൻസിന്റെ കുടുംബ ചരിത്രം എഴുതിയ രഞ്ജൻ മിശ്ര, അത്യാഗ്രഹമാണ് അനിലിന്റെ പരാജയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. ''2010 മുതൽ അനുവദിക്കപ്പെട്ട, റിസ്‌ക് കൂടിയ വൻ മുതൽമുടക്ക് ആവശ്യമുള്ള അടിസ്ഥാനമേഖലാ പദ്ധതികൾ, പൊതുമേഖലാ ബാങ്കുകളിൽനിന്നും ഇവയ്ക്ക് സുലഭമായി ലഭിച്ച വായ്പകൾ ഇവയാണ് അനിലെ ഈ മേഖലകളിലേയ്ക്ക് ആകർഷിച്ചത്. എന്നാൽ രണ്ടാം യുപിഎ സർക്കാർ പല കുംഭകോണങ്ങളിലും പെട്ടതോടെ ഭരണ/ഉദ്യോഗസ്ഥതലത്തിൽ നയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും വിമുഖതയുണ്ടായി. പിന്നെ സമ്പദ്വ്യവസ്ഥയിൽ മാന്ദ്യവും കൂടിയായപ്പോൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികൾ പാതിവഴിയിൽ നിലച്ചു. അവരെടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ വൻസാന്നിധ്യമുണ്ടായിരുന്ന അനിലിനെ ഇത് സാരമായി ബാധിച്ചു.''-മിശ്ര ചൂണ്ടിക്കാട്ടി.
2020ന്റെ തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസീനും വൻ കടബാധ്യതയുണ്ടായിരുന്നു. ടെലികോം, റീടെയിൽ എന്നിവയുടെ നിക്ഷേപങ്ങൾക്കായിരുന്നു അത്. പക്ഷെ അന്നത്തെ കോവിഡ് സാഹചര്യത്തിലും ഒന്നരലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയവരിൽനിന്നും സമാഹരിച്ച് കമ്പനിയെ കടമുക്തം ആക്കാൻ മുകേഷിനു കഴിഞ്ഞു. അരലക്ഷം കോടിരൂപ അവകാശ ഓഹരിവഴിയും സമാഹരിച്ചു
ക്രൂഡ്ഓയിൽ, പെട്രോകെമിക്കൽ മേഖലയിൽ മാത്രമായിരുന്ന ഗ്രൂപ്പിനെ മുകേഷ് ഉപഭോക്തൃ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അതിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് വ്യക്തികളുടെ ഡാറ്റാബേസ് ഇന്ത്യ പോലൊരു വലിയ വിപണിയിൽ ഇനിയും വളരാൻ ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള കമ്പനികൾക്ക് ഇതങ്ങേയറ്റം ആവശ്യമാണ്.അതവരെ റിലയൻസിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. സൗരോർജ, ഹരിത ഹൈഡ്രജൻ പദ്ധതികളിലും മുകേഷ് വലിയ നിക്ഷേപം തുടങ്ങിക്കഴിഞ്ഞു
ഇത്തരത്തിൽ ദീർഘ വീക്ഷണത്തോടുകൂടിയ വൈവിധ്യവൽക്കരണമല്ല അനിൽ നടത്തിയത്. മൂലധനം ആകർഷിച്ച് കടം വീട്ടാനുള്ള സാമർഥ്യവും അനിലിനുണ്ടായില്ല. അനിലിന്റെ കമ്പനികൾ ഇത്തരം നിക്ഷേപങ്ങൾ ആകർഷിക്കാൻ പോന്നതായിരുന്നില്ല. അതുപോലെ മുകേഷിന്റെ എറ്റവും വലിയ കരുത്ത് റിലയൻസ് ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയിലൂടെ പതിനായിരം കോടി വരുന്ന സാമൂഹിക പ്രവർത്തനം നടത്തുന്ന ഭാര്യ നിതാ അംബാനിയുടെ ഉപദേശമാണ്. റിലയൻസിന്റെ കുടുംബ ചരിത്രം എഴുതിയ രഞ്ജൻ മിശ്ര ചൂണ്ടിക്കാട്ടിയതുപോലെ, സ്തുതിപാഠകർ അല്ലാതെ നല്ലത് പറഞ്ഞുകൊടുത്താൻ അനിലിന്റെ കൂടെ അധികം ആരും ഉണ്ടായിരുന്നില്ല.
വാൽക്കഷ്ണം: ഒടുവിലതാ ലോകത്തെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ബെസോസിന്റെ ആമസോൺ പോലും മുകേഷിനോട് മുട്ടി തോറ്റിരിക്കയാണ്. ഇന്ത്യയിലെ പ്രമുഖ റീട്ടേൽ ശൃഖലായ ഫ്യൂച്ചറിനെ, അംബാനിയുടെ കമ്പനി 3.4 ബില്ല്യൻ ഡോളറിന് വാങ്ങാൻ കരാറൊപ്പിടാൻ തുടങ്ങിയപ്പോഴാണ് ആമസോൺ ഉടക്കിട്ടത്. ഫ്യൂച്ചറും തങ്ങളുമായി കരാറുള്ളതാണെന്ന് പറഞ്ഞ് കോടതികളെ സമീപിച്ച് കച്ചവടം തടഞ്ഞു. പക്ഷേ മുകേഷ്, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ജോലിക്കാരോട് രാജിവച്ച് തന്റെ കമ്പനിയിൽ ചേരാൻ ആവശ്യപ്പെടുകയും ഒപ്പം ഫ്യൂച്ചറിന്റെ നൂറു കണക്കിന് കടകൾ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഈ രക്തരഹിത വിപ്ലവത്തെ തുടർന്ന് ഫ്യൂച്ചർ കമ്പനിയുമായി എങ്ങനെയെങ്കിലും കേസു തീർപ്പാക്കാനുള്ള ശ്രമത്തിലാണ് ആമസോൺ എന്നാണ് വാർത്ത. തന്ത്രങ്ങളുടെ രാജാവായ ധീരുഭായിയുടെ മോനോടാണ് ആമസോണിന്റെ കളി!
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ