ആലപ്പുഴ: ''ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്.'' ഒരു പ്രമുഖ ക്രൈസ്തവ മാസികയുടെ ക്രിസ്മസ് പതിപ്പിലെ ലേഖനം ചർച്ചയാവുകയാണ്. ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് ഒരു ലേഖനം പള്ളിമാസികയിൽ പ്രത്യക്ഷപ്പെടുന്നത്.

ആത്മീയതയുമായി ബന്ധപ്പെടുത്തി ലൈംഗികതയെ പാപമെന്നും തലമുറയെ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും പറയുന്ന പാരമ്പര്യ ക്രൈസ്തവ പൊതുബോധത്തെ മറികടന്ന് ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക 'മുഖരേഖ' യുടെ ക്രിസ്മസ് പതിപ്പായ ഡിസംബർ ലക്കത്തിൽ 'രതിയും ആയുർവേദവും' എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനം ദമ്പതികൾക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകർ പറയുന്നു.

വാഗ്ഭടന്റെ ക്ളാസ്സിക് ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തിൽ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് 'പത്മിനി', 'ചിത്രിണി', 'സാംഗിനി', 'ഹസ്തിനി' എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുർവേദത്തിൽ ഈ നാലു തരം സ്ത്രീകളിൽ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയിൽ ഏർപ്പെടാമെന്ന് ആയുർവേദം കാണിച്ചു തരുന്നതായും ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.

ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തിൽ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങൾ, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങൾക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തിൽ എഴുത്തുകാരൻ പറയുന്നു. ജീവിതത്തിൽ ലൈംഗികത ഒഴിവാക്കാൻ കഴിയാത്തതും നല്ല ജീവിതത്തിലേക്ക് നയിക്കാൻ അഭികാമ്യവും ആയതിനാൽ ലേഖനം പള്ളി മാസികയിൽ പ്രസിദ്ധീകരിച്ചതിൽ ഒരു തെറ്റുമില്ലെന്നാണ് ഉയരുന്ന അനുകൂല വാദം.

അതേസമയം പുരുഷകേന്ദ്രീകൃതമായ കാഴ്ചപ്പാടാണ് ലേഖനം അവതരിപ്പിക്കുന്നതെന്ന വിമർശനം ശക്തമാണ്, അതുകൊണ്ട് തന്നെ സ്ത്രീ പക്ഷവാദികളുടെ എതിർപ്പും പ്രതീക്ഷിക്കുന്നുണ്ട്.