കൊച്ചി : രാത്രി വൈകി മുളന്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മാതാപിതാക്കളും മകളും മരിച്ചു.

കോട്ടയം ജില്ലയിലെ വെള്ളൂർ ഇറുമ്പയത്തു താമസിക്കുന്ന ഉദയംപേരൂർ ആമേട ഞാറ്റിയേൽ സച്ചിദാനന്ദൻ (50), ഭാര്യ സുജാത (45), മകൾ ശ്രീലക്ഷ്മി (23) എന്നിവരാണു മരിച്ചതെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൂത്ത മകൾ ജ്യോതിലക്ഷ്മിയെക്കുറിച്ചു (25) വിവരമില്ല. ബന്ധുവീടുകളിൽ ഉണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഇന്നലെ രാത്രി പത്തോടെ കൊച്ചുവേളി ഗുവാഹത്തി ട്രെയിനാണു തട്ടിയത്. റെയിൽവേ സ്റ്റേഷനു സമീപം തന്നെയായിരുന്നു അപകടം. നാലു വർഷം മുൻപാണു സച്ചിദാനന്ദനും കുടുംബവും വെള്ളൂരിലെ ഇറുമ്പയത്തേക്കു താമസം മാറ്റിയത്. മൃതദേഹങ്ങൾ പൊലീസ് നടപടികൾക്കുശേഷം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഇവരുടെ മരണം ആത്മഹത്യയാകാമെന്ന സംശയം പൊലീസിനുണ്ട്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കൂ. ഇതിന് മൂത്തമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. എങ്കിൽ മാത്രമേ മരണത്തിന്റെ യഥാർത്ഥകാരണം ബോധ്യമാകു.