കൊച്ചി: അങ്കണവാടിയിൽ മൂത്രമൊഴിച്ചു എന്ന കാരണത്താൽ മൂന്നര വയസ്സുകാരിയുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും തല്ലുകയും ചെയ്തു. മുളന്തുരുത്തി കാരിക്കോട് ഗവൺമെന്റ് യു.പി.സ്‌ക്കൂളിനുള്ളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൂന്നര വയസ്സുകാരിയാണ് അങ്കണവാടിയിലെ ആയ അമ്മിണിയുടെ ക്രൂരതയ്ക്ക് ഇരയായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അങ്കണവാടിയിൽ വച്ച് കുട്ടി മൂത്രം ഒഴിക്കണമെന്ന് ആയയായ അമ്മിണിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇവർ കുട്ടിയെ ശാസിക്കുകയും ഇപ്പോൾ പോകണ്ട എന്നു പറയുകയും ചെയത്ു. ഇതോടെ ഗത്യന്തരമില്ലാതെ കുട്ടി ക്ലാസ്സ് റൂമിൽ തന്നെ മൂത്രം ഒഴിച്ചു. ഇത് കണ്ട ആയ കുട്ടിയെ അസഭ്യം പറയുകയും തല്ലുകയുമായിരുന്നു. കൂടാതെ കുട്ടിയുടെ ഡ്രസ്സ് വലിച്ചു കീറുകയും അത് ഉപയോഗിച്ച് നിലത്ത് വീണ മൂത്രം തുടയ്ക്കുകയും ചെയതു.

വീട്ടിലെത്തിയ കുട്ടി മൂകയായി ഇരിക്കുകയായിരുന്നു എന്ന് പിതാവ് മറുനാടനോട് പറഞ്ഞു. ഇനി സ്‌ക്കൂളിൽ പോകുന്നില്ല എന്ന് പറയുകയും ചെയതു. അപ്പോൾ എന്താണ് കാര്യമെന്ന് തിരക്കിയെങ്കിലും ഒന്നു മകൾ പറഞ്ഞില്ല. അങ്ങനെ ഇന്ന് രാവിലെ അങ്കണവാടിയിലേക്ക് പോകാനായി കുഞ്ഞിനെ ഒരുക്കുമ്പോഴാണ് വീണ്ടും അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞത്. ഇതോടെ വിവരങ്ങൾ വീണ്ടും തിരക്കിയപ്പോഴാണ് ആയ കുഞ്ഞിനോട് കാട്ടിയ ക്രൂരത അറിയുന്നത് എന്ന് അച്ഛൻ പറയുന്നു.

പിന്നീട് രാവിലെ അങ്കണവാടിയിൽ വിവരം അന്വേഷിക്കാൻ ചെന്നപ്പോൾ ടീച്ചർ പറഞ്ഞത് തനിക്കൊന്നും അറിയില്ല എന്നും ശനിയാഴ്ച താൻ ലീവായിരുന്നു എന്നുമാണ് പറഞ്ഞത്. ആയ ഇന്ന് ലീവാണ് നാളെ വിവരം ചോദിച്ചിട്ട് പറയാം എന്ന് നിസാരമായി അവർ പറയുകയായിരുന്നു. കുട്ടിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനെതിരെ പൊലീസിലും ചൈൽഡ് പ്രൊട്ടക്ഷനും പരാതി നൽകുമെന്നും കുട്ടിയുടെ അച്ഛൻ മലയാളിയോട് പറഞ്ഞു. ആരോപണം ഉയരുന്ന ആയക്കെതിരെ മുൻപും ഇത്തരത്തിലുള്ള പരാതി ഉയർന്നിട്ടുണ്ട്.