കാബൂൾ: അഫ്ഗാനിസ്താനിൽ ഇടക്കാല സർക്കാർ രൂപവത്കരിച്ച് താലിബാൻ. ഒരു പ്രധാനമന്ത്രി, രണ്ട് ഉപപ്രധാനമന്ത്രി എന്നിവരുടെ നിയന്ത്രണത്തിലാവും താലിബാൻ സർക്കാർ. മുല്ല ഹസൻ അഖുന്ദ് പ്രധാനമന്ത്രിയാകുമ്പോൾ മുല്ല അബ്ദുൾ ഗനി ബറാദറും മൗലവി ഹന്നാഫിയും ഉപപ്രധാനമന്ത്രിമാരാവും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് സർക്കാർ സംബന്ധിച്ച കാര്യങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

താലിബാനിൽ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് താരതമ്യേന സുപരിചിതനല്ലാത്ത രണ്ടാംനിര നേതാവ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നത്. താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസൻ അഖുൻദ്.പഴയ താലിബാൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. യുഎന്നിന്റെ ഭീകരരുടെ പട്ടികയിലും അഖുൻദയുടെ പേരുണ്ട്. താലിബാൻ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻദസാദായാണ് ഹസൻ അഖുൻദിന്റെ പേര് നിർദ്ദേശിച്ചതെന്നാണു റിപ്പോർട്ട്.

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സൻ അറിയപ്പെടുന്നത്. പാക്കിസ്ഥാനിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സൻ, 2010ൽ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോർട്ടുണ്ടായിരുന്നു.പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ആളുകൂടിയാണ് ഹസ്സൻ

നേരത്തെ താലിബാൻ സഹ സ്ഥാപകനായ മുല്ല ബറാദർ ഭരണം നയിക്കുമെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താലിബാന്റെ രണ്ടാം നിര നേതാക്കളിൽ പ്രമുഖനായ മുല്ല ഹസ്സൻ അഖുന്ദിനാണ് ഇപ്പോൾ നറുക്ക് വീണിരിക്കുന്നത്.അഫ്ഗാൻ സൈന്യത്തെ കീഴടക്കി മൂന്നാഴ്ചയ്ക്ക് ശേഷമാണ് താലിബാൻ പുതിയ സർക്കാരിനെ പ്രഖ്യാപിച്ചത്. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീൻ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. അമീർ മുതാഖിക്കാണ് വിദേശകാര്യം. ഷേർ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുൾ ഹക്കീമിനാണ്. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും.

സർക്കാർ രൂപീകരണത്തിൽ താലിബാനിൽ ഉൾപ്പോര് രൂക്ഷമാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അഫ്ഗാനിൽ പ്രതിരോധ സേനയുടെ നിയന്ത്രണത്തിൽ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാൻ സർക്കാർ രൂപീകരിച്ചത്. മുന്നാഴ്ച മുമ്പാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ചത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും രാജ്യത്ത് ഒരു സർക്കാറിനെ നിയോഗിക്കാൻ സംഘടനയ്ക്ക് ആയിരുന്നില്ല.

താലിബാനിലെ ഒന്നിലധികം വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സർക്കാർ രൂപീകരണത്തിൽ തിരിച്ചടിയായത്. മുല്ല ബറാദറിന് ഒപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബും ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയും സർക്കാറിൽ ഉന്നത പദവികൾ വഹിക്കുമെന്നും താലിബാൻ വൃത്തങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെ പ്രധാനമന്ത്രിയായി താലിബാൻ പരിഗണിക്കുന്നതിൽ, കാബൂളിൽ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. താലിബാൻ, പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തെരുവിൽ ഇറങ്ങിയത്. പ്രതിഷേധക്കാർക്ക് നേരെ താലിബാൻ വെടിയുതിർത്തെന്നും റിപ്പോർട്ടുണ്ടായിരുന്നു.

അഫ്ഗാൻ സന്ദർശിക്കുന്ന പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവൻ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. പഞ്ചശീറിലെ അഫ്ഗാൻ പ്രതിരോധ സേനയ്ക്ക് പിന്തുണ അർപ്പിച്ചും താലിബാന്റെ ഭീകരഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായിരുന്നു പ്രതിഷേധം. എന്നാൽ, താലിബാൻ ഇവർക്ക് നേരേ വെടിവച്ചുവെന്നായിരുന്നു ചില റിപ്പോർട്ടുകൾ