ആലപ്പുഴ: പണവും അധികാരവും ഉണ്ടെങ്കിൽ പൊലീസിന്റെ ഏത് അന്വേഷണം എളുപ്പം അട്ടിമറിക്കാൻ സാധിക്കുമെന്നത് ഒരു വാസ്തവമാണ്. ആലപ്പുഴയിൽ സുരക്ഷാ ജീവനക്കാരനെ വസ്ത്രവ്യാപാര സ്ഥാപന ഉടമയുടെ മകൻ ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിലും പൊലീസിന്റെ നിലപാട് തുടക്കത്തിൽ പണം കണ്ടായിരുന്നു എന്നാണ് ആക്ഷേപം. വ്യക്തമായ കൊലപാതകം ആയിരുന്നിട്ടും പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരനെതിരെ നടപടി എടുക്കാൻ മടിക്കുകയായിരുന്നു. ലോക്കൽ പൊലീസ് കേസിൽ തിരിമറി നടത്തിയെങ്കിലും കൊല്ലപ്പെട്ടയാളുടെ വിധവ നടത്തിയ വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

പോസ്റ്റ്‌മോർട്ടം പോലും നടത്താതെ കേസ് തേച്ചുമായ്ച്ചു കളയാനാണ് ലോക്കൽ പൊലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ മരിച്ചയാളുടെ ഭാര്യയും ബന്ധുക്കളും നീതിതേടി ഉറച്ചുനിന്നതിനാലാണ് രണ്ടു വർഷത്തിന് ശേഷം നാടകീയമായി അറസ്റ്റിന് വഴിയൊരുങ്ങിയത്. സുരക്ഷാ ജീവനക്കാരനായിരുന്ന ആലപ്പുഴ ആശ്രമം വാർഡ് അംബുജ ഭവനിൽ രാജഗോപാൽ (54) കൊല്ലപ്പെട്ട കേസിൽ ആലപ്പുഴ മഹേശ്വരി ടെക്‌സ്‌റ്റൈൽസ് ഉടമയുടെ മകൻ മുല്ലയ്ക്കൽ ലക്ഷ്മി സദനത്തിൽ രാധാകൃഷ്ണ (കണ്ണൻ42)നെ ബുധനാഴ്ചയാണ് ഡി.സി.ആർ.ബി: ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമം 326ാം വകുപ്പ് പ്രകാരം ഗുരുതരമായ പരുക്കേൽപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. കേസിന്റെ അന്വേഷണം ആരംഭിച്ച സമയത്ത് ആലപ്പുഴ നോർത്ത് പൊലീസാണ് ഈ വകുപ്പ് ചേർത്തത്.

എന്നാൽ ആറു മാസത്തിന് ശേഷം രാജഗോപാൽ മരിച്ചെങ്കിലും ഇതേ വകുപ്പ് മാത്രമാണ് നിലനിർത്തിയത്. മരണവിവരം പൊലീസിൽ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ന്യായവാദം. എന്നാൽ രാജഗോപാലിന്റെ ബന്ധുക്കൾ ഇതു നിഷേധിച്ചു. രാജഗോപാൽ മരിച്ച വിവരം പൊലീസിൽ അറിയിച്ചിട്ടാണ് സംസ്‌കാരച്ചടങ്ങുകൾ നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു. എന്നിട്ടും പോസ്റ്റ്‌മോർട്ടം നടത്തിയില്ല. അറസ്റ്റിലായ ശേഷം രാധാകൃഷ്ണനെതിരേ തെളിവ് നശിപ്പിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

രാജഗോപാലിനെ ചവിട്ടിയ ഷൂസിനായി വസ്ത്രവ്യാപാരശാലയിലും വീട്ടിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം ഇഴഞ്ഞു നീങ്ങിയതിനെത്തുടർന്ന് രാജഗോപാലിന്റെ ഭാര്യ ഡി.ജി.പിക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകിയിരുന്നു. തുടർന്നാണ് ഡി.സി.ആർ.ബി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അന്വേഷണം കൈമാറിയത്. 2013 മെയ്‌ 27ന് രാത്രി 11.30നാണ് രാജഗോപാലിനു മർദനമേറ്റത്.

വീടിന്റെ മുന്നിൽ കസേരയിലിരുന്ന രാജഗോപാലിനോട് ഉറങ്ങുകയാണോടാ എന്നാക്രോശിച്ചു കണ്ണൻ ആക്രമിക്കുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ പിടിച്ചു നിലത്തിട്ടു ഷൂസിട്ട കാലുകൊണ്ട് ഇടതു വാരിയെല്ലിന്റെ ഭാഗത്തു ചവിട്ടുകയും കരണത്തടിക്കുകയുമായിരുന്നു ചെയ്തത്. ഇതേ തുടർന്ന് വാരിയെല്ലുകൾ പൊട്ടി. അവിടെയുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ ജയറാം ഇയാളെ റോഡിൽ കൊണ്ടുചെന്നു വിട്ടു. വെളുപ്പിന് ഓട്ടോറിക്ഷയിൽ രാജഗോപാൽ വീട്ടിലെത്തിയെങ്കിലും അവശനായതോടെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറ് മാസത്തിന് ശേഷം രാജഗോപാൽ മരിച്ചു. രാജഗോപാലിനെ ചികിത്സിച്ച ആശുപത്രികളിലെ രേഖകൾ പരിശോധിച്ചപ്പോൾ മർദനം മൂലമുണ്ടായ പരുക്കാണുള്ളതെന്നും സ്ഥാപന ഉടമ പറഞ്ഞതുപോലെ വീഴ്ചയിലുണ്ടായതല്ലെന്നും വ്യക്തമായി. കസേരയിൽ ഇരുന്ന തന്നെ രാത്രിയിൽ രാധാകൃഷ്ണൻ ഷൂസിട്ട കാലുകൊണ്ടാണ് ചവിട്ടി വീഴ്‌ത്തിയതെന്ന് രാജഗോപാൽ ലോക്കൽ പൊലീസിനു നൽകിയ മൊഴിയിലും പറഞ്ഞിരുന്നു. നിലവിൽ ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയത്.

31ന് അസ്ഥിരോഗ വിഭാഗം ഡോക്ടർ പരിശോധിച്ചപ്പോഴാണു സംഭവം പുറത്തു പറഞ്ഞത്. അന്നുതന്നെ ആലപ്പുഴ നോർത്ത് എസ്.ഐ. വിദ്യാധരകുമാറിനു രാജഗോപാൽ മൊഴി നൽകി. മൊഴിയിൽ രാധാകൃഷ്ണൻ ചവിട്ടിയെന്നു പറയുന്നു. ആലപ്പുഴ ജനറൽ ആശുപത്രി, മെഡിക്കൽ കോളജ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നടത്തിയെങ്കിലും നവംബർ നാലിനു മരിച്ചു. ചികിത്സയ്ക്കും മറ്റുമായി നാലര ലക്ഷം രൂപ രാധാകൃഷ്ണൻ ചെലവഴിച്ചു. രണ്ടുവർഷം മുമ്പുണ്ടായ സംഭവത്തിൽ അടുത്തിടെ രാജഗോപാലിന്റെ ഭാര്യയും ബന്ധുക്കളും നൽകിയ പരാതിയെ തുടർന്നാണു പുനരന്വേഷണം നടത്തിയത്.

രാജഗോപാലിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, ഇയാളെ ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിച്ച ഓട്ടോ ഡ്രൈവർ മുരളീധരൻ, ഇയാൾക്കൊപ്പം ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ജയറാം എന്നിവരിൽനിന്നു മൊഴിയെടുത്തശേഷമാണ് അറസ്‌റ്റെന്നും പൊലീസ് പറഞ്ഞു.