തിരുവനന്തപുരം: ഇന്ന് വീണ്ടും മുല്ലപ്പെരിയാർ തുറക്കുന്നു. 'ഹൃദയരക്തം കൊണ്ട് ഒപ്പുവയ്ക്കുന്നു' എന്നു തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ പ്രഖ്യാപിച്ച മുല്ലപ്പെരിയാർ പാട്ടക്കരാറിന് ഇന്ന് 135 വയസ്സാകുമ്പോൾ ഭീതി കൂടുന്നുവെന്നതാണ് വസ്തുത. ജലദൗർലഭ്യം നേരിടുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകൾക്ക് ഇതുകൊണ്ട് പ്രയോജനം കിട്ടുന്നു. 700 കോടി രൂപയുടെ വൈദ്യുതിയാണ് തമിഴ്‌നാട് ഈ വെള്ളം ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്നത്. ഭയപ്പാട് കേരളത്തിനും.

തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമയ്യങ്കാറും മദ്രാസ് സംസ്ഥാനത്തിനു വേണ്ടി കൊച്ചി തിരുവിതാംകൂർ റസിഡന്റ് ജോൺ ചൈൽഡ് ഹാനിങ്ടണും 1886 ൽ ഒപ്പിട്ട കരാറിൽ 7 വ്യവസ്ഥകളാണുള്ളത്. തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും അണയ്ക്കു 100 ഏക്കർ സ്ഥലംകൂടി നൽകാനുമായിരുന്നു പ്രധാന വ്യവസ്ഥ. ഇതിന് ഏക്കർ ഒന്നിന് 5 രൂപ വച്ചു കേരളത്തിനു പാട്ടം നൽകണം. 40,000 രൂപയാണ് അന്നു പ്രതിവർഷം കേരളത്തിനു ലഭിച്ചിരുന്നത്. 1886 ൽ നിർമ്മാണം തുടങ്ങിയ അണക്കെട്ട് 1895 ലാണ് കമ്മിഷൻ ചെയ്തത്.

തമിഴ് നാട്ടിലെ വൈഗാ പ്രദേശത്ത് സമൃദ്ധമായ കൃഷി നടത്താനായി കരാർ ഉണ്ടാക്കിയപ്പോൾ തികച്ചും ഏകപക്ഷീയമായി കരാർ തയ്യാറാക്കിയതിലുള്ള വേദനയാണ് മഹാരാജാവ് ജനങ്ങളുമായി പങ്കുവച്ചത്. അതേ വേദന തന്നെയാണ് ഇന്നും ഭരണാധികാരികള്ക്കും കേരള ജനതയ്ക്കുമുള്ളത്. പെരിയാർ പാട്ടക്കരാറിലെ എല്ലാ വ്യവസ്ഥകളും അന്നത്തെ മദ്രാസ് സർക്കാരിനനുകൂലമായിരുന്നു. 999 കൊല്ലത്തേക്കുള്ള പാട്ടക്കരാണ് ഒപ്പിടേണ്ടി വന്നത്. 8000 ഏക്കർ പ്രദേശവും 136 അടി ജലം നില്ക്കുന്ന അണക്കെട്ടുമാണ് പാട്ടത്തിന് നല്കിയത്.

തമിഴ് നാട്ടിലെ അഞ്ച് ജില്ലകളിലെ ആയിരക്കണക്കിന് ഏക്കർ കൃഷി സ്ഥലങ്ങൾ കൃഷിക്ക് ഉപയുക്തമാക്കാൻ ഇതോടെ കഴിഞ്ഞു. പെരിയാറിന് കുറുകെ അണകെട്ടി മുല്ലയാറിലെയും പെരിയാറിലെയും വെള്ളം തടുത്തു നിർത്തി കിഴക്കോട്ടൊഴുക്കിയാണ് തേനി,മധുര,രാമനാഥപുരം, ദിണ്ടിഗൽ,ശിവഗംഗ എന്നീ പ്രദേശങ്ങളെ ജല സമ്പുഷ്ടമാക്കിയത്.

മേജർ ജോൺ പെനിക്യുക്ക് എന്ന എൻജിനീയറുടെ നേതൃത്വത്തിലാണ് അണകെട്ടിയത്. മുല്ലയാറിന്റെയും പേരിയാറിന്റെയും സംഗമ ഭൂമിയിൽ അണകെട്ടാൻ ബ്രിട്ടീഷ് പട്ടാളവും പോർച്ചുഗീസുകാരും നാട്ടുകാരും പണിയെടുത്തു. 80,000 ടൺ ചുണ്ണാമ്പുകല്ലാണ് ഗൂഡല്ലൂർ മലയിൽ നിന്നും തേക്കടിയെ റോപ് വേയിൽ കൂട്ടിയിണക്കി അതിലൂടെ കൊണ്ടു വന്നത്. 1895 ഒക്ടോബറിൽ ലോർഡ് വെൻലോക് എന്ന ബ്രിട്ടീഷ് പ്രതിനിധിയാണ് ഡാം കമ്മീഷൻ ചെയ്തത്. കാട്ടിലൂടെ കാളവണ്ടികളിലാണ് നിർമ്മാണ സ്ഥലത്ത് എത്തിച്ചത്.

പെരിയാറിൽ ഒഴുകിയെത്തുന്ന മുല്ലപഞ്ചാൻ പുഴയിൽ ബണ്ടുകെട്ടി തോണി ഉപയോഗിച്ചും സാധനങ്ങൾ കൊണ്ടുവന്നിരുന്നു. പണിക്കിടെ 183 പേർ മരണപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു. 1886 ഒക്ടോബർ 29നാണ് ശ്രീമൂലം തിരുനാളും ബ്രിട്ടിഷ് ഭരണകൂടവും 'പെരിയാർ ലീസ് എഗ്രിമെന്റ്' എന്നറിയപ്പെടുന്ന കരാർ ഉണ്ടാക്കിയത്. ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടതോടെ സാധുത നഷ്ടപ്പെട്ട കരാർ, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1970 മെയ്‌ 29ന് 2 അനുബന്ധകരാറുകളിലൂടെ പുതുക്കി.

1954 മുതൽ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ കരാറനുസരിച്ചു പാട്ടത്തുക ഏക്കറിനു 30 രൂപയായി നിശ്ചയിച്ചു. മുല്ലപ്പെരിയാർ വെള്ളം ഉപയോഗിച്ച് ലോവർ ക്യാംപിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കു കിലോവാട്ടിനു 12 രൂപയെന്നും സമ്മതിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഈ തീരുമാനം. 30 വർഷത്തിലൊരിക്കൽ പാട്ടക്കരാർ പുതുക്കണമെന്നും നിരക്ക് വർധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു പ്രകാരം 2000 ൽ കരാർ പുതുക്കേണ്ടതായിരുന്നു. എന്നാൽ, കേരളം പാട്ടത്തുക ഉയർത്തിയില്ല. പാട്ടം പുതുക്കി സ്വീകരിച്ചാൽ കരാർ അംഗീകരിക്കുന്നതിനു തുല്യമാകുമെന്നു നിയമോപദേശം ലഭിച്ചതിനാൽ അധിക വരുമാനം വേണ്ടെന്നു വച്ചു. എങ്കിലും പഴയ നിരക്കിൽ തമിഴ്‌നാട് കേരളത്തിനു മുടങ്ങാതെ പണം നൽകുന്നുണ്ട്.

1930 കളിൽ തന്നെ അണക്കെട്ടിന് ബലക്ഷയം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.30 ലും 32 ലും 35 ലും ചോര്ച്ച തടയാൻ ഗ്രൌട്ടിങ് നടത്തിയിരുന്നു. ഇന്ത്യ സ്വതന്ത്രയായപ്പോൾ മദ്രാസ് സർക്കാരും തിരുവിതാംകൂറും ഇല്ലാതായി. ബ്രിട്ടീഷുകാരും അപ്രത്യക്ഷമായി. എന്നാൽ കരാറ് അതേപടി നിലനിന്നു. 1890ൽ പണിത വിക്‌റ്റോറിയ ഡാം അടക്കം ഇന്ത്യയിൽ നേരത്തേ പണിത ഡാമുകളിൽ 50 വയസ്സ് കഴിഞ്ഞതെല്ലാം മാറ്റിപ്പണിതു. എന്നാൽ 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം മാത്രം തർക്കവിഷയമായി നിലനില്ക്കുകയാണ്.