ന്യൂഡൽഹി: ബേബി ഡാം മരം മുറിയിലെ വിവാദ ഉത്തരവിന് പിന്നിലെ ആശയക്കുഴപ്പങ്ങൾ സുപ്രീംകോടതിയിലും നിറഞ്ഞു. ജലനിരപ്പും ഡാം സുരക്ഷയും സംബന്ധിച്ചു കേരളത്തിന്റെ വാദങ്ങൾ കേൾക്കാമെന്നു വ്യക്തമാക്കി തന്നെയാണ് ഇന്നലെ ജഡ്ജിമാരായ എ.എം.ഖാൻവിൽക്കറും സി.ടി.രവികുമാറും ഉൾപ്പെട്ട ബെഞ്ച് മുല്ലപ്പെരിയാർ കേസ് കേൾക്കാനിരിക്കുന്നത്. എന്നാൽ, വാദം തുടങ്ങിയപ്പോൾ കേരളത്തിനായി ജയദീപ് ഗുപ്ത കൂടുതൽ സമയം ചോദിച്ചു.

വരുന്ന ആഴ്ചയിലെ തിരക്കുകൾ ബെഞ്ചും തമിഴ്‌നാടു സർക്കാരിനായി ഹാജരായ ശേഖർ നാഫ്‌ഡെയും അറിയിച്ചതോടെ കേസ് 22ലേക്കു മാറ്റി. ഇതിനിടെ, പുതിയ ഹർജി നൽകിയ പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റിനു വേണ്ടി ഹാജരായ വി.കെ.ബിജു തന്റെ വാദങ്ങൾ ഉന്നയിക്കാൻ അവസരം തേടിയതോടെ തമിഴ്‌നാട് പ്രതിരോധത്തിലായി. ഇതു മാത്രമാണ് കേരളത്തിന് ആശ്വാസം. അഡ്വക്കേറ്റ് ബിജുവിന്റെ ഇടപെടലുകളെ കോടതിയും പോസ്റ്റീവായി തന്നെ എടുത്തു. കോടതിയിലെ വാദപ്രദിവാദങ്ങൾ ഇതിന് തെളിവാണ്. അഡ്വ ബിജു നടത്തിയ ഇടപെടൽ പോലും കേരളത്തിന് വേണ്ടി പിണറായി സർക്കാരിന് ഉയർത്താൻ കഴിയുന്നില്ലെന്നതാണ് ശ്രദ്ധേയം.

ഡാമിന്റെ ചോർച്ച സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു പരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്‌മെന്റിനു വേണ്ടി ആവശ്യപ്പെട്ടത്. ആരാണ് വിവരം നൽകേണ്ടതെന്ന കോടതിയുടെ ചോദ്യത്തിന് തമിഴ്‌നാട് സർക്കാരാണെന്നും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ലഭ്യമാക്കിയിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇക്കാര്യങ്ങളെല്ലാം പലവട്ടം ലഭ്യമാക്കിയതാണെന്നായികുന്നു തമിഴ് നാടിന്റെ വാദം. കേസ് വിചാരണയ്ക്കു വരുമ്പോൾ ഈ വിവരങ്ങൾ കോടതിക്കു മുൻപിലും ലഭ്യമാക്കണമെന്ന് ഇതോടെ കോടതിയും നിർദ്ദേശിച്ചു.

തമിഴ്‌നാട്ടിലെ 5 ജില്ലകൾക്കു വെള്ളവും കേരളത്തിലെ 5 ജില്ലകൾക്കു സംരക്ഷണവുമാണ് വേണ്ടത്. എതിരാളികൾ എന്ന നിലയിൽ അല്ല പ്രശ്‌നത്തെ കാണേണ്ടതെന്നും അഡ്വ ബിജു പറഞ്ഞു. പുതിയ ഹർജികൾ വിഷയം ചൂടാക്കി നിർത്താനുള്ള ഒരു ശ്രമം കൂടിയാണ് ഇപ്പോഴത്തേത്. തമിഴ്‌നാടിനെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യമെന്നായിരുന്നു മറുവാദം. മുല്ലപ്പെരിയാർ വിഷയം തുടർച്ചയായ മേൽനോട്ടമുണ്ടാകേണ്ട കാര്യമാണ്. അടിക്കടി മാറുന്ന സ്ഥിതിയുണ്ടായാൽ എന്തുചെയ്യും? അതുകൊണ്ട് പുതിയ രേഖകൾ ചോദിച്ചുകൂടെന്നില്ലേ എന്നായി കോടതിയുടെ മറുചോദ്യം. മറ്റാരെക്കാളും ഈ വിഷയങ്ങളെ ഗൗരവത്തോടെ കാണുന്നുണ്ട്. രേഖകൾ എല്ലാം ലഭ്യമാക്കുമെന്ന് തമിഴ്‌നാടിനും സമ്മതിക്കേണ്ടി വന്നു. ഇനി കേസ് പരിഗണിക്കുമ്പോൾ ചോർച്ച സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നേരിട്ടുള്ള വാദം തന്നെയാണ് നല്ലതെന്ന ചർച്ചയവും വാദത്തിനിടെ ഉയര്ന്നു. ഓൺലൈനാകുമ്പോൾ പലപ്പോഴും അൺമ്യൂട്ട് ചെയ്യപ്പെടുന്നുവെന്ന് ഡോ ജോ ജോസഫിനായി ഹാജരായ ടിജി നായർ വാദിച്ചു. നേരിട്ടായാലും അല്ലെങ്കിലും അൺമ്യൂട്ട് ചെയ്യേണ്ടതാണെങ്കിൽ ചെയ്യുമെന്നായിരുന്നു കോടതിയുടെ നിലപാട്. സമൂഹമാധ്യമങ്ങളിൽ നടക്കുന്നൊരു പ്രചാരണത്തിന്റെ ഭാഗം മാത്രമാണ് ഈ ഹർജികൾ എന്നും തമിഴ്‌നാട് പറഞ്ഞു വയ്ക്കാൻ ശ്രമിച്ചു.

50 ലക്ഷം ആളുകളുടെ ജീവനും സുരക്ഷയും സംബന്ധിച്ച വിഷയമാണെന്ന് അഡ്വ ബിജു തിരിച്ചടിച്ചു. കേസ് 22ന് പരിഗണിക്കും. അതുവരെ തൽസ്ഥിതി തുടരും. കേസ് വെർച്വലായാണെങ്കിലും അഭിഭാഷകർക്ക് നേരിട്ടും ഹാജരാകാമെന്നും കോടതി കൂട്ടിച്ചേർത്തു.