- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെ മരംമുറിക്കൽ ഉത്തരവ്; കേരള - തമിഴ്‌നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയും നടന്നു; നിയമസഭയിൽ വനം മന്ത്രി നൽകിയ മറുപടി തിരുത്തിയേക്കും; സർക്കാറിന്റെ കള്ളക്കളിയുടെ തെളിവെന്ന ആരോപണവുമായി പ്രതിപക്ഷം
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് സംയുക്ത പരിശോധനയും നടന്നു. കേരള തമിഴ്‌നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നാണ് സ്ഥിരീകരണം. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ വനംമന്ത്രി ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തും. ഇതിനായി സ്പീക്കർക്ക് നോട്ട് നൽകി.
മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കുമെന്നും ഉറപ്പാണ്. സർക്കാറിന്റെ അറിവോടെ നടന്ന സംഭവത്തിൽ തടിയൂരാനാണ് ഇപ്പോഴത്തെ ശ്രമമെന്നാണ് ആരോപണം. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം.
സംയുക്ത പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു. മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്‌നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മരംമുറിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
23 മരം മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയിൽപ്പെട്ട ഉടൻ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാർ നിലപാടിന് എതിരായ ഉദ്യോഗസ്ഥ നടപടി അംഗീകരിക്കില്ലെന്നും ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി സഭയെ അറിയിച്ചു. കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം, ഇതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
23 മരം മുറിക്കണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാൽ, രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. സർക്കാർ നിലപാടിന് എതിരായ ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രിസഭയിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ