ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്ന പത്ത് ഷട്ടറുകളിൽ 9 എണ്ണവും അടച്ചു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് പുലർച്ചെ രണ്ട് ഷട്ടറുകൾ തുറന്നത്. നിലവിൽ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകൾക്കൊപ്പം പുലർച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. നിലവിൽ ഒരു ഷട്ടർ 10 സെന്റീമീറ്റർ മാത്രമാണ് ഉയർത്തിയിട്ടുള്ളത്.

മുന്നറിയിപ്പില്ലാതെ അർദ്ധരാത്രിയിൽ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത്. അണക്കെട്ടിൽ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

രണ്ട് ദിവസം മുമ്പ് സമാനമായ രീതിയിൽ രണ്ട് ഷട്ടറുകൾ തുറന്നിരുന്നു. ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകൾ പൂർണമായും അടച്ചിരുന്നു. എന്നാൽ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് 8 ഷട്ടറുകൾ തുറന്നത്. വീണ്ടും മുന്നറിയിപ്പ് നൽകാതെ പുലർച്ചെ മൂന്നരയോടെ 2 ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി സെക്കന്റിൽ 8000 ഘനയടി വെള്ളമാണ് ഒഴുക്കിയത്.

അതേസമയം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഷട്ടറുകൾ തുറന്നത് ശരിയായില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ പ്രതികരിച്ചു.