- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന നയപ്രഖ്യാപനം; തമിഴ്‌നാട് കോടതിയിലേക്ക്; കേരള നിലപാട് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പങ്കുവെക്കുന്നത് കേരളത്തിന്റെ ആശങ്ക; തമിഴ്‌നാടുമായി തർക്കത്തിനില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നും കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.
ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിർദ്ദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് തമിഴ്‌നാട്. നേരത്തെ തന്നെ കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന നിർദ്ദേശം കേരളം മുന്നോട്ടുവെച്ചിരുന്നു. ഇത് തമിഴ്‌നാട് എതിർത്തിരുന്നു.
എന്നാൽ ഇപ്പോൾ യാതൊരുവിധ ചർച്ചകളും കൂടിയാലോചനകളും ഇല്ലാതെയുള്ള പ്രഖ്യാപനം ശരിയല്ല എന്ന നിലപാടിലാണ് തമിഴ്‌നാട്. അതിനാലാണ് തമിഴ്‌നാട് ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അതേസമയം കേരളത്തിന്റെ ആശങ്കയാണ് നയപ്രഖ്യാപനത്തിലൂടെ പങ്കുവെച്ചതെന്നും തമിഴ്‌നാടുമായി തർക്കല്ലിന്നെ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി. ഇക്കാര്യത്തിൽ തമിഴ്‌നാടുമായി ചർച്ച നടത്തുമെന്നനും മന്ത്രി വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയർത്താൻ അനുവദിക്കുന്ന ഭരണഘടന ബെഞ്ചിന്റെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ് മുല്ലപ്പെരിയാർ വിഷയത്തിന്റെ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
126 വർഷം പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിൽ ഉള്ളത്. പരിസ്ഥിതിയിൽ കാര്യമായ വ്യതിയാനം ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ എത്ര അറ്റകുറ്റപണി നടത്തിയാലും ബലപ്പെടുത്തിയാലും സുരക്ഷിതമാകില്ല. അതിനാൽ 2014ലെ വിധി സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ജലം പങ്ക് വയ്ക്കുന്നതുമായ ബന്ധപ്പെട്ട തർക്കമല്ല മുല്ലപ്പെരിയാറിൽ നിലനിൽക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക മാത്രമാണ് കേരളത്തിന്റെ ലക്ഷ്യം. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ദശലക്ഷകണക്കിന് ജനങ്ങളെ അത് ബാധിക്കുമെന്നും കേരളം സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത് എന്നും സുപ്രീം കോടതിക്ക് കൈമാറിയ വാദത്തിൽ കേരളം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ