- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.40 അടിയതായി ഉയർന്നു; ഉച്ചയക്ക് ശേഷം മൂന്ന് ഷട്ടറുകൾ തുറക്കും; ഡാം തുറന്നെന്നുകരുതി പ്രളയമുണ്ടാകില്ല, വ്യാജ പ്രചാരണം നടത്തിയാൽ കേസെടുക്കുമെന്ന് റവന്യൂ മന്ത്രി; മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു
വള്ളക്കടവ്: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് ഇന്ന് തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.40 അടിയായി ഉയർന്നിട്ടുണ്ട്. അണക്കെട്ടിലെ റൂൾ കർവ് 137.5 ആണ്. റൂൾ കർവ് ആകുമ്പോൾ ഡാം തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉച്ചയോടെ റൂൾ കർവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാവിലത്തെ സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 0.5 മാത്രമേ വർധനവ് വരുന്നുള്ളൂ. ഉച്ചക്ക് ശേഷം റൂൾ കർവിൽ ജലനിരപ്പ് എത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മറ്റു പ്രശ്നങ്ങളൊന്നും നിലവിൽ ഇല്ലാത്തതിനാലാണ് തമിഴ്‌നാട് റൂൾ കർവ് അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കേരളത്തെ വിവരങ്ങൾ അറിയിക്കുന്നുണ്ട്. അണക്കെട്ട് തുറക്കുന്ന കാര്യം ഇന്നലെ തന്നെ അറിയിച്ചിരുന്നു. ഇന്നു രാവിലെ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്ന് 534 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ റൂൾ കർവിൽ എത്താത്തതു കൊണ്ടാണ് ഡാം തുറക്കുന്നത് വൈകുന്നതെന്നും അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളസർക്കാർ എല്ലാ മുൻ കരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പെരിയാർ തീരനിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വള്ളക്കടവ്,ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാർ അടക്കമുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ മൈക്ക് അനൗൺസ്മെന്റ് അടക്കം നടത്തി. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.
അതേസമയം അണക്കെട്ടുകൾ തുറന്നാൽ ഉടൻ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂമന്ത്രി കെ.രാജൻ വ്യക്തമാക്കി. നിയമപ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. ഒറ്റയടിക്കല്ല ഡാമിൽനിന്നും വെള്ളം തുറന്ന് വിടുന്നത്. പടി പടിയായാണ് ഇത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസത്തിന് ഇട നൽകുന്നുണ്ട്. മുല്ലപ്പെരിയാർ തുറക്കേണ്ടി വരുമെന്ന് ഇന്നലെ വൈകുന്നേരം 7 മണിക്കുതന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടു പോകണമെന്നും രാത്രി തുറക്കരുതെന്നും ഡാം തുറക്കുന്ന കാര്യം കേരളത്തെ നേരത്തെ അറിയിക്കണം എന്നും തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥാ പ്രവചനം അനുസരിച്ച് വടക്കൻ കേരളം ഇന്ന് ജാഗ്രത പാലിക്കണം. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽവരുന്ന വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്. . അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നുമാണ് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ