തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു. ഇപ്പോൾ ജലനിരപ്പ് 138.05 അടിയിൽ എത്തിയിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് ക്രമപ്പെടുത്താനായി അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് കേരള സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും.

നീരൊഴുക്ക് വർധിച്ചതോടെ പുലർച്ചെ മൂന്നുമണിയോടെയാണ് ജലനിരപ്പ് 138 അടിയിലെത്തിയത്. ഇതേത്തുടർന്ന് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്കൻഡിൽ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളമാണ്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട് ഇപ്പോൾ കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.

അതേസമയം മുല്ലപ്പെരിയാർ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ജനങ്ങൾ ജാഗ്രതാ പാലിക്കണം. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപ്പുതറ, അയ്യപ്പൻ കോവിൽ, വണ്ടിപ്പെരിയാർ വഴി വരുന്ന വെള്ളം ഇടുക്കി അണക്കെട്ടിൽ എത്താൻ 27 കിലോ മീറ്റർ സഞ്ചരിക്കണം. ഈ ഭാഗങ്ങളിൽ കർശന സുരക്ഷയാണ് നടപ്പാക്കാനാണ് തീരുമാനം. 853 കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റേണ്ടി വരും. 3220 ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് എന്നിവിടങ്ങളിലും മന്ത്രിയുടെ ഓഫിസിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിലെത്തുമെന്നും. അവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോൺ നമ്പർ അടക്കം ജില്ലാ ഭരണകൂടം ശേഖരിച്ചു. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാൽ ഇവരെ നേരിൽ വിവരം അറിയിക്കും. സമൂഹ മാധ്യമങ്ങളിൽ അടക്കം കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി രാജൻ പറഞ്ഞു.

അതിനിടെ മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കേരളം ഇതിനെ എതിർത്തു. ജലനിരപ്പ് 139 അടിയായി നിജപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പ്രദേശത്ത് കൂടുതൽ മഴ പെയ്താൽ ജലനിരപ്പ് ഉയരുമെന്നും അതു സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

തുടർന്ന് സുപ്രീംകോടതി കേരളത്തോട് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 10.30 നകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സ്ഥിതിഗതികൾ അടക്കം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് സർക്കാർ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുകയാണെന്നും, അനാവശ്യ ഭീതി പരത്തുകയാണെന്നും തമിഴ്‌നാടിന്റെ അഭിഭാഷകൻ പറഞ്ഞു. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിച്ചാൽ മതിയെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം തള്ളിയ സുപ്രീംകോടതി, കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.