- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ മരം മുറി: ഉദ്യോഗസ്ഥനെ പഴി ചാരി ആദ്യം സർക്കാർ തടിതപ്പി; പിന്നാലെ 'സസ്പെൻഷൻ' നാടകവും ഉത്തരവ് റദ്ദാക്കലും; സമ്മർദ്ദം കനത്തതോടെ തിരിച്ചെടുക്കൽ; ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാർശ പ്രകാരമാണ് നടപടി. ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന സിവിൽ സർവീസസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയെന്നാണ് സൂചന.
മരം മുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദ്ദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം അവസാനിക്കും മുന്നേയാണ് സസ്പെൻഷൻ പിൻവലിച്ചത്.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി നൽകിയതിനാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിസിനെ സസ്പെൻഡ് ചെയ്തത്. നവംബർ 11-നായിരുന്നു നടപടി. എന്നാൽ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ബെന്നിച്ചന് എതിരായ നടപടി പിൻവലിച്ചിരിക്കുന്നത്.
സെക്രട്ടറിതല നിർദ്ദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു അനുമതി നൽകിയതെന്നാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ഇതു സംബന്ധിച്ച തെളിവുകളും പുറത്തു വന്നിരുന്നു. മുഖം രക്ഷിക്കാനാണ് സർക്കാർ ബെന്നിച്ചനെ സസ്പെൻഡ് ചെയ്തത് എന്ന വാദത്തെ സാധൂകരിക്കുന്നതാണ് അതിവേഗമുള്ള തിരിച്ചെടുക്കൽ.
ബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പ്രകാരം മരംമുറി നടന്നിട്ടില്ലെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ചൂണ്ടിക്കാണിച്ചു. മേലിൽ മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് എടുക്കുന്ന നടപടികൾ വനംവകുപ്പു മേധാവിയെയും സർക്കാരിനെയും അറിയിച്ചാകണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിൽ ബെന്നിച്ചനെ തിരിച്ചെടുക്കണമെന്നായിരുന്നു ശുപാർശ. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.
നേരത്തെ ബെന്നിച്ചന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എഫ്.എസ്. അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. സിവിൽ സർവീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതിനിടെ, ഉദ്യോഗസ്ഥതലത്തിലെ മറ്റ് വീഴ്ചകളെക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ റിപ്പോർട്ടും സർക്കാരിന് കിട്ടി. എന്നാൽ ഈ റിപ്പോർട്ടിൽ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് സൂചന. ഈ റിപ്പോർട്ടിലും ഒരു നടപടിയും എടുത്തിട്ടില്ല.
ഉത്തരവ് വിവാദമാകുകയും പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തതോടെ സസ്പെൻഷൻ നാടകം അരങ്ങേറിയത്. വലിയ വിവാദങ്ങളുണ്ടാക്കിയ മരം മുറി ഉത്തരവിന് ഒരു ഉദ്യോഗസ്ഥനെ മാത്രം പഴി ചാരി സർക്കാർ തടിതപ്പുകയായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു. നടപടിക്ക് പിന്നാലെയാണ് മന്ത്രിസഭായോഗം ചേർന്ന് വിവാദമരംമുറി ഉത്തരവ് റദ്ദാക്കിയത്.
ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് മുഖ്യമന്ത്രിയിടപെട്ട് നടപടി മരവിപ്പിച്ചത്.
അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സർക്കാർ മരം മുറി ഉത്തരവ് മരവിപ്പിച്ചതും ഇപ്പോൾ ഒരുമാസം പോലും പിന്നിടും മുന്നേ സസ്പെൻഷൻ പിൻവലിച്ചതും. പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസാണ് മരംമുറിക്ക് അനുമതി നൽകിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിർണായക ചോദ്യം ഇപ്പോഴും ബാക്കിയാണ്.
മറുനാടന് മലയാളി ബ്യൂറോ