- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ല; ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന കെ സുധാകരന്റെ ആരോപണവും തള്ളി മുല്ലപ്പള്ളി; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ കെപിസിസി അധ്യക്ഷൻ; മധുവിധു കഴിയും മുമ്പ് സതീശനും സുധാകരനുമെതിരെ പടനീക്കം
തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് വഷളാകുന്നു. കോൺഗ്രസിലെ ഉൾപ്പോര് കൂടുതൽ വഷളാകുന്നുവെന്ന സൂചന നൽകി മുൻ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു. കെ സുധാകരനെ വിമർശിച്ചു കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തുവന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മുല്ലപ്പള്ളി സുധാകരനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി താരിഖ് അൻവർ ഇന്ന് മുല്ലപ്പള്ളിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു കോൺഗ്രസ് മുതിർന്ന നേതാവിന്റെ പരസ്യ പ്രതികരണം.
സ്ലോട്ട് വച്ച് കെ പി സി സി അദ്ധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്കില്ലെന്നും കോൺഗ്രസിൽ നിന്നും അങ്ങനെ പോകുന്ന അവസാന വ്യക്തി താനായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ നടന്ന പുനഃസംഘടനാ ചർച്ചയിൽ മുല്ലപ്പള്ളിക്ക് തന്നെ കാണാൻ സ്ലോട്ട് കൊടുത്തിരുന്നുവെന്നും എന്നാൽ ആ സമയത്ത് എത്തിയില്ലെന്നും കെ സുധാകരൻ മുമ്പ് പറഞ്ഞിരുന്നു.
ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ആരോപണവും മുല്ലപ്പള്ളി ശക്തമായി നിഷേധിച്ചു. തന്നെ കുറിച്ച് അത്തരത്തിലൊരു പരാതി ഇന്നേവരെ ആരും പറഞ്ഞിട്ടില്ലെന്നും തന്റെ കൂടെ നിൽക്കുന്ന താരിഖ് അൻവർ പോലും അത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം കെ പി സി സി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്നാണ് മുല്ലപ്പള്ളി പരാതിപ്പെട്ടത്. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വതിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പറഞ്ഞു.
എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും ഇന്നലെ താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയതോടെ താരിഖ് അൻവർ കൂടിക്കാഴ്ചക്ക് തയ്യാറായി എത്തുകയായിരുന്നു.
ഇന്നലത്തെ കൂടിക്കാഴച മാറ്റിവെക്കാൻ താരിഖ് അൻവറിനോട് ആവശ്യപ്പെട്ടത് കെ പി സി സി നേതൃത്വം ആണെന്നാണ് സൂചന.
മുതിർന്ന നേതാവ് വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എ ഐ സി സി അംഗത്വവും രാജിവച്ചത് കോൺഗ്രസിന് തലവേദന ആയിരിക്കെയാണ് മുൻ കെ പി സി സി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനും ഇടയുന്നത്. കെപിസിസി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് മുതിർന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി വിടുന്നതും കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തിന് പിന്നാലെ കെ പി സി സി പുനഃസംഘടനയും കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും. വി ഡി സതീശനും സുധാകരനുമെതിരെ പടയൊരുക്കം നടത്തുകയാണ് മുതിർന്ന നേതാക്കൾ. ഇവർ വരും ദിവസങ്ങളിൽ പരസ്യമായി രംഗത്തുവന്നേക്കുമെന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ