- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി... ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്'; വെൽഫയർ പാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് മുല്ലപ്പള്ളി; മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ നിയന്ത്രണം വിട്ടു; 'നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട.. മാനേജ്മെന്റിന് വേണ്ടിയിട്ടാണോയെന്നും കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: വെൽഫെയർ പാർട്ടിയെ കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിത്തെറിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചാനൽ മൈക്കുകൾക്ക് മുന്നിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസിൽ കോടതി ഉത്തരവ് വന്ന ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു വെൽഫയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം മുല്ലപ്പള്ളിക്ക് നേരെ ഒരു മാധ്യമപ്രവർത്തകൻ ഉന്നയിച്ചത്. ഇതോടെ മുല്ലപ്പള്ളി ക്ഷുഭിതനായി, അദ്ദേഹത്തിന് ദേഷ്യം അടക്കാനായില്ല.
വെൽഫയർ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് താങ്കൾ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയിൽ വ്യക്തത കുറവുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതോടെ കെ പി സി സി അദ്ധ്യക്ഷൻ തന്റെ പതിവ് ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു.' പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി. ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്.' എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.അതേസമയം, മാധ്യമപ്രവർത്തകൻ തന്റെ ചോദ്യം ആവർത്തിക്കുകയായിരുന്നു. ഇതോടെ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായി.
'നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട. ഇല്ലാത്ത കാര്യം.. നിങ്ങൾക്ക് എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ചാനൽ അല്ലേ നിങ്ങളുടെ ചാനൽ. ചുമ്മ ആവശ്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിങ്ങൾ ആർക്ക് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. പ്ലീസ് ടെൽ മീ. മാനേജ്മെന്റിന് വേണ്ടിയിട്ടാണോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയിട്ടാണോ?'ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം എന്നു പറഞ്ഞ് മറ്റൊരു മാധ്യമപ്രവർത്തകൻ സംസാരിക്കാൻ തുടങ്ങുന്നതിനിടെ മിണ്ടാതിരിക്കൂ നിങ്ങൾ എന്നു പറഞ്ഞ് മുല്ലപ്പള്ളി തന്റെ ക്ഷോഭം പ്രകടിപ്പിച്ചു.
തൊട്ടുപിന്നാലെ എത്തിയ എൻ സി പിയുടെ മുന്നണിയിലേക്കുള്ള പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു കെ പി സി സി അദ്ധ്യക്ഷന്റെ മറുപടി.ഇന്നലെ പി സി ജോർജിന്റെ യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ' ഡിയർ കമലേഷ് പ്ലീസ് വെയിന്റ് ആൻഡ് സീ' എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം മുല്ലപ്പള്ളി നടത്തിയ മാൻപേട പരാമർശം അടക്കമുള്ളവ ഏറെ ചർച്ചയായിരുന്നു. അതിനിടെയാണ് പുതിയ പരാമർശങ്ങളുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ