കണ്ണൂർ: പതിവ് ആരവങ്ങളില്ല. മുദ്രാ വാക്യങ്ങളില്ല. കെപിസിസി. പ്രസിഡണ്ടായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ കോൺഗ്രസിന് പുതിയ ശൈലി. വെല്ലുവിളിയോ പോർവിളിയോ ഇല്ലാതെയുള്ള പ്രസംഗവും കണ്ണൂരിന് ഇതാദ്യം. എന്നാൽ പറയേണ്ടതെല്ലാം പറഞ്ഞും മുല്ലപ്പള്ളി ശരിക്കും കെ.പി.സി. സി. പ്രസിഡണ്ടായി. 'എനിക്കറിയാം. എന്നെക്കാൾ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്. ബട്ട് ഐ.ആം ദി ക്യാപ്റ്റൻ'. കെ സുധാകരൻ അടക്കമുള്ള നേതാക്കളുടെ മുന്നിൽവച്ചാണ് മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞത്. നേതാക്കൾക്ക് ചിന്തിക്കാൻ അവസരം നൽകി മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂർ പൊലീസ് സഭാ ഹാളിൽ വാതിലുകളെല്ലാം അടച്ചിട്ടാണ് കോൺഗ്രസ്സിന്റെ നേതൃയോഗത്തിൽ മുല്ലപ്പള്ളി പ്രസംഗിച്ചത്. പ്രസംഗം ആരംഭിച്ചതോടെ തന്നെ മാധ്യമ പ്രവർത്തകരെയെല്ലാം ഹാളിൽ നിന്ന് മാറ്റിയിരുന്നു. കോൺഗ്രസ്സിന് വേണ്ടി പണിയെടുക്കാത്തവരേയും പണിയെടുക്കുന്നവരേയും ഇനി ഒരേ നിലയിൽ കാണില്ല. പണിയെടുക്കുന്നവർക്ക് മാത്രമായിരിക്കും ഇനി കോൺഗ്രസ്സിലെ ഭാരവാഹിത്വം. ബൂത്ത് തലം മുതൽ സംഘട ശക്തമാക്കാനുള്ള നടപടികൾ തുടങ്ങും. മണ്ഡലം പ്രസിഡണ്ടുമാർ മുതൽ ഡി.സി.സി. ഭാരവാഹികൾക്ക് ക്ലാസ് രൂപത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഒരു മണിക്കൂറോളം നീണ്ടു നിന്ന പ്രസംഗം. ഹാളിലുള്ള ഭാരവാഹികളെല്ലാം മുല്ലപ്പള്ളിയുടെ പ്രസംഗം കാതോർത്തു കേട്ടു.

തീർത്തും ഒരു കേഡർ പാർട്ടിയിലേത് പോലെ പുതിയ ശൈലിയും പുതിയ രീതിയും ഭാരവാഹികളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. പഴയ കാലത്തെ കോൺഗ്രസ്സ് പ്രവർത്തനം, കോൺഗ്രസുകാരുടെ ജനബന്ധം, പിന്നെ സ്വന്തം അനുഭവങ്ങളും പട്ടിണി കിടക്കേണ്ടി വന്നതുമെല്ലാം മുല്ലപ്പള്ളി വിശദീകരിച്ചു. പഴയ പ്രതാപത്തിൽ കോൺഗ്രസ്സിനെ എത്തിക്കാനുള്ള ശ്രമം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഒരു ദിവസം രാഹുൽ ഗാന്ധി 1500 പേരുമായി ടെലിഫോണിൽ ബന്ധപ്പെടുന്നുണ്ട്. ഇന്ന് കാസർഗോഡ് ഡി.സി.സി. പ്രസിഡണ്ടിനെ ഫോണിൽ വളിച്ച് കാര്യങ്ങൾ തിരക്കി. വരും ദിവസങ്ങളിൽ പ്രധാന പ്രവർത്തകരേയും വിളിക്കും. അടിമുടി കോൺഗ്രസ്സിനെ നവീകരിക്കുകയാണ്. ഈ മാസം 25 നകം ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പ്രാബല്യത്തിൽ വരും. യുവാക്കൾക്കും വനിതകൾക്കും ദളിതർക്കും ഭാരവാഹിത്വം നൽകും.

കെപിസിസി. പ്രസിഡണ്ടായി നിയോഗിക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് വൻ സ്വീകരണമൊരുക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ തനിക്കുള്ള സ്വീകരണം ലളിതമാക്കണമെന്ന് മുല്ലപ്പള്ളി തന്നെ ആവശ്യപ്പെടുകയായിരുന്നു. സംഘടനയെ അടിത്തട്ടിൽ നിന്നും ശക്തമാക്കാനും അണികളില്ലാത്ത നേതാക്കൾക്ക് കൊട്ടു കൊടുക്കാനും മുല്ലപ്പള്ളി മറന്നില്ല. അനുസരണയുള്ള പാർട്ടി പ്രവർത്തകരായി കെപിസിസി. പ്രസിഡണ്ടിന്റെ പ്രസംഗം ഹാളിനകത്തുള്ളവരെല്ലാം ശ്രവിക്കുകയായിരുന്നു. മുല്ലപ്പള്ളിയുടെ പുതിയ ശൈലി പാർട്ടിക്കകത്ത് ഒരു തരത്തിൽ അംഗീകരിക്കപ്പെടുകയായിരുന്നു. നാല് തവണ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും ജയിച്ചു കയറിയ മുല്ലപ്പള്ളി പുതിയ സ്ഥാനം ഏറ്റെടുത്തത് ഇരുത്തം വന്ന ആളെ പോലെ തന്നെയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിയാണ് കേരളത്തിലെ കോൺഗ്രസിനു പുതിയ നേതൃത്വം കൈവന്നത്. മുല്ലപ്പള്ളിയെ കൂടാതെ മൂന്നു വർക്കിങ് പ്രസിഡന്റുമാരുണ്ട്. എം.ഐ.ഷാനവാസ്, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്. യുഡിഎഫ് കൺവീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലറ്റു.

പുതിയ കെപിസിസി അധ്യക്ഷനെ തേടി ഹൈക്കമാൻഡ് നടത്തിയ ചർച്ചകളിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കായിരുന്നു. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്രത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായി.
കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. അധ്യക്ഷനാകുമെന്ന് എതാനും മാസങ്ങളായി സൂചനയുണ്ടായിരുന്നു. എന്നാൽ, പല കാരണങ്ങളാലും തീരുമാനം നീണ്ടു പോയി.

വി എം. സുധീരൻ കെപിസിസി.അധ്യക്ഷസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഒന്നരവർഷത്തോളമായി എം.എം. ഹസനാണ് കെപിസിസി. അധ്യക്ഷ പദവി വഹിച്ചിരുന്നത്.
എ, ഐ. വിഭാഗങ്ങൾ വ്യത്യസ്ത പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകുന്നതിനോട് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിർപ്പുണ്ടായിരുന്നില്ല. ഗ്രൂപ്പുകളിൽനിന്ന് അകന്ന് നിൽക്കുന്ന നേതാവെന്നതും മുല്ലപ്പള്ളിക്ക് അനുകൂലമായി.