- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈഫ് മിഷനിലെ കോടതി വിധി സ്വാഗതാർഹം; കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും കാണിക്കണം; മുഖ്യമന്ത്രിക്ക് ഒളിച്ചുവെയ്ക്കാൻ പലതുമുണ്ടെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാൻ അനുവദിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിരഹിത സർക്കാരെന്ന് യശസ്സ് നേടിയെന്ന് പെരുമ്പറ മുഴക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിനാണ് ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുറ്റം ചെയ്തില്ലെന്ന ഉത്തമബോധ്യം മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യാനുള്ള രാഷ്ട്രീയ ആർജ്ജവവും സത്യസന്ധതുമായിരുന്നു അദ്ദേഹം കാട്ടേണ്ടിയിരുന്നത്. എന്നാൽ അത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഒളിച്ചുവെയ്ക്കാൻ പലതും ഉള്ളതിനാലാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരാനും കോടികൾ വെട്ടിക്കാനും മടിയില്ലാത്തവരാണ് സിപിഎം നേതാക്കളും മന്ത്രിമാരും. അഴിമതി തൊട്ടുതീണ്ടാത്തവരാണ് തങ്ങളെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ട് നിമിഷങ്ങൾക്കകമാണ് ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് അന്വേഷിക്കാൻ ഹൈക്കോടതി സിബിഐയ്ക്ക് അനുമതി നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിജിലൻസ് അന്വേഷണത്തിലൂടെ ആശ്രിത സംഘത്തെ ഉപയോഗിച്ച് സ്വയം വെള്ളപൂശാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനേറ്റ കനത്ത തിരിച്ചടിയാണ് ലൈഫ് പദ്ധതിയിലെ ക്രമക്കേട് സിബിഐക്ക് അന്വേഷിക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ്. തുടക്കം മുതൽ ഈ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. സെക്രട്ടേറിയറ്റിൽ നിന്നും ഇതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ വിജിലൻസ് കടത്തി കൊണ്ടുപോയതിലും ദുരൂഹതയുണ്ട്.
അഴിമതിയുടെ ഉള്ളറകൾ സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഉപജാപകവൃന്ദത്തിന്റെയും മന്ത്രിമാരുടെയും പങ്ക് അന്വേഷണത്തിലൂടെ കൂടുതൽ വ്യക്തമാകും.പ്രതീക്ഷയോടെയാണ് വിധിയെ കേരളീയസമൂഹം നോക്കി കാണുന്നത്. സംശുദ്ധമായ രാഷ്ട്രീയരംഗമാണ് കേരളീയ പൊതുസമൂഹം ആഗ്രഹിക്കുന്നത്. അഴിമതി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യപ്പെടണം. അതിനുള്ള തുടക്കമാകട്ടെ കോടതിവിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ