- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗ്രൂപ്പ് ഇടപെടൽ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ല; ജനസമ്മതിയുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് അണിനിരത്തും; കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച എൽഡിഎഫിൽ എത്തിയത് ജോസ് കെ മാണിയുടെ ഗുരുതര പിഴവ്; പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കും; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നിലപാടറിയിച്ച് മുല്ലപ്പള്ളി
ന്യൂഡൽഹി: ഗ്രൂപ്പിന്റെ അതിപ്രസരം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തെ ബാധിക്കില്ലെന്നും ശ്രദ്ധക്കുറവ് കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മറികടക്കുമെന്നും കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ മത്സരം രംഗത്തുണ്ടാകില്ലെന്നും സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ മുല്ലപ്പള്ളി പ്രതികരിച്ചു.
ഓരോ മണ്ഡലത്തിലും ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ജോസ് കെ മാണിയോ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിയോ മത്സരിക്കുമ്പോൾ പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കുക എന്നത് ഇപ്പോൾ യു.ഡി.എഫിന് മുന്നിലുള്ള വെല്ലുവിളിയാണ്. പാലാ തിരിച്ചുപിടിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രാഹുൽ ഗാന്ധി വിളിച്ചുചേർത്ത ഒരു യോഗത്തിൽ കെപിസിസി അധ്യക്ഷന് പുറമെ എ.കെ ആന്റണിയും കെ.സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചയാണ് നടന്നത്. രാഹുൽ ഗാന്ധിക്ക് കേരളത്തെ കുറിച്ചു നന്നായി അറിയാം. തദ്ദേശ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. അത് ലഭിക്കാൻ സ്രോതസുകളുണ്ടല്ലോ. ഇങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാൻ പറ്റില്ല എന്നും പറഞ്ഞു. സ്ഥാനാർത്ഥി നിർണയമാണ് മുഖ്യ പരാജയകാരണം.
അതുകൊണ്ട് ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതു പൂർണമായും ശിരസാവഹിച്ചുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നത്. യുവാക്കൾക്കും വനിതകൾക്കുമൊപ്പം പിന്നാക്ക സമുദായങ്ങൾ അവഗണിക്കപ്പെട്ടുവെന്ന വല്ലാത്ത ധാരണയുണ്ട്. ഇവർക്കെല്ലാം അർഹമായ പ്രാതിനിധ്യമുണ്ടാകും.കഴിവും കാര്യശേഷിയും മാത്രമായിരിക്കും മാനദണ്ഡം.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കുറച്ചു ശ്രദ്ധക്കുറവുണ്ടായി എന്നത് ശരിയാണ്. അർഹതയുള്ള സ്ഥാനാർത്ഥികളല്ല മിക്കയിടത്തും മത്സരിപ്പിച്ചത്. കെ പി സി സി നിർദ്ദേശം പൂർണമായും പാലിക്കപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് മൊത്തത്തിൽ വളരെ മോശമായിരുന്നു. റിബലുകളെ പൂർണമായും പിന്മാറ്റുന്ന കാര്യത്തിലൊന്നും വിജയിച്ചില്ല. കുറച്ചുകൂടി നേട്ടമുണ്ടാക്കാമായിരുന്നു എന്നൊക്കെ കണക്കുകൾ വച്ച് വേണമെങ്കിൽ പറയാം. പക്ഷേ, എന്തു പറഞ്ഞാലും ലഭിച്ചത് നല്ല വിജയമായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു മികച്ച വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം അത്രയ്ക്ക് അനുകൂലമായിരുന്നു. അത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ ആ പഴുതുകളെയൊക്കെ അടച്ചുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുവാക്കൾക്കും വനിതകൾക്കും പരിചയസമ്പന്നർക്കുമെല്ലാം പ്രാതിനിധ്യമുള്ള ഒരു പട്ടികയായിരിക്കും പുറത്തിറക്കുക. ഉമ്മൻ ചാണ്ടി എത്തിയ ശേഷമായിരിക്കും ചർച്ചകൾക്ക് തുടക്കമാവുക. ഇപ്പോഴും പട്ടിക അന്തിമ രൂപത്തിലായിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തെ ഗ്രൂപ്പിന്റെ അതിപ്രസരം പ്രതികൂലമായി ബാധിക്കാൻ പാടില്ല എന്നു നിർബന്ധമുണ്ട്.നേമം വട്ടിയൂർക്കാവ് ഉൾപ്പെടെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ നിർത്തും. ഏറ്റവും മികച്ച ജനസമ്മതരായ സ്ഥാനാർത്ഥികളെയാകും കോൺഗ്രസ് അണിനിരത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന ഐശ്വര്യ കേരളയാത്രയിൽ ഉടനീളം കേരളത്തിലെ മാറ്റം പ്രകടമായിരുന്നു. ഭരണം യു.ഡി.എഫിന് ലഭിക്കുമെന്നത് നിശ്ചയമാണെന്നും മുല്ലപ്പള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിപിഎം ബിജെപി ധാരണയുണ്ടെന്ന മുൻനിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. രണ്ട് പാർട്ടികളുടേയും മുഖ്യശത്രു കോൺഗ്രസാണ്. കോൺഗ്രസിനെ കേരളത്തിൽ ഇല്ലാതാക്കാനുള്ള ധാരണയാണ് അവർ തമ്മിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് പാർട്ടികളും പരസ്പര സഹായ സംഘങ്ങളാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ജോസ് കെ മാണിയുടെ പാർട്ടി ഒരു സാഹചര്യത്തിലും യു.ഡി.എഫ് വിട്ടുപോകാൻ പാടില്ലായിരുന്നു. പോയത് ഇടതുമുന്നണിയിലേക്കാണ്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവിനെ കുറിച്ചും രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷം പ്രത്യേകിച്ച് സി പി എം നേതാക്കൾ സംസാരിച്ചിട്ടുള്ളത്. കെ.എം. മാണിയെ വലിയ അഴിമതിക്കാരനായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ട് എന്നുപോലും പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂട്ടത്തിലേക്ക് യു.ഡി.എഫ് വിട്ടുപോയത് ജോസ് കെ മാണിക്കു സംഭവിച്ച ഗുരുതര വീഴ്ചയാണ്. പാലാ തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ നിലപാടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസിനെ പോലെ നേതൃസമ്പന്നമായ പാർട്ടി കേരളത്തിൽ വേറെയില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ച് കാലാകാലങ്ങളായി കോൺഗ്രസിന് ഒരു പരമ്പരാഗത രീതിയുണ്ട്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ പാർലമെന്ററി പാർട്ടിയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഹൈക്കമാൻഡിനും നിർണായക പങ്കുണ്ടാകും. നല്ല രീതിയിൽ സുസ്ഥിര ഭരണം ജനങ്ങൾക്ക് കൊടുക്കാൻ സാധിക്കുക എന്നതാണ് മുഖ്യ പരിഗണന. മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണ് തീരുമാനിക്കുക എന്നതിൽ നേതാക്കൾക്കാർക്കും സംശയമില്ല. ഈ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ മനസിൽ പ്രതിജ്ഞയെടുത്ത് കഴിഞ്ഞുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ