- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പള്ളിക്കും ആന്റണിക്കും വേണുഗോപാലിനും എതിരെ കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം; രാജി ആവശ്യം ശക്തമാകുമ്പോഴും സ്വയം രാജിവെക്കാൻ ഇല്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ; ലോക്സഭയിൽ ജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ല, ഇപ്പോൾ അപമാനിച്ച് ഇറക്കി വിടാൻ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മുല്ലപ്പള്ളി രാമചന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നുന്നുണ്ട്. എന്നാൽ പരസ്യ പ്രതികരണങ്ങൾക്ക് നിൽക്കാതെ മൗനത്തിലാണ് മുല്ലപ്പള്ളി. ഇതിനിടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ മുല്ലപ്പള്ളിക്കും എ.കെ. ആന്റണിക്കും കെ.സി വേണുഗോപാലിനും എതിരെ പ്രതിഷേധം. പ്രതിഷേധക്കാരുടെ ഫ്ളെക്സിൽ 'മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോൺഗ്രസിനെ അനുഗ്രഹിച്ച എ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി' എന്ന് എഴുതിയാണ് പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അങ്ങനെയല്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തകരല്ല ഫ്ളക്സ് ബോർഡുമായി എത്തിയതെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കിയത്. അതേസമയം തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽരാജിവെക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി. തന്നെ അപമാനിച്ചു ഇറക്കിവിടാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നാണ് മുല്ലപ്പള്ളിയുടെ പൊതുവികാരം.
അതേസമയം ഹൈക്കമാന്റിനെയും സംസ്ഥാന നേതാക്കളെയും ഈ വിഷയങ്ങളിലെ തന്റെ നിലപാട് മുല്ലപ്പള്ളി അറിയിച്ചു കഴിഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സ്ഥാനത്തും കടിച്ചുതൂങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഏത് നിമിഷവും ഒഴിയാൻ തയ്യാറാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ഇട്ടെറിഞ്ഞു പോയെന്ന വിമർശനം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അധ്യക്ഷസ്ഥാനത്ത് തുടരുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഹൈക്കമാന്റ് പറഞ്ഞാൽ ഏത് നിമിഷവും താൻ അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ഹൈക്കമാന്റിന് എന്ത് വേണമെങ്കിലും തീരുമാനിക്കാമെന്നും മുല്ലപ്പള്ളി അറിയിച്ചു. തോൽവിയിൽ കൂട്ടുത്തരവാദിത്തം ഉണ്ടെന്നുള്ള കാര്യം മറക്കുന്നു.
ലോക്സഭയിൽ ജയിച്ചപ്പോൾ ആരും ക്രെഡിറ്റ് തന്നില്ല. ഇപ്പോൾ പരാജയം തന്റെ മാത്രം ഉത്തരവാദിത്തമാക്കുന്നു. അപമാനിച്ചിറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈബി ഈഡനെ പോലുള്ള യുവനേതാവ് ഉറക്കും തൂങ്ങി പ്രസിഡന്റ് എന്ന് തന്നെ പറയുമ്പോൾ അത് അപമാനിക്കൽ തന്നെയാണെന്നും മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തെയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയുമടക്കം അറിയിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം മുല്ലപ്പള്ളിയുടെ വിഷയത്തിൽ ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. വൈകാതെ കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധികൾ കേരളം സന്ദർശിച്ച് പാർട്ടിക്കേറ്റ തോൽവിയെ കുറിച്ച് പഠിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 140 സീറ്റുകളിൽ 41 സീറ്റിൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. ഇത് സംസ്ഥാന നേതൃത്വത്തിന് ആവശ്യമായ സംഘാടന ശേഷിയില്ലാത്തതിന്റെ കുറവാണെന്നാണ് കോൺഗ്രസിൽ നിന്നുതെന്ന വിമർശനങ്ങളുയരുന്നത്.
ഇതിനിടെ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. രാജ്യസഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാൻഡ് നിരീക്ഷകരായി സംസ്ഥാനത്തേക്ക് എത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുമായും മറ്റു നേതാക്കളുമായും ഇവർ ചർച്ച നടത്തും. നേതൃമാറ്റത്തിന് പാർട്ടിപ്രവർത്തകർക്കിടയിൽ വ്യാപക ആവശ്യം ഉയരുന്ന പശ്ചാത്തലത്തിൽ ഇതിനാണ് മുൻഗണന.
നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവിക്ക് കാരണമെന്ന പ്രചാരണം പാർട്ടിക്കുള്ളിൽ ശക്തമാണ്. നാളെ നടക്കുന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ഓൺലൈൻ മുഖേന പങ്കെടുക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കേരളത്തിലെ നിരീക്ഷകരായിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും തോൽവി സംബന്ധിച്ച റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും. ഇതെല്ലാം പരിഗണിച്ചാകും കേരളത്തിലെ പാർട്ടിയിൽ ഒരു പുനഃസംഘടന നടത്തുക. പൊട്ടിത്തെറികളില്ലാതെ സാവകാശത്തോടെ പാർട്ടിയെ പടുത്തുയർത്തുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
മറുനാടന് മലയാളി ബ്യൂറോ