- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ? മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് ആദ്യ വെടിപൊട്ടിച്ച് കെ ബാബു; കോൺഗ്രസിൽ അഴിച്ചുപണികൾ ഉറപ്പ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി യുഡിഎഫ് ഏറ്റുവാങ്ങിയതോടെ യുഡിഎഫിന് ഇന് എന്തു സംഭവിക്കും? ഈ ചോദ്യം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. മുതിർന്ന നേതാക്കളിൽ ചിലരുടെ തല ഉരുളും എന്നതും ഉറപ്പാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് നേരെ ഇപ്പോൾ തന്നെ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ വാവിട്ട വാക്കുകൾ പലപ്പോഴും കോൺഗ്രസിന് തന്നെ തിരിച്ചടിയാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അപ്രതീക്ഷിതമെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്.
തുടർഭരണം ഉണ്ടാവാൻ മാത്രം അസധാരണമായ രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ലായെന്നതാണ് യാഥാർത്ഥ്യമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാതെ തിരിഞ്ഞുനടക്കുകയായിരുന്നു. 2001 ൽ എകെ ആന്റണി 99 സീറ്റുകളോട് കൂടിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. അതാണ് ചരിത്രം. തിരിച്ചടിയുണ്ടായപ്പോഴെല്ലാം തിരുത്തോടെ മുന്നോട്ട് പോയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്ത മുഴുവൻ പ്രവർത്തകരെ അഭിനന്ദിക്കുന്നു. മുഴുവൻ സ്ഥാനാർത്ഥികളേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. പരിപൂർണമായി പിന്തുണ പ്രഖ്യാപിക്കുന്നു.പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ ഉത്തരവാദിത്തം ഉണ്ട്. കൂട്ടായ നേതൃത്വമാണ് എന്നും പാർട്ടിയെ നയിച്ചത്. 'മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അതേസമയം പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് കെ ബാബു ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. നേതൃമാറ്റത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും കെ ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജുമായി ഇഞ്ചോടിഞ്ച് പോരാടി വിജയിച്ച ശേഷമാണ് കെ ബാബുവിന്റെ പ്രതികരണം. ഇടത് തരംഗത്തിലും തൃപ്പൂണിത്തുറയിൽ വിജയിക്കാനായി.ബിജെപി വോട്ട് കിട്ടിയിട്ടില്ല.പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു. 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബാബുവിന്റെ വിജയം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകൾ തിരിച്ചുപിടിച്ചുവെന്നും കെ ബാബു അവകാശപ്പെട്ടു.
അതേസമയം ജനവിധി പൂർണ്ണമായും മാനിക്കുന്നുവെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഭരണതുടർച്ചക്ക് വേണ്ട കാര്യങ്ങളൊന്നും ഇടത് സർക്കാർ ചെയ്തിട്ടില്ലെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും ജയിക്കുമ്പോൾ അഹങ്കരിക്കുകയും തോൽക്കുമ്പോൾ നിരാശപ്പെടുകയും ചെയ്യുമ്പേൾ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
'ജനവിധി പൂർണ്ണമായും മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണ്. തുടർഭരണം എന്ന മുദ്രാവാക്യമാണ് സർക്കാർ മുഴക്കിയത്. തുടർഭരണത്തിന് വേണ്ടി, ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വർഷം ഒന്നും ചെയ്തിട്ടില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. അത് ജനങ്ങളോട് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. വിഭിന്നമായിട്ടാണ് ജനവിധി. ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവികം. ജയിക്കുമ്പോൾ അഹങ്കരിക്കുകയും തോൽക്കുമ്പോൾ നിരാശപ്പെടുകയും ചെയ്യുമ്പേൾ രാഷ്ട്രീയ രംഗത്ത് സുഖമമായി മുന്നോട്ട് പോകാൻ സാധിക്കില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും. കാരണം പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ നടക്കുന്ന ചർച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഞാൻ 50 വർഷം മുമ്പ് തുടങ്ങുമ്പോഴുള്ള ഭൂരിപക്ഷമല്ല ഇപ്പോൾ. ഭൂരിപക്ഷം കൂടി. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം നിങ്ങൾ ചൂണ്ടികാണിച്ചതാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കും.' ഉമ്മൻ ചാണ്ടി പറഞ്ഞു.
തോൽവിയോടെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം കൂടുതൽ ശക്തമാകും. കെ സുധാകരന് വേണ്ടി അണികൾ അലമുറയിടുന്നുണ്ട്. സുധാകരനെ തന്നെ കേരളം നയിക്കാൻ എത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. വരും ദിവസങ്ങളിൽ കോൺഗ്രസും യുഡിഎഫും ചർച്ചകൾ നടത്തി തോൽവി വിലയിരുത്തും. രാഹുൽ ഗാന്ധി എംപിയായ സംസ്ഥാനത്ത് പോലും അധികാരം പിടിക്കാൻ സാധിച്ചില്ലെന്ന് വന്നതോടെ വലിയ പ്രതിസന്ധിയാണ് ദേശീയ തലത്തിലും കോൺഗ്രസ് നേരിടുന്നത്.
മറുനാടന് മലയാളി ബ്യൂറോ