- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന; വെൽഫെയറുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ബന്ധം അടഞ്ഞ അദ്ധ്യായം; താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; അതിൽ ഇതുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ താനുമായി ചർച്ച നടത്തിയെന്ന വെൽഫെയർ പാർട്ടിയുടെ വെളിപ്പെടുത്തൽ അദ്ദേഹം തള്ളി. ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
വെൽഫെയൽ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാട് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും ഇക്കാര്യം പിന്നീട് പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ കെ.സി വേണുഗോപാലും ഈ നിലപാട് ആവർത്തിച്ചിരുന്നു. അതിലപ്പുറം ഇക്കാര്യത്തിൽ ഒന്നും പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന ഒരാളാണ് താൻ. അതിൽ ഇതുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയും താനും തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നാൽ തന്റെ മതനിരപേക്ഷ നിലപാടിനെപ്പറ്റി മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ അഭിപ്രായ ഭിന്നതയുണ്ടാകുമെന്ന് തോന്നുന്നില്ല. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ പിണറായിക്ക് നന്നായി അറിയാം. തന്റെ നിലപാടിൽ തനിക്ക് മാറ്റം വരുത്തേണ്ടി വന്നിട്ടില്ലെന്ന് മറ്റാരെക്കാളും നന്നായി മുഖ്യമന്ത്രിക്ക് അറിയാമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
കെ പി സി സി അദ്ധ്യക്ഷൻ എന്ന നിലയിൽ തന്നോട് പി സി ജോർജ് സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച നടത്തിയിരുന്നതായി ഫെൽഫെയർ പാർട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഖ്യമില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായുള്ള നീക്കുപോക്കിന് ആദ്യം വെൽഫെയറുമായി ചർച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നാണ് ഇന്നലെ ഹമീദ് വാണിയമ്പലം ആരോപിച്ചത്. നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ നീക്കുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ മാത്രമാണ് നീക്കുപോക്കെന്ന് വെൽഫയർ പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാർലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാർട്ടി കാണുന്നത്. വെൽഫയർ പാട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല. ആ ആവശ്യം ആരോടും ഉന്നയിച്ചിട്ടുമില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. ഇപ്പോൾത്തന്നെ ബൂത്തുതല പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ അണികൾക്ക് നൽകിക്കഴിഞ്ഞു. പാർട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം, എത്ര സ്ഥാനാർത്ഥികളെ നിർത്തണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുക. കഴിഞ്ഞ തവണ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴൊത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മത്സരിക്കുകയെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ