- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ ഉയർന്നു; ഇടുക്കിയിലേക്ക് അതിവേഗം ജലം ഒഴുകുന്നു; വൃഷ്ടി പ്രദേശത്ത് മഴയും; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കും; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത; മഴ തുടർന്നാർ പ്രതിസന്ധി രൂക്ഷമാകും
തൊടുപുഴ: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. രാവിലെ 10ന് ഇടുക്കി അണക്കെട്ടും തുറക്കും. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെ.മീ ആണ് തുറക്കുന്നത്. മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. അണക്കെട്ടുകൾ തുറക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.ഇടുക്കി കല്ലാർ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കൻഡിൽ 10,000 ലീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലർച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ ഉയർത്തുന്നതു സംബന്ധിച്ച് ഇടുക്കി കളക്ടർക്ക് വിവരം നൽകി.
മുല്ലപ്പെരിയാർ തുറക്കുന്നതോടെ ഇടുക്കിയും തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടും. പദ്ധതി പ്രദേശങ്ങളായ ഉപ്പുതറ, കട്ടപ്പന, ഏലപ്പാറ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ ഡാമിലെ ജലനിരപ്പ് 2399.38 അടിയായി ഉയർന്നു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതോടെ വീണ്ടും ജലനിരപ്പുയരാൻ കാരണമാകും.
മറുനാടന് മലയാളി ബ്യൂറോ