കോഴിക്കോട്: പ്രമുഖ ഇസ്ലാമിക മതപണ്ഡിതനും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗവുമായ മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു പ്രസംഗം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മവേലിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ഒരു പ്രസംഗ ശകലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. മാവേലി യഥാർത്ഥത്തിൽ മുസ്ലിമായിരുന്നു എന്നും മുഹമ്മദ്അലി എന്നായിരുന്ന അദ്ദേഹത്തിന്റെ പേരെന്നും അത് ലോപിച്ചാണ് പിന്നീട് മാവേലിയായതെന്നുമാണ് പ്രസംഗത്തിൽ പറയുന്നത്.

കണ്ണൂരിൽ ധർമ്മടം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മുഹമ്മദ് അലിയെന്ന സ്വഹാബി(പ്രവാചകൻ മുഹമ്മദിന്റെ അനുയായി)യാണ് മാവേലിയെന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരമാർശിച്ചിരുന്നു. വളരെ സത്യസന്ധമായാണ് അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഈ മുഹമ്മദ് അലിയാണ് മാവേലിയായത്. നമ്മുടെ നാട്ടിൽ മുഹമ്മദ് അലിയെന്ന പേര് നമ്മൾ ഉച്ചരിക്കറുള്ളത് മമ്മാലി, മയമാലി എന്നിങ്ങനെയൊക്കെയാണ്. അത്തരത്തിൽ മുഹമ്മദ് അലി എന്ന പേര് ലോപിച്ചു കൊണ്ടാണ് മാവേലിയായത് എന്നും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അദ്ദേഹം പറയുന്നു.

അതേ സമയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് താൻ അബദ്ധത്തിൽ പറഞ്ഞതല്ലെന്നും ചരിത്ര പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരത്തിൽ പ്രസംഗിച്ചതെന്നും മുള്ളൂർക്കര മുഹമ്മദലി സഖാഫി പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് 10 വർഷങ്ങൾക്ക് മുമ്പ് നടത്തിയൊരു പ്രസംഗത്തിന്റെ ചെറിയൊരു ഭാഗമാണ്. ചരിത്ര പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രസംഗം നടത്തിയത്. കേരളത്തിലെ പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ വിഎ അഹമ്മദ് കബീർ എംഎ എന്നയാളുടെ കേരളത്തിലെത്തിയ സഹാബാക്കൾ എന്ന പുസ്തകത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആ പ്രസംഗം.

അത് ഹൈന്ദവർ വിശ്വസിക്കുന്ന മാവേലിയെ കുറിച്ചല്ല. മറിച്ച് കേരളീയ ഇസ്ലാമിക ചരിത്രത്തിലെ മാവേലിയെ കുറിച്ചാണ്. ആ പ്രസംഗത്തിന്റെ പൂർണ്ണരൂപം കേട്ടാൽ അത് മനസ്സിലാകും. കേരളത്തിലെ അറിയപ്പെടുന്ന ഇസ്ലാമിക ചരിത്രകാരനാണ് വിഎ അഹമ്മദ് കബീർ. അദ്ദേഹം മഹാരാജാസ് കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പിലെ സീനിയർ ഗ്രേഡ് ലക്ചററായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നത് പ്രവാചകൻ മുഹമ്മദിനെ കാണാൻ ചേരമാൻ പെരുമാർ മക്കയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ പെരുമാളിന്റെ ഇളയ സഹോദരി ശ്രീദേവിയുടെ മകനായിരുന്ന കോഹിനൂർ രാജകുമാരനെ കൂടി ആ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.

പിന്നീട് മക്കയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് തിരിച്ചെത്തിയ കോഹിനൂർ രാജകുമാരന്റെ പേര് സൈഫുദ്ദീൻ മുഹമ്മദ് അലി എന്നായിരുന്നു. അദ്ദേഹം ധർമ്മടം കേന്ദ്രീകരിച്ച് ഭരണം നടത്തി. എല്ലാവർക്കും സംതൃപ്തി നൽകുന്ന ഭരണമായിരുന്നു അത്. ഈ സൈഫുദ്ദീൻ മുഹമ്മദ് അലിയാണ് കേരളീയ ഇസ്ലാമിക ചരിത്രത്തിലെ മാവേലിയെന്നാണ് ചരിത്ര പുസ്തകങ്ങളിലുള്ളത്. അത് ഹൈന്ദവ വിശ്വാസികൾ വിശ്വസിക്കുന്ന മാവേലിയുമായി ബന്ധമുള്ളതല്ല.

 

ഈ പ്രസംഗത്തിന്റെ പൂർണ്ണരൂപത്തിൽ അത് പറയുന്നുമുണ്ട്. നിർഭാഗ്യവശാൽ ആ പ്രസംഗത്തിന്റെ ചെറിയൊരു ശകലം മാത്രമാണ് ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നതെന്നും മുള്ളൂർക്കര മുഹമ്മദലി സഖാഫി പറഞ്ഞു.