- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂളിനെ ഞെട്ടിച്ച് മൂന്നിടത്ത് സ്ഫോടനപരമ്പര; ആക്രമണം, ഷിയ സ്‌കൂളുകൾക്ക് നേരെ; കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന് സമീപം സ്‌ഫോടന പരമ്പര. ആൺകുട്ടികളുടെ രണ്ട് സ്‌കൂളുകൾക്ക് സമീപവും, ഒരു ട്യൂഷൻ സെന്ററിന് സമീപവുമാണ് സ്ഫോടനം നടന്നത്. പടിഞ്ഞാറൻ കാബൂളിലുള്ള അബ്ദുൾ റഹിം ഷാഹിദ് ഹൈസ്‌കൂളിൽ അടക്കം മൂന്നിടങ്ങളിലാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടുവെന്നും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് കാബൂൾ പൊലീസ് വൃത്തങ്ങൾ പറയുന്നത്.
ആദ്യ സ്‌ഫോടനം പടിഞ്ഞാറൻ കാബൂളിലെ മുംതാസ് സ്‌കൂളിന് സമീപവും രണ്ടാമത്തെ സ്‌ഫോടനം അബ്ദുൾ റഹീം ഷാഹിദ് സ്‌കൂളിന് മുന്നിലുമാണ് നടന്നത്. ദഷ്ത്-ഇ-ബർച്ചിയുടെ അടുത്തുള്ള സ്‌കൂളാണ് ഇത്. ചാവേറാക്രമണമാണ് ഇവിടെ നടന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ലാസുകൾ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തേക്ക് വരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഷിയാ വിഭാഗത്തിലുള്ള കുട്ടികൾ ധാരാളം പഠിക്കുന്ന സ്‌കൂളാണ് ഇത്. ' നമ്മുടെ ഷിയാ സഹോദരങ്ങൾക്കിടയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്ന്' കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ ട്വീറ്റ് ചെയ്തു. സ്ഫോടനം നടന്നത്. പ്രധാനമായും ഹസാര വിഭാഗം താമസിക്കുന്ന ഈ പ്രദേശത്ത് സ്ഫോടനങ്ങൾ നടത്താൻ ജിഹാദി തീവ്രവാദികളും ഐഎസ് ഭീകരരും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
കാബൂളിലെ ഷിയാ ഭൂരിപക്ഷമേഖലയായ ദഷ്ത് - എ - ബർചിയുടെ പ്രാന്തപ്രദേശത്താണ് ആക്രമണമുണ്ടായത് എന്നാണ് വിവരം. ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്‌റാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ എത്രയെന്ന് പൊലീസിന് ഇപ്പോൾ സ്ഥിരീകരിക്കാനാകുന്നില്ല.
സ്‌കൂളിൽ ആക്രമണം നടത്തിയത് ചാവേറാണ് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ ലേഖകൻ എഹ്‌സാനുള്ള അമീറി റിപ്പോർട്ട് ചെയ്യുന്നത്. ''അബ്ദുൾ റഹിം ഷാഹിദ് സ്‌കൂളിന് മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്‌ഫോടനത്തിൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞു. നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. കൂട്ടത്തിൽ കുട്ടികളുമുണ്ട്'', എഹ്‌സാനുള്ള ട്വിറ്ററിൽ കുറിക്കുന്നു. കുട്ടികൾ രാവിലത്തെ ക്ലാസുകൾ കഴിഞ്ഞ് പുറത്തുവന്ന സമയത്താണ് ആക്രമണമുണ്ടായത്.
രണ്ടാം സ്‌ഫോടനം പടിഞ്ഞാറൻ കാബൂളിൽത്തന്നെയുള്ള മുംതാസ് ട്രെയിനിങ് സെന്ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാൻഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കി അധികാരം പിടിച്ചത്. അതിന് ശേഷം ഇനി അഫ്ഗാനിസ്ഥാന്റെ ഭാവി തങ്ങളുടെ പക്കൽ സുരക്ഷിതമായിരിക്കുമെന്നായിരുന്നു താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം. എന്നാൽ സായുധതീവ്രവാദസംഘങ്ങൾ തമ്മിലുള്ള വൈരം ഇനിയുമിവിടെ അവസാനിച്ചിട്ടില്ലെന്ന് പല രാഷ്ട്രീയനിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നതാണ്.
ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിലാരും ഏറ്റെടുത്തിട്ടില്ല. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ നടന്ന പല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
ന്യൂസ് ഡെസ്ക്