തിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തെളിവായി ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങൾക്ക് മികച്ച സ്ഥാനം. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് തയ്യാറാക്കിയ പട്ടികയനുസരിച്ച്, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന പെരുമ മുംബൈയിൽനിന്ന് ഡൽഹി ഏറ്റെടുക്കുമെന്നാണ് സൂചന. 200 ഓളം രാജ്യങ്ങളിലെ 3000 നഗരങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി തയ്യാറാക്കുന്ന ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ പട്ടിക ലോകത്തേറ്റവും ആധികാരികമായാണ് വിലയിരുത്തപ്പെടുന്നത്.

മുംബൈയും അതിന്റെ വിശാല നഗരപരിധിയിൽവരുന്ന നവിമുംബൈ, താനെ, വസായ്-വിരാഡ്, ബിവാൻഡി, പൻവേൽ എന്നിവയുമുൾപ്പെട്ട മേഖലയുടെ 2015-ലെ ജിഡിപി 368 ബില്യൺ ഡോളണാണ്. നാഷണൽ കാപ്പിറ്റൽ റീജിയൺ, ഗുഡ്ഗാവ്, ഫരീദാബാദ്, നോയ്ഡ, ഗസ്സിയാബാദ് എന്നിവിടങ്ങൾ ഉൾപ്പെട്ട ഡൽഹി നഗരപരിധിയുടെ ജിഡിപി 370 ബില്യൺ ഡോളറും.. ആഗോള സാമ്പത്തിക കേന്ദ്രങ്ങളിൽ 31-ാം സ്ഥാനത്താണ് മുംബൈ.

ഇന്ത്യയിലെ രണ്ട് മഹാനഗരങ്ങളും ഇനിയും വളർച്ച കൈവരിക്കുമെന്നാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ വിലയിരുത്തൽ. 2030 ആകുമ്പോഴേക്കും ഡൽഹി 11-ാം സ്ഥാനത്തും മുംബൈ 14-ാം സ്ഥാനത്തുമെത്തും. ഡൽഹിയെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യയുള്ള മുംബൈ നഗരം ആളോഹരി ജിഡിപിയിൽ ഡൽഹിയെക്കാൾ മുന്നിട്ടുനിൽക്കുന്നു. മുംബൈയിലെ ആളോഹരി ജിഡിപി 16,881 ഡോളറും ഡൽഹിയിലേത് 15,745 ഡോളറുമാണ്.

അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹ്യ വികസനത്തിലും ഡൽഹി മുംബൈയെ പിന്തള്ളിയതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പ്രൊഫ.ബിനോ പോൾ പറയുന്നു. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കേണ്ട അനുമതതികൾക്കും മറ്റും കൂടുതൽ സൗകര്യമെന്ന നിലയ്ക്ക് വ്യവസായ ലോകം മുംബൈയെ കൈവിട്ട് ഡൽഹിയോട് അടുക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, മുംബൈയെക്കാൾ അടിസ്ഥാന സൗകര്യ വികസനവും ഡൽഹിയിലുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.