മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിർ മെർച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക ടാഡ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവർക്കും കോടതി രണ്ടു ലക്ഷം രൂപ വീതം പിഴയും ചുമത്തി. കേസിലെ മറ്റൊരു പ്രതി റിയാസ് സിദ്ദിഖിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ചുമത്തി.

മുംബൈ സ്ഫോടനക്കേസിലെ രണ്ടാം ഘട്ട വിചാരണയിൽ അഞ്ചു പ്രതികൾക്കെതിരായ ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിധി പ്രസ്താവത്തെ പുഞ്ചിരിയോടെയാണ് അബു സലേം സ്വീകരിച്ചത്.

കേസിലെ ഏഴാം പ്രതി അബ്ദുൾ ഖ്വയമിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ മുസ്തഫ ദൂസ്സ വിചാരണയ്ക്കിടെ മരണമടഞ്ഞതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ദാവൂദ് ഇബ്രാഹിം അടക്കം ഏതാനും ചില പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

അബു സലേമിനും റിയാസ് സിദ്ദിഖിക്കും ജീവപര്യന്തം തടവും ബാക്കി നാല് പ്രതികൾക്ക് വധശിക്ഷയും നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പോർച്ചുഗലിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട അബു സലേമിനെ വധശിക്ഷ നൽകില്ലെന്ന ഉപാധിയിലാണ് പോർച്ചുഗൽ കോടതി ഇന്ത്യയ്ക്ക് കൈമാറിയത്. പ്രദീപ് ജെയിൻ എന്ന കെട്ടിടനിർമ്മാതാവിന്റെ കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച വരികയാണ് അബു സലേം ഇപ്പോൾ. മുംബയ് സ്‌ഫോടനം നടന്ന് 24 വർഷങ്ങൾക്കു ശേഷമാണ് പ്രത്യേക ടാഡ കോടതിയുടെ വിധി.

1993 മാർച്ച് 12നാണ് മുംബൈ സ്ഫോടന പരമ്പര അരങ്ങേറിയത്. 257 പേരാണ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. 713 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, സ്ഫോടനം നടത്തൽ, തീവ്രവാദ പ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു. ഇവർക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ വാദിച്ചിരുന്നു. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയിൽ, ആദ്യഘട്ടം 2006ൽ പൂർത്തിയായിരുന്നു. 123 പ്രതികളുണ്ടായിരുന്നതിൽ 100 പേരെയാണ് അന്ന് കോടതി ശിക്ഷിച്ചത്.

സ്‌ഫോടനം ആസൂത്രണം ചെയ്തവർക്ക് ഗുജറാത്തിൽനിന്നും മുംബയിലേക്ക് ആയുധം എത്തിച്ചു നൽകിയെന്നാണ് ഇവർക്കെതിരായ കേസ്. അബു സലേമാണ് കേസിലെ മുഖ്യപ്രതി. മുസ്തഫ ദോസെ ബറൂചിൽ നിന്നും അയച്ച ആയുധങ്ങൾ അബു സലേം വഴിയാണ് മുംബയിലെത്തിച്ചത്. സ്‌ഫോടക വസ്തുക്കൾ അയയ്ക്കുന്നതിന് മുമ്പ് മുസ്തഫ ദോസെയും സഹോദരൻ മുഹമ്മദ് ദോസെയും ദുബായിലെ വസതിയിൽ ചർച്ച നടത്തിയിരുന്നു. അബ്ദുൾ ഗയൂം അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ദുബായിലെ ഓഫീസിലെ മാനേജരായിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ടൈഗർ മേമന്റെ സഹോദരൻ യാക്കൂബ് മേമനെ 2015 ജൂലായ് 30ന് തൂക്കിലേറ്റിയിരുന്നു.

അധോലോക നായകൻ കൂടിയായ അബു സലേമിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കരിമുള്ള ഖാനും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിനുള്ള തെളിവുകളുടെ അഭാവത്തിൽ കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു.