മുംബൈ: മുംബൈ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് ചെങ്കടലിന്റെ ഇരമ്പം. സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിൽ ഭാരതീയ കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കർഷക മാർച്ച് മുംബൈ നഗരത്തിലേക്ക് കടന്നു. സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയും സമരത്തെ കുറിച്ചു കേട്ടറിഞ്ഞും ദിവസവും ജനലക്ഷങ്ങളാണ് മാർച്ചിനെ പിന്തുണച്ച് എത്തുന്നത്. റാലി സെൻട്രൽ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തേക്ക് മാർച്ച് ചെയ്യുകയാണ്. 50,000ത്തിലേറെ പേർ നിലവിൽ റാലിയിൽ അണിനിരക്കുന്നുണ്ട്. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ദിവസമായ തിങ്കളാഴ്ച റാലി കടന്നു പോകുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ മാർച്ചിന് പിന്തുണയുമായി ശിവസേന നേതാക്കളുമെത്തി. സർക്കാറിന്റെ ഭാഗമായ ശിവസേന തന്നെ സമരത്തിന് എത്തിയതോടെ സർക്കാറും സമവായത്തിന്റെ പാതയിലാണ്. നാളെ നിയമസഭാ മന്ദിരം കർഷകർ ഉപരോധിക്കാനിരിക്കേ ഫഡ്‌നാവിസ് സർക്കാർ സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. എന്നാൽ നാളെ തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭ വളയുന്നതിൽ നിന്നും പിന്നോട്ടില്ലെന്നാണ് കർഷകർ വ്യക്തമാക്കിയത്. സിപിഎമ്മിന്റെ കർഷക സംഘടനയായ അഖിൽ ഭാരതീയ കിസാൻ സഭയാണ് റാലിക്ക് നേതൃതം നൽകുന്നത്. എന്നാൽ, കർഷകരെ നിയമസഭ പരിസരത്തേക്ക് വിടരുതെന്നാണ് സർക്കാർ പൊലിസിന് നൽകിയ നിർദ്ദേശം. കർഷകരെ ആസാത് മൈതാനതേക്ക് വഴിതിരിച്ചുവിടാനാണ് പൊലിസിന്റെ നീക്കം. ഇതനുസരിച്ച് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താനാണ് പൊലിസ് ശ്രമം.

ചൊവ്വാഴ്ച വൈകീട്ട്, മുംബൈയിൽ നിന്ന് 200 കിലൊ മീറ്റർ അകലെ നാസികിൽ നിന്ന് ആരംഭിച്ചതാണ് കർഷക റാലി. ആദിവാസികൾ ഉൾപടെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്ന് കർഷകർ റാലിയിൽ എത്തിചേരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മുംബൈയിൽ എത്തിയതോടെ റാലിയിലെ പങ്കാളിത്തം ലക്ഷം കടന്നിട്ടുണ്ട്. റാലിയെ കുറിച്ച് കേട്ടറിഞ്ഞും ആളുകൾ സമരത്തിൽ പങ്കാളികളാകുന്നുണ്ട്. നിരത്തുകൾ ചെങ്കടലാക്കിയാണ് വരവ്. അപര്യാപ്തമായ കടം എഴുതിത്ത്ത്ത്തള്ളലിലുടെ സർക്കാർ തങ്ങളെ വഞ്ചിക്കുകയാണെന്ന് റാലിയിൽ അണിചേർന്നവർ പറയുന്നു. 32,000 കോടിയുടെ കടം എഴുതിത്ത്ത്ത്തള്ളുമെന്ന സർക്കാർ പ്രഖ്യാപനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

വാഗ്ദാനം ലംഘിച്ച് കർഷകരെ നിരന്തരം വഞ്ചിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരായ പ്രതിഷേധം മാർച്ചിൽ അലയടിച്ചു. മഹാരാഷ്ട്രയുടെ ജനപദങ്ങളെ ചെങ്കടലാക്കിയാണ് മാർച്ച് മുന്നേറുന്നത്. ചെങ്കൊടിയും ചുവന്ന തൊപ്പിയും ചുവന്ന പ്ലക്കാർഡുകളുമായി ദിവസവും ആയിരത്തിലേറെ കർഷകരാണ് സ്വയം സന്നദ്ധരായി മാർച്ചിൽ പങ്കെടുക്കുന്നത്. കർഷകജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്ന സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ കിസാൻസഭയ്ക്ക് പിന്തുണയുമായി വിവിധ സംഘടനകളും രംഗത്തുവന്നു. കർഷകർക്ക് പുറമെ ആയിരക്കണക്കിന് ആദിവാസികളും മാർച്ചിൽ പങ്കെടുക്കുന്നു.

കിലോമീറ്ററുകൾ നടന്ന് പലരുടെയും കാലുകളും ചെരുപ്പുകളും പൊട്ടി. ചോരയൊലിക്കുന്ന കാലുകളുമായാണ് പൊരിവെയിലത്ത് കർഷകർ തളരാതെ മുന്നേറുന്നത്. നവമാധ്യമങ്ങളിലും സമരം ചർച്ചയായിമാറി. കർഷകർക്ക് പിന്തുണ നൽകുന്ന ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിംഗായി മാറിയിട്ടുണ്ട്. അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ നിന്ന് പിന്മാറുക, അർഹമായ നഷ്ടപരിഹാരത്തുക നൽകുക, വിളകൾക്ക് കൃത്യമായ താങ്ങുവില നൽകുക, എം എസ് സ്വാമിനാഥൻ കമ്മിഷൻ കർഷകർക്കായി നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കുക, ബിജെപി സർക്കാരിന്റെ കർഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരൾച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമി വനംവകുപ്പ് അവരുടെതെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത്തരത്തിൽ ഭുമി നഷ്ടപ്പെട്ടവരും നഷ്ടെപെടാൻ സാധ്യതയുള്ളവരുമാണ് റാലിയുടെ ഭാഗമായ മറ്റ് കർഷകർ. 2006 ലെ വനാവകാശ നിയമ പ്രകാരം തലമുറകളായി കൃഷിചെയ്തുവരുന്ന ഭൂമി ആദിവാസികളായ കർഷകർക്ക് വിട്ടുകൊടുക്കണമെന്നാണ്. എന്നാൽ, ഇതുവരെ ഇത് നടപ്പാക്കിയില്ല. ഭൂമി പിടിച്ചെടുക്കൽ സർക്കാർ തുടരുകയും ചെയ്യുന്നതാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. തിങ്കളാഴ്ച വിധാൻ ഭവനുമുന്നിൽ കിസാൻസഭ നേതാക്കളായ അശോക് ധാവ്ളെ, വിജു കൃഷ്ണൻ, ഹന്നൻ മൊള്ള, ജിതേന്ദ്ര ചൗധരി എംപി, മുൻ എംഎൽഎ നരസയ്യ ആദം, മഹേന്ദ്രസിങ്, മറിയം ധാവ്ളെ തുടങ്ങിയവർ കർഷകരെ അഭിസംബോധനചെയ്യും.