- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ ഖാൻ ജയിലിൽ തുടരും; ജാമ്യഹർജിയിൽ വാദംകേൾക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; പ്രതികളെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് എൻസിബി; കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് ആണ് ജാമ്യഹർജിയെ എതിർത്ത് മുംബൈ പ്രത്യേക കോടതിയിൽ ഹാജരാവുക.
ആര്യൻ ഖാന് ജാമ്യം അനുവദിക്കുന്നതിനെതിരേ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. വാദം കേൾക്കുന്നത് മാറ്റിവെച്ച സാഹചര്യത്തിൽ ആര്യൻ ഖാൻ ജയിലിൽ തുടരും. ഹർജിയിൽ വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാദം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി ബുധനാഴ്ച ഒന്നര മണിക്കൂറോളം ആര്യൻ ഖാന് വേണ്ടി കോടതിയിൽ വാദിച്ചിരുന്നു. ആര്യന്റെ പക്കൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. അവർ ലഹരിമരുന്ന് കടത്തുന്നവരല്ല. ഇവിടെയുള്ള നിയമം പരിഷ്‌കരിക്കേണ്ടതുണ്ട്. ഇതിനോടകം തന്നെ ആര്യൻ ഖാൻ ആവശ്യത്തിന് അനുഭവിച്ചു, ഇത്തരം കേസുകൾ കൈകാര്യംചെയ്യേണ്ടത് ഇങ്ങനെയല്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എന്നാൽ, ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ട അതീവഗുരുതര കേസാണെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചത്. രാജ്യം മുഴുവൻ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശങ്കാകുലരാണ്. ഒരു വ്യക്തിയുടെ ഉപയോഗം സംബന്ധിച്ച് മാത്രമല്ല, പിന്നിലുള്ള വലിയ സംഘത്തെ പിടികൂടേണ്ടതുണ്ട്. തന്റെ സുഹൃത്തായ അർബാസ് മർച്ചന്റിന് മയക്കുമരുന്ന് ഇടപാട് ഉണ്ടെന്ന് ആര്യന് അറിയാമായിരുന്നു.
ഇപ്പോൾ പ്രതികളെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തും. ലഹരിമരുന്ന് കച്ചവടത്തെക്കുറിച്ച് ആര്യൻ ഖാൻ ഒരു വിദേശപൗരനുമായി ചാറ്റ് ചെയ്തതിന്റെ തെളിവുകൾ എൻസിബി കണ്ടെത്തിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ന്യൂസ് ഡെസ്ക്