- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ ഖാന് ജാമ്യമില്ല; ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളി; അർബാസ് മർച്ചന്റ്, മുൺമൂൺ ധമേച്ച എന്നിവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും; പ്രത്യേക കോടതിയിൽ വിചാരണ നടത്തേണ്ട കേസാണെന്ന് എൻസിബി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല ആര്യന്റെ അഭിഭാഷകൻ സതീഷ് മനെഷിൻഡെ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ഇതോടെ ആര്യൻ ഖാൻ മുംബൈയിലെ ആർതർ ജയിലിൽ തുടരും. കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ആര്യൻ ഖാനൊപ്പം കേസിൽ അറസ്റ്റിലായ അർബാസ് മർച്ചന്റ്, മുൺമൂൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ആര്യൻ ഖാനെയും അർബാസ് മർച്ചന്റിനെയും ആർതർ റോഡ് ജയിലിലും മുൺമൂൺ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാർപ്പിക്കുക.
ജാമ്യാപേക്ഷകൾ നിലനിൽക്കുന്നവയല്ലെന്നും അതിനാൽ തള്ളുകയാണെന്നും അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ എം നിലേക്കർ പ്രസ്താവിച്ചു. പ്രതിപ്പട്ടികയിൽ ഉള്ളവർക്കെതിരായ കുറ്റാരോപണം എൻഡിപിഎസ് ആക്റ്റിനു കീഴിൽ വരുന്നതിനാൽ ഒരു പ്രത്യേക കോടതിയിൽ വിചാരണ നടത്തേണ്ട കേസാണ് ഇതെന്ന് എൻസിബിക്കുവേണ്ടി ഹാജരായ എഎസ്ജി അനിൽ സിങ് വാദിച്ചു.
എന്നാൽ ആര്യൻ ഖാനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാൽ എൻസിപിഎസ് ആക്റ്റിനു കീഴിൽ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകൻ സതീഷ് മനെഷിൻഡെയുടെ വാദം. ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ആവശ്യം ഇന്നലെ ഇതേ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടർന്ന് ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. എൻസിബി കസ്റ്റഡിയിലെ ചോദ്യംചെയ്യൽ ഇനിയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.
എട്ട് പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് എൻസിബി അപേക്ഷ നൽകിയത്. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എൻസിബി അറിയിച്ചു. 'അന്വേഷണം പരമപ്രധാനമാണ്. ഇതു പ്രതികൾക്കും അന്വേഷകർക്കും ഒരുപോലെ പ്രയോജനം ചെയ്യും' ആര്യന്റെയും മറ്റ് 7 പേരുടെയും കസ്റ്റഡി നീട്ടിക്കൊണ്ട് കോടതി പറഞ്ഞു.
മുംബൈയിൽനിന്നു ഗോവയിലേക്കു സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എൻസിബിയുടെ രഹസ്യ ഓപ്പറേഷനിൽ പ്രതികൾ അറസ്റ്റിലായത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവ കണ്ടെടുത്തു. വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, പഴ്സ് എന്നിവയിലാണു ലഹരി ഒളിപ്പിച്ചിരുന്നതെന്ന് എൻസിബി അറിയിച്ചു.
കൂടുതൽ അന്വേഷണം വേണ്ടതിനാൽ ജാമ്യം നൽകരുതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കോടതിയെ അറിയിച്ചു. അതേ സമയം നാർകോട്ടികസ് കൺട്രോൾ ബ്യൂറോ ഓഫിസിൽ നിന്ന് ആര്യൻ ഖാനേയും മറ്റ് പ്രതികളേയും ജയിലിലേക്ക് മാറ്റി. പുരുഷന്മാരെ ആർതർ റോഡ് ജയിലിലേക്കും സ്ത്രീകളെ ബൈക്കുള ജയിലിലേക്കുമാണ് മാറ്റിയത്. മെഡിക്കൽ പരിശോധനക്ക് ശേഷമാണ് ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോയത്. ആര്യൻ ഖാനടക്കമുള്ള 8 പ്രതികളുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
ജാമ്യേപേക്ഷയിൽ വാദം നടക്കവെ ഷാരൂഖ് ഖാനോ ഗൗരിഖാനോ കോടതിയിൽ ഹാജരായിരുന്നില്ല. എന്നാൽ ഇവർക്ക് ജയിലിലെത്തി മകനെ സന്ദർശിക്കാവുന്നതാണ്. കുടുംബാംഗങ്ങൾക്ക് പ്രതികളെ സന്ദർശിക്കാമെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആര്യൻ ഖാനൊപ്പം മറ്റ് ഏഴ് പ്രതികളേയും ഇന്നലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികളെ വിട്ടത്.
അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.
ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബാസ് മർച്ചന്റിന്റെ കയ്യും പിടിച്ച് വന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല. ബിജെപി പ്രവർത്തകനായ ബാനുശാലിയാണിത്. പുറത്ത് നിന്ന് ഒരാൾ, അതും ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിയ്ക്കൊപ്പം പോയെന്നുമാണ് ബനുശാലിയുടെ മറുപടി. പക്ഷേ മുമ്പ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം.
എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു. ഒരു സ്വകാര്യ ഡിറ്റക്ടീവും റെയ്ഡിന്റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്,അവർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം.
അതേസമയം സംഭവത്തിൽ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡിൽ നിരവധി പേർ രംഗത്തുണ്ട്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് പിന്തുണയുമായി ദീർഘമായ കത്തുമായി ഹൃത്വിക് റോഷൻ രംഗത്ത് എത്തിയിരുന്നു. ഇപോഴിതാ ഹൃത്വികിന്റെ പിന്നാലെ ആര്യൻ ഖാന് പിന്തുണയുമായി നടി രവീണ ടണ്ടനും രംഗത്ത് എത്തിയിരിക്കുകയാണ്. അപമാനകരമായ രാഷ്ട്രീയം കളിക്കുന്നു ഒരു യുവാവിന്റെ ജീവിതവും ഭാവിയുംവെച്ച് അവർ കളിക്കുന്നു.
ഹൃദയഭേദകമാണ് എന്നാണ് രവീണ ടണ്ടൻ എഴുതിയിരിക്കുന്നത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേയാണ് ആര്യൻ ഖാൻ അടക്കമുള്ളവർ അറസ്റ്റിലായത്. ആര്യൻ ഖാന്റെയും കൂട്ട് പ്രതികളുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. കപ്പലിൽ പരിപാടികൾ സംഘടിപ്പിച്ച കമ്പനിയിലെ നാല് പേരുടെ അറസ്റ്റും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.