മുംബൈ: ഫേസ്‌ബുക് പേജുവഴി ഹിപ്‌നോട്ടിസവും സെക്‌സ് ക്ലാസും നടത്തുന്ന വിവാദപുരുഷനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഷിഫു സംക്രിതി(Shifu Sunkrithi) എന്ന ഫേസ്‌ബുക് പേജ് നടത്തുന്ന സംഘത്തിനു നേതൃത്വം നല്കുന്ന സുനിൽ കുൽക്കർണിയാണ് അറസ്റ്റിലായിരിക്കുന്നത്. മുംബൈ മലാഡിലെ ദമ്പതികളുടെ പരാതിയിലാണു നടപടി. സുനിൽ കുൽക്കർണിയുടെ നേതൃത്വത്തിൽ വൻ സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതയാണ് സംശയം.

ദമ്പതികളുടെ രണ്ടു പെൺമക്കൾ സുനിൽ കുൽക്കർണി നേതൃത്വം നല്കുന്ന ഗ്രൂപ്പിന്റെ വലയിൽനിന്നു മോചിതരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ഷിഫു സംക്രിതി എന്ന പേജിനെക്കുറിച്ചും അത് നടത്തുന്നവരെക്കുറിച്ചും അന്വേഷണത്തിന് ഹൈക്കോടതി വ്യാഴാഴ്ച ഉത്തരിവിട്ടു. ഇതിനെ തുടർന്നാണ് കുൽക്കർണി അറസ്റ്റിലായിരിക്കുന്നത്.

വെറും ഒരു മെസ്സേജോ ഫോൺ നമ്പറോ പോസ്റ്റ് ചെയ്താൽ ഷിഫു സംക്രിതി പേജിൽ അംഗമാകാം. ഗ്രൂപ്പ് നിലനിർത്തുന്ന സംഘാംഗങ്ങൾ ആളുകളെ പിന്തുടർന്ന് ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഭാഗഭാക്കാകും. ഇങ്ങനെ വലയിൽ വീഴുന്നവരെ പതിയെ സെക്‌സ്, ലഹരി റാക്കറ്റിലേക്ക് ആകർഷിച്ച് അടിമപ്പെടുത്തുകയാണ് പതിവെന്നും ദമ്പതികൾ പരാതിയിൽ ചൂണ്ടിക്കാട്ടി.

പെൺകുട്ടികളെയും ആൺകുട്ടികളെയും വഴി തെറ്റിച്ച് അവരിൽ ലഹരി അടിച്ചേൽപിക്കുകയും ലൈംഗികമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതായിട്ടാണ് ആരോപണം. ഐഐടിയിലും ഐഐഎമ്മിലും ക്ലാസ്സെടുത്തിട്ടുണ്ടെന്നും താനൊരു മനഃശ്ശാസ്ത്രജ്ഞനാണെന്നുമാണ് സുനിൽ കുൽക്കർണി സ്വയം പരിചയപ്പെടുത്തുന്നത്. ഇദ്ദേഹത്തിന് ബൃഹത്തായ ആരാധകവൃന്ദവും ഉണ്ട്.

യുവാക്കളെയും യുവതികളെയും വശീകരിക്കുന്നു, ഹിപ്‌നോട്ടൈസ് ചെയ്ത് ലഹരിക്കടിമപ്പെടുത്തുന്നു, ലൈംഗികമായി പീഡിപ്പിക്കുകയും വീട് ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു എന്ന മാതാപിതാക്കളുടെ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുന്നത്. ദമ്പതികളുടെ രണ്ടു മക്കൾ ഗ്രൂപ്പിന്റെ വലയിൽ വീണതിൽപിന്നെ വീട്ടിലേക്കു വരാറില്ലായിരുന്നു. ദമ്പതികളുടെ പരാതിയിന്മേൽ ഏപ്രിൽ 19ന് പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്യുകയും ഇന്ന് സുനിൽ കുൽക്കർണിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഷിഫു സൻക്രിതി എന്ന ഫേസ്‌ബുക്ക് പേജ് വഴിയാണ് തങ്ങളുടെ മക്കൾ സംഘത്തിൽ ചേരുന്നതെന്നും സുനിൽ കുൽക്കർണിയാണ് ഇതിന്റെ സ്ഥാപകനെന്നും ദമ്പതികൾ പരാതിയിൽ ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സുനിൽ കുൽക്കർണിയെ അറസ്റ്റ് ചെയ്തത്. നിലവിൽ കുൽക്കർണിക്കെതിരെ ഡൽഹിയിൽ ഒരു പോക്‌സോ കേസ് നിലനിൽക്കുന്നുണ്ട്.

18നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കുൽക്കർണിയുടെ ഇരകൾ. മനഃശാസ്ത്രപരമായ നീക്കത്തിലൂടെ പെൺകുട്ടികളുടെ മേൽ ആധിപത്യം സ്ഥാപിച്ചാണ് ഇവരെ ഉപയോഗപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ഡിസംബറിൽ പൊലീസിന് ഇയാളെക്കുറിച്ച് പരാതി ലഭിച്ചിട്ടും അവർ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. അന്വേഷണം നടത്താൻ പൊലീസിനു കഴിയില്ലെങ്കിൽ കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അറസ്റ്റിലാവുന്നതിന് തൊട്ടു മുമ്പ് ആരോപണങ്ങളെല്ലാം സുനിൽകുൽക്കർണി നിഷേധിച്ചു.