മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ പത്തുമാസം പ്രായമായ പെൺകുഞ്ഞിനെ ഡേകെയറിൽ ആയ മർദിച്ച സംഭവത്തിൽ സ്ഥാപന ഉടമയ്‌ക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഡേ കെയറിൽവച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചവിട്ടുകയും എടുത്തെറിയുകയും ചെയ്ത സംഭവത്തിൽ ആയ അഫ്‌സാന ഷെയ്ഖിനെയും ഡെകെയർ സെന്റർ ഉടമ പ്രിയങ്ക നിഖമിനെയും പൊലീസ് അറസ്റ്റ്‌ചെയ്തിരുന്നു. അഫ്‌സാനയെ റിമാൻഡ് ചെയ്തു. പ്രിയങ്ക നിഖമിനെ ജാമ്യത്തിൽ വിട്ടു.

മാതാപിതാക്കൾ ജോലിക്കുപോകുമ്പോൾ ഡേ കെയറിലാക്കിയിരുന്ന പിഞ്ചുകുഞ്ഞിന് ആയയുടെ ക്രൂര പീഡനത്തിൽ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. നവി മുംബൈയിൽ പ്രവർത്തിച്ചിരുന്ന ഡേ കെയറിലെ മുപ്പതുകാരിയായ ആയയാണ് കൊച്ചുകുട്ടിയെ തല്ലിച്ചതയ്ക്കുകയും എടുത്തെറിയുകയും ചെയ്തത്. നവി മുബൈ ഘാർഘറിൽ പ്രവർത്തിക്കുന്ന പൂർവ ഡേ കെയറിൽവച്ചാണ് പത്തുമാസം പ്രായമായ പെൺകുഞ്ഞിന് നേരെ ആയ ക്രൂരമായ ആക്രമണം നടത്തിയത്.

ഈ മാസം 21ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടാത്. ഘാർഘറിൽ താമസാക്കിയ രുചിത, രജത് ദമ്പതികളുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ച് മൃതപ്രായയാക്കിയത്. രാവിലെ ഡെ കെയറിൽ ഏൽപിച്ചശേഷം വൈകീട്ട് ജോലികഴിഞ്ഞെത്തി കൂട്ടിക്കൊണ്ടുപോകവേ കുഞ്ഞിനെ അവശനിലയിൽ കണ്ടതോടെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്നാണ് കുട്ടിയുടെ ശരീരമാസകലം മർദനമേറ്റതായി കണ്ടതോടെ വിശദമായ പരിശോധന നടത്തി. കുഞ്ഞിന് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ഇക്കാര്യം ഡേ കെയർ ജീവനക്കാരോട് അന്വേഷിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്നതായിരുന്നു മറുപടി. പിന്നീട് സംശയംതോന്നിയ കുട്ടിയുടെ മാതാപിതാക്കൾ ഘാർഘർ പൊലീസിൽ പരാതി നൽകി. ഡേകെയറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുഞ്ഞിനെ ആയ ക്രുരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി.

ഡേ കെയറിൽ എല്ലാ കുഞ്ഞുങ്ങളെയും ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയിള്ളത്. കുഞ്ഞുങ്ങളെ നിർബന്ധപൂർവം ഉറക്കാനും മറ്റും മയക്കുമരുന്ന് ഉൾപ്പെടെ നൽകുന്നതായി പലയിടത്തുനിന്നും മുമ്പും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മഹാരാഷ്ട്ര വിനിതാശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ സംഭവത്തിൽ ഇടപെട്ട് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി.