- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറി യുവതിയുടെ പീഡനക്കേസിൽ ബിനോയിക്കെതിരെ കുറ്റപത്രം ഉടൻ; കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഉടൻ സമർപ്പിച്ചേക്കും; കേസ് റദ്ദാക്കണമെന്ന ഹർജി 2021 ജൂണിലേക്ക് മാറ്റി; സിപിഎം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ടും കോടിയേരിയുടെ തലവേദന മാറുന്നില്ല; ബിനീഷ് മയക്കുമരുന്നു കേസിൽ അഴിയെണ്ണുമ്പോൾ ബിനോയിയും കുരുക്കിലേക്ക്
മുംബൈ: മക്കൾ തുടർച്ചയായി പേരുദോഷം കേൾപ്പിക്കുന്നതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ബാലകൃഷ്ണന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടായത്. എന്നാൽ, ഇപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും അദ്ദേഹം മാറി നിന്നാലും മക്കളെ കൊണ്ടുള്ള തലവേദന ഒഴിയില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇളയവൻ ബിനീഷ് കോടിയേരി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണം ഇടപാടിൽ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോൾ തന്നെ മൂത്തവൻ ബിനോയ് കോടിയേരിയും കൂടുതൽ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ബിനോയ് കോടിയേരിക്കെതിരായ പീഡന കേസുമായി മുംബൈ പൊലീസ് മുന്നോട്ടു പോകാൻ ഒരുങ്ങുന്നതാണ് അദ്ദേഹത്തെ കൂടുതൽ പ്രശ്നത്തിലാക്കുന്നത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ, ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് വൈകാതെ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല.
രജിസ്റ്റ്രാറുടെ പക്കൽ രഹസ്യരേഖയായി ഡിഎൻഎ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹർജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.പീഡനപരാതി നിലനിൽക്കുന്ന കീഴ്ക്കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ, ഡിഎൻഎ റിപ്പോർട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. കേസിൽ ഒത്തുതീർപ്പ് നടന്നതായുള്ള പ്രചാരണവും അവർ നിഷേധിച്ചു. മുംബൈ മീരാറോഡിൽ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നൽകിയത്.
ദുബായിലെ മെഹ്ഫിൽ ബാറിൽ ഡാൻസർ ആയിരുന്ന താൻ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ൽ ഗർഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളിൽ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാൻ തുടങ്ങിയെന്നും തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്.
കേസിൽ നേരത്തെ ബിനോയിയെ മുംബൈയിൽ വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. വിവാഹവാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചു. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങൾ 2009 ഒക്ടോബർ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
2010 ജൂലായ് 22-നാണ് കുട്ടി ജനിക്കുന്നത്. പിന്നീടാണു ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. അക്കാര്യം ചോദിച്ചതോടെ അയാൾ താനുമായുള്ള ബന്ധം അവസാനിപ്പിച്ചു. തനിക്കു ബാങ്കുവഴി മാസംതോറും ജീവിതച്ചെലവിനു തരാറുള്ള പണം നൽകാതായി. ഭീഷണിപ്പെടുത്താനും തുടങ്ങി -പരാതിയിൽ ആരോപിക്കുന്നു.
കുട്ടിയെ വളർത്താൻ ബിനോയ് കോടിയേരി ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് ബിഹാർ സ്വദേശി അയച്ച കത്തും നേരത്തെ പുറത്തുവന്നിപുന്നു. 2018 ഡിസംബറിൽ അഭിഭാഷകൻ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളർത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്. ഇതെ തുടർന്നാണ് ബിനോയ് കോടിയേരി കണ്ണൂർ റേഞ്ച് ്ഐജിക്ക് യുവതിക്കെതിരെ പരാതി നൽകുന്നത്.
യുവതി കത്തിൽ പറയുന്നത് ഇങ്ങനെ:
2009 ഒക്ടോബർ 18നാണ് ബിനോയ് കോടിയേരി വിവാഹം കഴിച്ചത്. 2010 ജൂലൈ 22 നാണ് കുഞ്ഞ് ജനിക്കുന്നത്. 2015 ജനുവരി 27 ന് പാസ്പോർട് ലഭിക്കാൻ അപേക്ഷ നൽകിയപ്പോൾ അധികൃതർക്ക് മുമ്പാകെ ഹിന്ദു വിവാഹ നിയമപ്രകാരം താങ്കൾ എന്നെ വിവാഹം കഴിച്ചതായും 2009 ഓക്ടോബർ മുതൽ ഒരുമിച്ച് കഴിയുന്നതായും നമ്മൾ ഒന്നിച്ചാണ് ഒപ്പിട്ട് നൽകിയത്.അത് പ്രകാരം പാസ്പോർടിൽ എന്റെ പേരിനൊപ്പം താങ്കളുടെ പേരു ചേർക്കുകയും ചെയ്തു. നമ്മുടെ മകന്റെ ജനന സർട്ടിഫിക്കറ്റിലും അച്ഛന്റെ സ്ഥാനത്ത് താങ്കളുടെ പേരാണ് നൽകിയിട്ടുള്ളത്.
2009 ൽ വിവാഹിതരായ ശേഷം മുംബൈയിൽ വാടകക്ക് എടുത്ത ഫ്ളാറ്റിൽ നമ്മൾ ഒരുമിച്ചാണ് താമസിച്ച് വന്നത്. ഒരു വർഷത്തിന് ശേഷം ജുലൈയിൽ കുഞ്ഞു ജനിക്കുകയും ചെയ്തു. 2015 മധ്യത്തിൽ മാത്രമാണ് താങ്കളുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. താങ്കൾ എന്നെ വഞ്ചിക്കുകയായിരുന്നു എന്നും മുമ്പ് വിവാഹം കഴിഞ്ഞ വിവരം മറച്ച് വച്ച് ചതിക്കുകയായിരുന്നു എന്നും എനിക്ക് വിശ്വസിക്കാനായില്ല. ഈ വിവരം താങ്കളോട് ചോദിച്ചപ്പോൾ താങ്കെളെന്നോട് വഴക്കിടുകയും ഇറങ്ങിപ്പോകുകയുമാണ് ഉണ്ടായത്. അതിന് ശേഷം താങ്കൾ മടങ്ങി വന്നില്ല. ജീവിക്കാൻ വേറെ വഴിയില്ലാതെ താങ്കൾ വാടകക്ക് എടുത്ത് തന്ന ഫ്ളാറ്റിൽ ഞാനൊറ്റക്കായിരുന്നു. താങ്കളെ പലതവണ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താങ്കൾ മറുപടി നൽകിയില്ല.
ചെലവിനുള്ള തുക പോലും കൃത്യമായി എത്തിക്കാനും താങ്കൾ തയ്യാറായില്ല. വല്ലപ്പോഴും തന്നിരുന്ന തുക മുംബൈയിലെ റസിഡൻഷ്യൽ ഏര്യയിൽ ഉള്ള ഫ്ളാറ്റിന്റെ വാടകക്കോ കുട്ടിയുടെ വിദ്യാഭ്യാസ ചെലവിനോ പോലും തികയുമായിരുന്നില്ല. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായ താങ്കളുടെ അച്ഛന്റെ പേരക്കുട്ടിയായി വളരാനുള്ള എന്റെ കുട്ടിയുടെ അവകാശം നിഷേധിക്കരുത്. ഞങ്ങളുടെ ചെലവിന് വേണ്ട തുക നൽകാൻ താങ്കൾ ബാധ്യസ്ഥനാണ്. ചെലവിനുള്ള തുക തരണമെന്ന് ഇനി ആവശ്യപ്പെട്ടാൽ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുമെന്നും ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും താങ്കൾ ഭീഷണിപ്പെടുത്തിയത് എന്നെ ഞെട്ടിച്ചു. ഒരു അച്ഛനും ഇങ്ങനെ സംസാരിക്കാൻ കഴിയില്ല.
കുഞ്ഞിന്റെയും എന്റെയും ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ അവകാശങ്ങൾ നിഷേധിക്കാൻ താങ്കൾക്ക് കഴിയില്ല. ഈ കത്ത് ലഭിച്ച് അഞ്ച് ദിവസത്തിനകം അഞ്ച് കോടി രൂപ നൽകാനുള്ള നടപടി താങ്കൾ സ്വീകരിക്കണം. വേറെ ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാണ് താങ്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർബന്ധിതയായത്.
എന്ന് സ്നേഹപൂർവം താങ്കളുടെ ഭാര്യ എന്ന സംബോധനയോടെയാണ് യുവതി ബിനോയ് കോടിയേരിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത്. ഈ കത്തിന് ശേഷവും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് യുവതി നിയമ നടപടികളിലേക്ക് നീങ്ങിയത്. ഇതോടയാണ് ബിനോയ്ി ഡിഎൻഎ പരിശോധന നടത്തേണ്ടി വന്നതും.
മറുനാടന് മലയാളി ബ്യൂറോ