ലയാളി പൊതുബോധത്തിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടതായ ഈ മുടിഞ്ഞ ഗൃഹാതുരത്വംകൊണ്ട് നിരന്തരം കാശുപോയ്‌ക്കൊണ്ടിരിക്കയാണ്. 1992ൽ 'ഓലത്തുമ്പത്തിരുന്ന് ഊയലാടിക്കൊണ്ട്', പപ്പയുടെ സ്വന്തം അപ്പൂസായി വന്ന ബാദുഷാ മുഹമ്മദ് എന്ന ഓമന, വളർന്ന് നായകനാവുമ്പോൾ എങ്ങനെയിരക്കും എന്ന സെന്റിമെൻസുകൊണ്ടുമാത്രം കയറിപ്പോയ സിനിമയാണ് മുംബൈ ടാക്‌സി. ഒരു നൊസ്റ്റാൾജിയക്ക് കിട്ടിയ ശിക്ഷ ഭീകരമായിരുന്നു. രണ്ടുമണിക്കൂർ കഠിനതടവായിരുന്നു ഇതിലും ഭേദം.  എന്തിനാണ് ഇങ്ങനെയൊരു സിനിമയെടുത്തതെന്ന് നവാഗത സംവിധായകൻ ഫാസിൽ ബഷീറിനുപോലും വിശദീകരിക്കാൻ കഴിയില്ല.എന്തിനോവേണ്ടി തിളക്കുന്ന സാമ്പാറെന്ന്, സലിംകുമാർ പറഞ്ഞപോലെ എന്തിനോവേണ്ടി ഓടുകയാണ് ഈ ടാക്‌സി.

കൊച്ചുകുട്ടികളുടെ വീഡിയോഗെയിംപോലുള്ള ഒരു തീവ്രവാദവേട്ട! മറീന മൈക്കിൾ കുരിശിങ്കൽ എന്ന പ്രതിനായികയുടെ മികച്ചപ്രകടനം മാത്രമാണ് ആകെയുള്ള ആശ്വാസം. നമ്മുടെ അപ്പൂസാകട്ടെ രണ്ടാംവരവിൽ ആകെ നിരാശപ്പെടുത്തി. കൈ്‌ളമാക്‌സിലെ ഒരു രംഗമൊഴിച്ചാൽ മനസ്സിൽതട്ടും ഒരു സീൻപോലും ബാദുഷയുടെതായി ഇല്ല.ഇനി ഉള്ള സീനുകളിലാവട്ടെ അങ്ങേയറ്റം അമച്വറാണ് ബാദുഷയുടെ പ്രകടനം. അതല്‌ളെങ്കിലും ബാലതാരമായി വൻ പ്രതീക്ഷ നൽകിയവർ, പിന്നീട് വളർന്ന് മുതിർന്നവേഷങ്ങളിൽ എത്തുമ്പോൾ അതേ പൊലിമ നിലനിർത്താൻ ആവാറില്ല. ഫാസിലിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമായ ബേബി ശാലിനി 'മാമാട്ടിക്കുട്ടിയമ്മയായി' കേരളക്കരയിൽ ഉണ്ടാക്കിയ തരംഗത്തിന് അടുത്തൊന്നും എത്താൻ മുതിർന്ന ശാലിനിക്ക് ആയിട്ടില്ല.

ബേബി മഞ്ജിമ വളർന്ന് മുന്നിൽനിന്ന് ബേബിപോയി വടക്കൻ സെൽഫിയിൽ നായികയായെങ്കിലും പഴയ ബേബിയുടെ അടുത്തത്തെിയോ. ഇതേഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ ബാദുഷയിലും കാണാം. പക്ഷേ പയ്യനല്ലേ, നന്നായി വരുമെന്ന് പ്രതീക്ഷിക്കാം. ആദ്യ ചിത്രത്തിലെ ഫഹദ്ഫാസിലിന്റെ ദയനീയ പ്രകടനം കണ്ട ആരെങ്കിലും കരുതിയിട്ടുണ്ടോ, ഇതുപോലൊരു സ്‌ഫോടകശേഷിയുള്ള നടൻ അയാളിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന്.അതുപോലെ ബാദുഷയും മെച്ചപ്പെടട്ടേ. (അല്ലെങ്കിലും ഫാസിലിന്റെ കണ്ടത്തെലിൽ നമ്മുടെ ലാലേട്ടനടക്കം ആരാണ് പാഴായി പോയത്) പക്ഷേ നൂറുതവണ ആവർത്തിച്ച ഈ പൊട്ടക്കഥ സംവിധാനിക്കാൻ തയാറായ ഫൈസൽ ബഷീറിനും (കഥയും ഇദ്ദേഹത്തിന്റെ തന്നെയാണ്) അതിനു പണംമുടക്കാൻ തുനിഞ്ഞ റിയാസ് ഫസാന്റെയും ( ചിത്രത്തിൽ ഒരു പഞ്ചാബിയായ എ.ടി.എസ് മേധാവിയുടെ വേഷവും ഇദ്ദേഹം ചെയ്തിട്ടുണ്ട്) സ്ഥിരബുദ്ധിക്ക് എന്തോ തകരാറുണ്ടെന്ന് ഈ പടം കണ്ടവർ സംശയിച്ചുപോയാൽ തെറ്റുപറയരുത്!

വീണ്ടും കണ്ടുമടുത്ത തീവ്രവാദിവേട്ട

[BLURB#1-VL] രു ഉൽപ്പന്നം, അത് എന്തുമായിക്കൊള്ളട്ടേ, വിപണിയിലേക്ക് ഇറക്കുന്നതിന് മുമ്പ് മാർക്കറ്റ് സ്റ്റഡി നടത്തേണ്ടേ. കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന സിനിമ ഇത്ര അലക്ഷ്യമായി ഇറക്കുന്നത് കാണുമ്പോൾ വിഷമം തോനുന്നു. അങ്ങനെ ഒരു പഠനം നടത്തിട്ടുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ തള്ളിപ്പോവുന്ന കഥയാണ് ഇതിന്റെത്. യാതൊരു പുതുമയുമില്ലാത്ത കാക്കത്തൊള്ളായിരം തവണ കേട്ട തീവ്രവാദ വേട്ട. ഒരുപാട് തവണ ഒരേ നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഇറക്കിയാൽ അത് ചീറ്റിപ്പോവുമെന്നത് വിപണിയുടെ എ.ബി.സി.ഡി അറിയുന്ന ആർക്കുമറിയുന്ന കാര്യമാണ്.

മുംബൈയിൽ നടക്കാൻപോവുന്ന ഒരു ഭീകരാക്രമണത്തെ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നീർവീര്യമാക്കുന്ന കഥയാണിത്. 'ചിറകൊടിഞ്ഞ കിനാക്കൾ' സിനിമയിൽ പറയുന്നപോലെ, നായകൻ മലയാളിയാൽ മുംബൈ എ.ടി.എസിൽ മാത്രമല്ല,വില്ലന്മാരും മലയാളികളായിപ്പോവും.എ.ടി.എസിന്റെ ഓഫീസിലേക്ക് മുംബൈയിൽ ഭീകരാക്രമണം നടത്താൻപോവുന്ന പെൺകുട്ടിയുടെ ഫോട്ടോസഹിതം ഒരു ഇൻഫോർമർ വിവരം നൽകുകയാണ്. അപ്പോൾതന്നെ നമുക്കറിയാം കഥാന്ത്യത്തിൽ ഈ യുവതിവെക്കുന്ന ബോംമ്പൊക്കെ പൊലീസ് നിർവീര്യമാക്കുമെന്ന്! എല്ലാം അതുപോലെതന്നെ. ഭീകരരെ നായകൻ അടിച്ച് പത്തിരിയാക്കുന്നു.അല്ലാതെ തീവ്രവാദികൾക്ക് വിജയമുണ്ടാവുന്നരീതിയിൽ ഇന്ത്യയിൽ സിനിമയെടുക്കാൻ കഴിയുമോ.ഇതുതന്നെയാണ് ഈ പ്രമേയത്തിന്റെ പരിമിതിയും. കൈ്‌ളമാക്‌സ് എന്താകുമെന്ന് പ്രേക്ഷകന് പ്രവചിക്കാൻ കഴിയും.

മുംബൈ എ.ടി.എസിന്റെ ഓഫീസൊക്കെ സിനിമയിൽ കാണിക്കുന്നതുകണ്ടാൽ ചിരിച്ച് മണ്ണ്കപ്പിപ്പോവും. ഒരു വില്ലേജ് ഓഫീസ് പോലെയാണിത് സെറ്റിട്ടത്. എ.ടി.സ് മേധാവിയായ സർദാർജി ഇടക്കിടെ മേശപ്പുറത്ത് പാതികയറിയിരുന്ന് ഓപ്പറേഷൻ സ്റ്റാർട്ടഡ് എന്നൊക്കെപ്പറഞ്ഞ് അലറുകയും, മറ്റുള്ളവർ സല്യൂട്ട് അടിക്കുയുമൊക്കെയായി ആകെ ബഹളം. (രാജ്യത്തിനായി ജീവൻ ബലികൊടുത്ത ഹേമന്ദ്കർക്കരെയെയും വിജയ് സലാസ്‌ക്കറിനെയും പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥർ ജോലിചെയ്ത മഹാരാഷ്ട്രാ എ.ടി.എസിന്റെ ഓഫീസാണ് ഈ രീതിയിൽ കാണിക്കുന്നത്!) [BLURB#2-VR]സിനിമ പിടിക്കാൻ പോവുന്നതിനുമുമ്പ് ഭീകരവിരുദ്ധസേനയുടെ പ്രവർത്തനത്തെ പറ്റിയും അവർ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളെപ്പറ്റിയുമൊക്കെ അൽപ്പമെങ്കിലും ഗൃഹപാഠം ഇതിന്റെ അണിയറക്കാർക്ക് ആവാമായിരുന്നു. ഈ എ.ടി.എസിന് ചേർന്ന സാമാന്യബുദ്ധിയില്ലാത്തവരായാണ് ഭീകരരെയും കാണിച്ചിരിക്കുന്നത്.സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെപ്പോലെ ഈ സീനുകളെയൊക്കെ പലപ്പോഴും ലൈവ് കോമഡിയായി ആസ്വദിച്ചാൽ സമയം പോയിക്കിട്ടും. മല്ലുസിങ്ങിലെ ഉണ്ണിമുകന്ദനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ തുടക്കത്തിൽ പ്രതീക്ഷയുണർത്തുന്നുണ്ടെങ്കിലും അമിതാഭിനയം കൊണ്ടും ഒരോപോലുള്ള ചേഷ്ടകൾകൊണ്ടും റിയാസ് ഫസാന്റെ സർദാജി മേധാവി പലപ്പോഴും ഒരു രാജാപ്പാർട്ട് വേഷയായി മാറുന്നുണ്ട്.സുനിൽ സുഖദയെയും, ബൈജുജോസിനെയും ഈ സംഘത്തിലിട്ട് ചില വഷളൻ കോമഡികളും കാണിക്കുന്നുണ്ട്.

എടുത്തു പറയാവുന്ന ഒരു വഷളൻ കോമഡി ഇതാ. എ.ടി.എസുകാർ പിടകൂടിയ ഒരു തീവ്രവാദിയുടെ ഫോട്ടോയെടുക്കാൻ അവിടുത്തെ ഉദ്യോഗസ്ഥനായ ബൈജുജോസിനെ വിടുന്നു. നാൽപ്പതാം വയസ്സിൽ കല്യാണം നിശ്ചയിച്ച അയാൾക്ക് ഭീകരവേട്ടയിലൊന്നുമല്ല, കല്യാണക്കുറികൊടുക്കുന്നതിലും ലീവെടുക്കുന്നതിലുമാണ് പ്രഥമ പരിഗണന. ഫോട്ടോയെടുക്കുന്നതിനിടെ ഭീകരൻ, ബൈജുജോസിന്റെ ജനനേന്ദ്രിയത്തിനിട്ട് ഒറ്റ ഇടിയാണ്. ബൈജു കമിഴ്ന്ന് വീഴുമ്പോൾ ഒരു പ്രാവിന്റെ മുട്ട താഴെവീട്ട് പൊട്ടുന്ന ഷോട്ടാണ് തൊട്ടുടനെ കാണിക്കുന്നത്! എന്തൊരു കാവ്യത്മക ബുദ്ധി.ഒരു തീവ്രവാദിയുടെ ഫോട്ടോ എടുക്കാൻ അറിയാത്ത ഇവനൊക്കെ എന്തുപരിശീലനമാണ് കിട്ടിയതെന്നൊന്നും സംശയിക്കരുത്. ബഫൂൺ പൊലീസായി ഒരു ചെറിയ സീനിൽ ടിനിടോമും വരുന്നുണ്ട്. മഹാരാഷ്ട്ര പൊലീസിലെ മലയാളിയാണ് അയാളെന്ന് പ്രത്യേകം പറയണ്ടല്ലോ.എന്തായാലും അവസാനം ഡി.ജി.പിയായി ജഗന്നാഥവർമ്മയെ എഴുന്നള്ളിക്കാഞ്ഞതിന് സംവിധായകനോട് പ്രേക്ഷകർ കടപ്പെട്ടിട്ടുണ്ട്.

കൈയടി മെറീനക്ക് മാത്രം

കുറ്റം മാത്രം പറയരുതല്ലോ, ഒന്ന് രണ്ട് ഗുണവശങ്ങളും ഈ പടത്തിലുണ്ട്. ഇത്രയൊക്കെയാണെങ്കിലും മെറീന മൈക്കിൾ കുരിശിങ്കൽ എന്ന നടിയുടെ ഒറ്റയാൾ പ്രകടനംകൊണ്ടാണ് സിനിമ ചിലഭാഗങ്ങളിൽ കണ്ടിരിക്കാൻ പറ്റുന്നതാവുന്നത്. ഈ ചിത്രംകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുകയാണെങ്കിൽ അത് ഈ യുവ നടിക്ക് മാത്രമായിരിക്കും.ഒരിടത്തും ഓവറാകതെ നിയന്ത്രിത അഭിനയംകൊണ്ട് മെറീന, പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നു. സാധാരണയായി മലയാള സിനിമയിൽ കാണുന്ന നായികാനായക ദ്വന്ദ്വത്തിന്റെ പതിവ് ഫോർമാറ്റ് ഇല്ല എന്നതാണ് ഈ പടം മുന്നോട്ടുവെക്കുന്ന പുരോഗമനപരമായ അംശം. അതിന് സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

ഇവിടെ നായികയല്ല, പ്രതിനായികയാണ്. അതും കൈ്‌ളമാകസിൽ നന്നാവുന്ന നായികയുമല്ല. ഉടനീളം അങ്ങനെതന്നെ. ഇതിനെ ഭാവനയിലൂടെ കാൽപ്പനികവത്ക്കരിച്ച് അനാവശ്യമായി പാട്ടുകൾ കുത്തിക്കയറ്റി ബോറടിക്ക് ആക്കംകൂട്ടാത്തതിലും സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.നായകനും നായികയും തമ്മിൽ കൈ്‌ളമാക്‌സിൽ ഒരു ട്വിസ്റ്റ് സീനുണ്ട്. അവിടെമാത്രമാണൊന്ന് കൈയടിച്ച് പോയത്.

സത്യത്തിൽ സ്ത്രീകളുടെ നെഗറ്റീവ് വേഷങ്ങൾ വികസിപ്പിക്കാൻ മലയാളസിനിമക്ക് ഇനിയും കാര്യമായി കഴിഞ്ഞിട്ടില്ല. എ.ടി.എസും അതുമിതുമായി കെട്ടിത്തിരിയുന്നതിന് പകരം ഈ പ്രതിനായികയെ വികസിപ്പിച്ചെടുത്താൽ ഒന്നാന്തരം പടം ആവുമായിരുന്നു. പിന്നെ എടുത്തുപറയേണ്ടത് ചിത്രത്തിന്റെ കാമറയാണ്.മുംബൈയിലെ സബർബൻ കാഴ്ചകളും ചേരികളുമൊക്കെ വ്യത്യസ്തമായ ആംഗിളുകളിൽ എടുത്ത നൂറുദ്ദുൻ ബാവ അഭിനന്ദനം അർഹിക്കുന്നു.

വാൽക്കഷ്ണം: കടുത്ത അന്ധവിശ്വാസികളായ നമ്മുടെ സിനിമാക്കാർക്കിടയിൽ അറംപറ്റിപ്പോവുന്നതിനെപറ്റി വലിയ ആശങ്കയാണത്രേ. ഒരുകഥാപാത്രം മരിക്കുന്ന ഷോട്ട് എടുത്താൽ, അത് അറംപറ്റാതിരക്കാൻ പിന്നീട് അയാൾ ചിരിച്ചുനിൽക്കുന്ന ഒരു ഷോട്ടുകൂടിയെടുത്ത് കട്ട് ചെയ്യുകയാണ് പതിവ്.ഈ സിനിമയിൽ ഒരു ഡയലോഗ് നോക്കുക. ബാദുഷ ചെയ്ത ടാക്‌സിക്കാരൻ താൻ ദീർഘകാലംമുമ്പ് കേരളം വിട്ടതാണെന്ന് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു.'ഒരു തിരിച്ചുവരവാണെന്റെ ലക്ഷ്യം. പക്ഷേ നാട്ടുകാർക്ക് പഴയ താൽപ്പര്യമുണ്ടാവുമോ എന്നൊരു സംശയം.' ആ ഡയലോഗ് എതായാലും അറംപറ്റിയിട്ടുണ്ട്. നാട്ടുകാർക്ക് ഈ പടത്തോട് യാതൊരു താൽപ്പര്യവുമില്ല! ചിലപ്പോൾ ഇങ്ങനെയും അറംപറ്റാം.