മുംബൈ: രാജ്യത്ത് ഡൽഹി മോഡൽ പീഡനം വീണ്ടും. മുംബൈയിലെ സാക്കിനാക്കയിൽ നിർത്തിട്ട ടെംമ്പോ വാഹനത്തിൽ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കി. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ് പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തിൽ പ്രതിയായ മോഹൻ ചൗഹാനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡിൽ ഒരു യുവാവ് യുവതിയെ മർദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ലഭിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

റോഡിന് വശത്തായി നിർത്തിയിട്ട ടെംമ്പോ വാഹനത്തിനുള്ളിലാണ് യുവതി അതിക്രൂര പീഡനം നേരിട്ടത്. പ്രാഥമിക അന്വേഷണത്തിൽ വാഹനത്തിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.